കൽക്കരി ഖനനവും വിൽപനയും സ്വകാര്യ മേഖലക്ക്
text_fieldsഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിെൻറ കുത്തക അവസാനിപ്പിച്ച് കൽക്കരി ഖനനവും വിൽപനയും സ്വദേശ, വിദേശ സ്വകാര്യ കമ്പനികൾക്ക്. സ്വകാര്യ കമ്പനികൾക്ക് കൽക്കരി ഖനികൾ ലേലം ചെയ്യുന്നതിെൻറ നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 41 വർഷമായി വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്തു വരുന്ന കോൾ ഇന്ത്യയാണ് ഇപ്പോൾ 80 ശതമാനം കൽക്കരിയുടെയും വിൽപന നടത്തുന്നത്. വൈദ്യുതി, ഉരുക്ക്, അലൂമിനിയം ഉൽപാദനത്തിന് സ്വകാര്യ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങൾക്കുമായി 29 ഖനികൾ 2014ൽ ലേലം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ തീരുമാനം വഴി കൽക്കരിയുടെ വാണിജ്യപരമായ ഖനനവും തുറന്ന വിപണിയിൽ വിൽക്കാനുള്ള അനുമതിയുമാണ് സ്വകാര്യ കമ്പനികൾക്ക് കിട്ടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റ ബന്ധമുള്ള വ്യവസായി ഗൗതം അദാനി ആസ്ട്രേലിയയിൽ കൽക്കരി ഖനനം നടത്താനും ഇന്ത്യയിലേക്കും മറ്റും ഇറക്കുമതി ചെയ്യാനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു നിൽക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനികൾക്ക് ഖനന-വിൽപന അനുമതിക്കുള്ള മന്ത്രിസഭ തീരുമാനം.
ഖനന ലേലത്തിൽ നിന്നുള്ള വരുമാനം ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ലഭിക്കും. കേന്ദ്രത്തിന് വിഹിതമില്ല. മത്സരം വരുന്നത് പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്നാണ് സർക്കാർ വിശദീകരണം. കൽക്കരിയുടെ ഇറക്കുമതി കുറക്കാം. കൽക്കരിയുടെ കാര്യത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതുകൂടിയാണ് തീരുമാനമെന്ന് സർക്കാർ പറയുന്നു. ലേലം ചെയ്യുന്ന ഖനികൾ ഏതൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.