‘ഫിനേബ്ലർ’: ഡോ. ബി.ആർ. ഷെട്ടിയുടെ നേതൃത്വത്തിൽ പുതിയ ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി
text_fieldsദുബൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബി.ആർ. ഷെട്ടി തെൻറ ഉടമസ്ഥതയിലെ എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച് ‘ഫിനേബ്ലർ’ എന്ന ഹോൾഡിങ് കമ്പനി രൂപവത്കരിക്കുന്നു. യു.കെയിൽ റജിസ്റ്റർ ചെയ്ത് യു.എ.ഇ ആസ്ഥാനമായി നിലവിൽ വരുന്ന ‘ഫിനേബ്ലർ’ ഹോൾഡിങ്സിനു കീഴിലാണ് യു.എ.ഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുക.
നൂതന സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നൽകുവാനാണ് ലക്ഷ്യമിടുന്നതെന്ന് ‘ഫിനേബ്ലർ’ പ്രഖ്യാപന ചടങ്ങിൽ ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി വ്യക്തമാക്കി. ഗവേഷണത്തിനും സാങ്കേതികവത്കരണത്തിനും വലിയ നിക്ഷേപം നടത്തി തങ്ങളുടെ ബ്രാൻഡുകളിൽ വിപ്ലവകരമായ സേവന സൗകര്യങ്ങൾ ആവിഷ്കരിക്കുമെന്നും നാല്പതിലേറെ വർഷങ്ങളായി ഉപഭോക്തൃസമൂഹം പുലർത്തുന്ന വിശ്വാസവും അർപ്പണബോധമുള്ള പതിനെട്ടായിരത്തിലേറെ ജീവനക്കാരുമാണ് ഇൗ മാറ്റത്തിനുള്ള ഉൗർജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ ഒഴികെയുള്ള സ്ഥലങ്ങളിലെ യു.എ.ഇ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ‘യൂണിമണി’ എന്ന പുതിയ നാമത്തിൽ അവതരിപ്പിക്കും.
നിലവിൽ പ്രതിവർഷം 150 ദശലക്ഷം ഇടപാടുകളാണ് ഇൗ സ്ഥാപനങ്ങൾ മുഖേന നടക്കുന്നത്. 45 രാജ്യങ്ങളിൽ നേരിട്ടും 165 രാജ്യങ്ങളിൽ ശൃംഖലകൾ വഴിയും സേവനം നൽകുന്നു.
വ്യവസായത്തിലെ പുതു പ്രവണതകളും സാധ്യതകളും കണ്ടെത്തി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഇന്നവേഷൻ ഹബുകൾക്ക് തുടക്കമിടുമെന്ന് പ്രഖ്യാപന ചടങ്ങിൽ ‘ഫിനേബ്ലർ’ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബിനയ് ഷെട്ടി, പ്രമോദ് മങ്ങാട്ട് എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.