ഇന്ധന വില വർധിപ്പിക്കരുതെന്ന് എണ്ണ കമ്പനികളോട് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ വീണ്ടും വില വർധിപ്പിക്കരുതെന്ന് പൊതുമേഖല എണ്ണകമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയെന്ന് റിപ്പോർട്ട്. എണ്ണവിലയിലുണ്ടായ കുറവുമൂലം കമ്പനികൾക്കുണ്ടായ ലാഭം കൊണ്ട് വില വർധിപ്പിക്കാതെ തൽക്കാലം മുന്നോട്ട് പോവാനാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം.
ഏപ്രിൽ ഒന്നിന് രാജ്യത്തെ പെട്രോൾ വില നാല് വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 73.73 രൂപയിലെത്തിയിരുന്നു. ഡൽഹിയിൽ ഡീസൽ വില ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 64.58ലും എത്തിയിരുന്നു. ഇതിന് പിന്നാലെ എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ സർക്കാർ നികുതി കുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ എണ്ണവിലയുള്ളത് ഇന്ത്യയിലാണ്. എണ്ണവിലയിൽ പകുതിയും നികുതിയാണ്. ഇതാണ് നികുതി കുറക്കണമെന്ന ആവശ്യം ഉയർന്നുവരാൻ കാരണം. അതേ സമയം, പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ ഒരു രൂപ നഷ്ടത്തിലാണ് ഡീസലും, പെട്രോളും വിൽക്കുന്നതെന്ന് റിപ്പോർട്ടുകളുമായി ചില ദേശീയ മാധ്യമങ്ങൾ രംഗത്തുണ്ട്. ഇൗ കമ്പനിയിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.