സ്വർണക്കടത്തിെൻറ കാരണം അമിത നികുതിയോ? ചുങ്കം കുറച്ചാൽ കടത്ത് കുറയുമോ?
text_fieldsതിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിൽ സ്വർണം കടത്തിയതോടെ മഞ്ഞലോഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്വർണകടത്തിലെ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെ കരാർ ജീവനക്കാരിയാണെന്ന് വ്യക്തമായതോടെ ഇത് സർക്കാറിനേയും പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. സ്വപ്നയുമായി ബന്ധമുള്ള ഐ.ടി സെക്രട്ടറി ശിവശങ്കരൻെറ സ്ഥാനചലനത്തിനും സ്വർണകടത്ത് കേസ് കാരണമായി. സ്വർണം വീണ്ടും ചർച്ചകളിൽ നിറയുേമ്പാൾ ഇന്ത്യയിൽ നില നിൽക്കുന്ന ഉയർന്ന നികുതിയാണ് കടത്തിനുള്ള പ്രധാന കാരണമെന്ന വിമർശനം ശക്തമാവുകയാണ്.
ഓരോ വർഷവും 800 മുതൽ 1000 ടൺ വരെയാണ് ഇന്ത്യയിലേക്ക് എത്തുന്ന സ്വർണം. ഇതിൻെറ പതിന്മടങ്ങാണ് കള്ളക്കടത്ത്. വിമാനത്താവളങ്ങൾ, കടൽമാർഗം, രാജ്യാതിർത്തികൾ വഴിയാണ് കള്ളക്കടത്തു സ്വർണം വരുന്നത്. ഇതിൽ വിമാനത്താവളങ്ങളിൽ വരുന്നത് മാത്രമാണ് വല്ലപ്പോഴും പിടിക്കപ്പെടുന്നത്. 12.5 ശതമാനമാണ് സ്വർണത്തിൻെറ ഇറക്കുമതി ചുങ്കം. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും നൽകണം. ഒരു കിലോ സ്വർണക്കട്ടിക്ക് നികുതിയെല്ലാമുൾപ്പെടെ വില അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് 7 ലക്ഷം രൂപയിലധികമാണ് ലാഭം.
വിമാനത്താവള ഉദ്യോഗസ്ഥരും പൊലീസും കള്ളക്കടത്തു സംഘങ്ങളും ചേർന്നുള്ളവർക്ക് ഭരണത്തിൻെറ തണൽക്കൂടിയാകുമ്പോൾ കള്ളക്കടത്ത് നിർബാധം തുടരുന്നു. ഓരോ വിമാനത്തിലും കൂടുതൽ കാരിയേർസ് ഉണ്ടാകും. അവരിലൊരാളെ ഇവർ തന്നെ ഒറ്റുകൊടുത്ത് പിടിപ്പിക്കുന്നു. അത് വാർത്തയാകുന്നു. മറ്റ്കാരിയർമാർ ഉദ്യോഗസ്ഥ സഹായത്തോടെ രക്ഷപ്പെടുന്നു. പിടിക്കപ്പെടുന്ന കാരിയർ ഉടൻ തന്നെ 12.5% ഇറക്കുമതി ചുങ്കവും 3 ശതമാനം സർച്ചാർജും അടച്ച് സ്വർണവുമായും പോകുന്നു.
3 കോടി രൂപയ്ക്ക് മുകളിലാണെങ്കിൽ മാത്രമേ കേസ് എടുത്ത് സ്വർണം പിടിച്ചെടുക്കുകയുള്ളു. അതിനാൽ കേസ് എടുക്കാവുന്ന തുകയ്ക്കു താഴെയുള്ള തൂക്കവുമായിട്ടാവും കൂടുതൽ കാരിയേഴ്സും സ്വർണം കടത്തുക. പിടിക്കപ്പെട്ടാൽ ഇറക്കുമതി ചുങ്കവും സർച്ചാർജും കൊടുത്ത് രക്ഷപെടുന്നതിന് വേണ്ടിയാണിത്.
ഇങ്ങനെ ഇറക്കുമതിച്ചുങ്കം അടച്ച സ്വർണം എവിടെ കൊണ്ടു പോകുന്നു, ആരാണ് ആഭരണം നിർമ്മിക്കുന്നത്, എവിടെയാണ് വിൽക്കപ്പെട്ടുന്നത് ഇതൊക്കെ അന്വേഷിക്കേണ്ടത് ജി.എസ്.ടി ഉദ്യോഗസ്ഥരാണ്. ഇവർ ഇതിനൊന്നും മുതിരാറില്ല.
2,00000 കോടി രൂപയുടേതാണ് അനധികൃത സ്വർണ വ്യാപാര മേഖല. സമാന്തര മേഖലയെ തൊടാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. എന്നാൽ, രജിസ്ട്രേഷൻ ഉള്ള വ്യാപാരികളെ ഇവർ നിരന്തരം പീഡിപ്പിക്കുകയാണെന്ന പരാതി ശക്തമാണ്. 2004 ൽ സ്വർണത്തിൻെറ ഇറക്കുമതിച്ചുങ്കം രണ്ട് ശതമാനമായിരുന്നത് 10 ശതമാനമായാണ് വർധിപ്പിച്ചത്. നികുതി വരുമാനം വർധിപ്പിക്കാനാണ് നീക്കമെന്നാണ് കേന്ദ്ര സർക്കാർ അന്ന് പറഞ്ഞത്.
എന്നാൽ, കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതിയേക്കാൾ കുടുതൽ നികുതി നഷ്ടമാണ് ഇത് മൂലം സംഭവിക്കുന്നത്.കള്ളക്കടത്ത് അനാകർഷകമാക്കാൻ കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ, നികുതി രണ്ട് ശതമാനം ആക്കുകയോയാണ് വേണ്ടതെന്ന് ഓൾ ഇന്ത്യ ജെം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.