ഇന്ധനവിലയിൽ പൊറുതിമുട്ടി പൊതുജനം
text_fieldsകൊച്ചി: ഡീസൽ വില സർവകാല റെക്കോഡിൽ എത്തിനിൽക്കെ സംസ്ഥാനത്ത് റെക്കോഡ് ഭേദിക്കാൻ ഒരുങ്ങുകയാണ് പെട്രോൾ വില. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 78.52 രൂപയിലും ഡീസലിന് 71.33 രൂപയിലുമെത്തി. കൊച്ചിയിൽ യഥാക്രമം 77.15, 70.08 എന്നിങ്ങനെയാണ് വില. രണ്ട് ദിവസത്തിനകം കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോൾ വില സർവകാല റെക്കോഡിലെത്തുമെന്നാണ് സൂചന. 2013 സെപ്റ്റംബറിൽ 78.50 രൂപയായതാണ് തിരുവനന്തപുരത്ത് ഇതുവരെയുള്ള പെട്രോളിെൻറ കൂടിയ വില. കോഴിക്കോട്ട് പെട്രോളിന് 77.55 രൂപയും ഡീസലിന് 70.49 രൂപയുമാണ് വില. വയനാട്ടിൽ ഇത് യഥാക്രമം 78.30 രൂപ, 71.11 രൂപ എന്നിങ്ങനെയാണ്.
ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നികുതി കുറക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാണ്. ഇക്കാര്യം പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും നികുതി കുറക്കേണ്ടെന്നാണ് തീരുമാനം. മറ്റ് രീതിയിലുള്ള വരുമാനക്കുറവ് ഇന്ധനനികുതിയിലൂടെ നികത്താനാണ് കേന്ദ്രത്തിെൻറ ശ്രമം.
വില എത്ര ഉയർന്നാലും വാങ്ങാൻ നിർബന്ധിതനാകുന്ന ഉപഭോക്താവിെൻറ നിസ്സഹായാവസ്ഥ മുതലെടുത്ത് എണ്ണക്കമ്പനികളും കേന്ദ്ര-സംസ്ഥാന സർക്കാറുകളും കൊള്ളലാഭമുണ്ടാക്കുകയാണ്. പ്രതികരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറാകുന്നുമില്ല. ദക്ഷിണേഷ്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില ഇന്ത്യയിലാണ്. പാകിസ്താനിൽ 47.04 രൂപക്കും ബംഗ്ലാദേശിൽ 68.08 രൂപക്കും നേപ്പാളിൽ 64.78 രൂപക്കും ശ്രീലങ്കയിൽ 48.94 രൂപക്കും ഒരു ലിറ്റർ പെട്രോൾ കിട്ടും.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകളുടെ 48 ശതമാനവും നികുതിയാണ്. നികുതി കുറക്കുകയോ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുകയോ മാത്രമാണ് വില കുറക്കാനുള്ള പോംവഴിയെന്നും നിലവിലെ സാഹചര്യം ഉപഭോക്തൃ വിലസൂചിക ഉയരാൻ ഇടയാക്കുമെന്നും കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്സ് വിഭാഗം മേധാവി പ്രഫ. എസ്. ഹരികുമാർ പറയുന്നു.
പെട്രോൾ-, ഡീസൽ വിലകളുടെ അന്തരം 2014 ഏപ്രിലിൽ 16.35 രൂപയായിരുന്നു. ഇന്നത് 7.14 രൂപ മാത്രമാണ്. തോന്നിയപോലെ വില കൂട്ടി ഉപഭോക്താക്കളെ പിഴിയുേമ്പാൾ കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും കഴിഞ്ഞവർഷങ്ങളിൽ ഉണ്ടാക്കിയത് കോടികളുടെ ലാഭമാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞതിലൂടെ മാത്രം കഴിഞ്ഞ നാലുവർഷത്തിനിടെ കേന്ദ്ര സർക്കാറിനുണ്ടായ ലാഭം 13 ലക്ഷം കോടി. എണ്ണ വില താഴ്ന്നപ്പോഴൊക്കെയും അതിെൻറ നേട്ടം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ കേന്ദ്രം എക്സൈസ് നികുതി തന്ത്രപൂർവം ഉയർത്തി.
കേന്ദ്രത്തിന് നികുതി വരുമാനമായി 2017-18ൽ 2,57,850 കോടി ലഭിച്ചു. ഇന്ധനവിലയുടെ നികുതിയിനത്തിൽ 2016--17ൽ സംസ്ഥാന സർക്കാറിന് ലഭിച്ചത് 1,66,378 കോടി. ക്രൂഡ്ഒായിൽ വിലയിടിവിലൂടെ സബ്സിഡി ഇനത്തിൽ നൽകേണ്ട തുകയിൽ നാലുവർഷം കൊണ്ട് 1.97 കോടി ലാഭിക്കാനും കേന്ദ്രത്തിന് കഴിഞ്ഞു. ഇന്ധനവില വർധനക്കെതിരെ 2011, 2012 വർഷങ്ങളിൽ അഞ്ച് ഹർത്താൽ നടന്ന സ്ഥാനത്ത് ഇപ്പോൾ ഇത്തരം പ്രതിഷേധങ്ങളൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.