പണം ‘വിഴുങ്ങാൻ’ വ്യാജ ബാങ്ക് സന്ദേശങ്ങൾ
text_fieldsമലപ്പുറം: ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ‘വിഴുങ്ങാൻ’ വ്യാജ ഫോൺ സന്ദേശങ്ങൾ വ്യാപിക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറുകളിലേക്ക് നിരന്തരമായി വ്യാജ സന്ദേശങ്ങൾ വരുന്ന പരാതികൾ കൂടിവരികയാണ്. താങ്കളുെട അക്കൗണ്ടിൽ ഒരുനിശ്ചിത തുക കയറിയിട്ടുണ്ടെന്ന് താഴെയുള്ള ലിങ്കിൽ പോയി ബാലൻസ് അറിയാം, ലോട്ടറി, കാർ സമ്മാനം, സ്വർണ സമ്മാനം തുടങ്ങി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകളാണ് പലർക്കും വരുന്നത്.
വ്യാജ സന്ദേശങ്ങളോടും ഫോൺവിളികളോടും പ്രതികരിക്കുന്നതുവഴി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ തുടർക്കഥയാണ്. സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേരള പൊലീസിെൻറ സൈബർസെൽ ഉദ്യോഗസ്ഥരും പറയുന്നു.
ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങളും നൽകുന്നുണ്ടെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതയോടെ നിൽക്കാൻ എല്ലാ ഉപഭോക്താക്കളും ശ്രമിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന െസക്രട്ടറി എബ്രഹാം ഷാജി ജോൺ പറഞ്ഞു.
മുൻകരുതലുകൾ
വ്യാജ സന്ദേശങ്ങളോടും അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുള്ള വിളികളോടും പ്രതികരിക്കാതിരിക്കുക. എ.ടി.എം നഷ്ടപ്പെട്ടാൽ ഉടൻ ബ്ലോക്ക് ചെയ്യുക. കൃത്യമായ ഇടവേളകളിൽ ഇൻറർനെറ്റ് ബാങ്കിങ് പാസ്വേഡ് മാറ്റുക. പോസ്റ്റ് ലോഗിൻ പേജിലെ അവസാന ലോഗിൻ തീയതിയും സമയവും എല്ലായ്പ്പോഴും പരിശോധിക്കുക. സൈബർ കഫേകളിൽനിന്നോ ഷെയർ ചെയ്യുന്ന പി.സികളിൽ നിന്നോ ഇൻറർനെറ്റ് ബാങ്കിങ് അക്കൗണ്ടുകൾ ആക്സസ് ചെയ്യുന്നത് ഒഴിവാക്കുക.
സ്വകാര്യ പാസ്വേഡുകളും മറ്റുവിവരങ്ങളും ഫോണിൽ സൂക്ഷിക്കാതിരിക്കുക. വ്യാജ എസ്.എം.എസ്, ഇ-മെയിൽ സന്ദേശത്തിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഓൺലൈൻ ബാങ്കിങ് വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷനുകളിൽ വിശ്വാസ്യതയുള്ളവ മാത്രം ഡൗൺലോഡ് ചെയ്യുക. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, പാസ്വേഡ് അല്ലെങ്കിൽ ഒറ്റത്തവണ പാസ്വേഡ് തുടങ്ങിയ ലഭിക്കുന്നതിന് ഇ-മെയിൽ അല്ലെങ്കിൽ എസ്.എം.എസ് അയക്കുകയോ ഉപഭോക്താക്കളെ ഫോണിലൂടെ വിളിക്കുകയോ ഇല്ലെന്ന് ബാങ്കുകളെല്ലാം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.