ധനകമീഷനെതിരെ തെക്കൻ സംസ്ഥാനങ്ങൾ ഒരുമിക്കുന്നു
text_fieldsന്യൂഡൽഹി: തെക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്നുള്ള നികുതിവരുമാന വിഹിതം വൻതോതിൽ കുറയാൻ കാരണമാക്കുന്ന 15ാം ധനകമീഷെൻറ പരിഗണന വിഷയങ്ങൾ മാറ്റിനിശ്ചയിക്കാൻ സമ്മർദം. ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമായി ധനകമീഷന് കേന്ദ്രം നൽകിയ മാർഗനിർദേശങ്ങൾക്കെതിരെ ധനമന്ത്രി തോമസ് െഎസക് മുൻകൈയെടുത്ത് ഏപ്രിൽ 10ന് തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ദക്ഷിണ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നവിധത്തിൽ ധനകമീഷന് നിശ്ചയിച്ചുനൽകിയ പരിഗണന വിഷയങ്ങൾ പുതുക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ആന്ധ്രപ്രദേശ്, കർണാടക ധനമന്ത്രിമാർ 10ന് നടക്കുന്ന യോഗത്തിനെത്തുമെന്ന് മന്ത്രി തോമസ് െഎസക് പറഞ്ഞു. മറ്റു ദക്ഷിണ സംസ്ഥാനങ്ങളും വാക്കാൽ പങ്കാളിത്തം ഉറപ്പു നൽകിയിട്ടുണ്ട്. പരിഗണനാ വിഷയങ്ങൾ പുതുക്കിയില്ലെങ്കിൽ കേരളത്തിന് 15,000 കോടി നഷ്ടം വരുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി വരുമാനത്തിെൻറ പങ്ക് കേന്ദ്രത്തിെൻറ അധികാരമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണെന്ന് വ്യക്തമാക്കിയ മന്ത്രി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവയാണ്: മുൻഗണന മേഖലകൾ നിശ്ചയിച്ചു നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് സ്വാതന്ത്ര്യം വേണം. നികുതി വരുമാനത്തിൽനിന്നുള്ള കേന്ദ്രവിഹിതം അതിനനുസരിച്ച് കിട്ടണം. കേന്ദ്രത്തിെൻറ പ്രമുഖ പദ്ധതികൾക്കുള്ള ചെലവുകൾക്ക് പ്രഥമ പരിഗണനയെന്ന നിർദേശം സ്വീകാര്യമല്ല.
സംസ്ഥാനം എന്തുചെയ്യണമെന്ന് കേന്ദ്രം നിർദേശിക്കുകയും അതു ചെയ്യുന്നവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന രീതി പറ്റില്ല. നിബന്ധനകളില്ലാത്ത ധനവിന്യാസത്തെക്കുറിച്ചാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ധനകമ്മി കുറക്കാനും സാമ്പത്തിക ഉത്തരവാദിത്തം കർക്കശമാക്കാനും കേന്ദ്രത്തിെൻറ പുതിയ ഉപകരണമായി മാറുകയാണ് ധനകമീഷൻ. പുതിയ നിബന്ധനകൾ അടിച്ചേൽപിച്ചാൽ സംസ്ഥാനതല വികസനകാര്യങ്ങൾ ഏറ്റെടുക്കാൻ പ്രയാസമാകും.
ജനപ്രിയ നടപടികൾക്കു മൂക്കുകയറിടാനും കേന്ദ്രം ഒരുങ്ങുന്നു. ഏതു പദ്ധതി ജനപ്രിയമാണ്, അല്ല എന്ന് കേന്ദ്രം തീരുമാനിക്കേണ്ട. ഒാരോ സംസ്ഥാനത്തിനും ഇണങ്ങുന്ന പദ്ധതികൾ കേന്ദ്രത്തിന് ദഹിക്കുന്നതാകണമെന്നില്ല.
മെച്ചപ്പെട്ട പ്രവർത്തനത്തിലൂടെ പുരോഗതി നേടിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന പ്രവണത കേന്ദ്രവിഹിതം നിർണയിക്കുന്നതിലുണ്ട്. നേടിയ പുരോഗതിയുടെ പേരിൽ വിഹിതം കുറഞ്ഞാൽ അടുത്തഘട്ട വികസനത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യരംഗത്ത് വടക്കൻ സംസ്ഥാനങ്ങളെക്കാൾ കേരളം പുരോഗതി നേടിയെങ്കിലും, ചികിത്സച്ചെലവ് ഭാരിച്ചതാണ്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്തു വിഹിതം നിശ്ചയിക്കണം.
നികുതി വിഹിതത്തിനു പുറമെ വരുമാനക്കുറവ് കണക്കിലെടുത്ത് പ്രത്യേക സഹായം നൽകുന്നതിനുള്ള വ്യവസ്ഥ ഇല്ലാതാക്കാൻ നീക്കമുണ്ട്. ഇത് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.