കണക്കില്ലാതെ ഇന്ധനവില; കണ്ണടച്ച് സർക്കാർ
text_fieldsകൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കണ്ണടച്ചതോടെ ഇന്ധനവില കണക്കില്ലാതെ മേലേക്ക്. ദിവസവും ലിറ്ററിന് പത്ത് മുതൽ അമ്പത് പൈസവരെ വില കൂടുകയാണ്. ഒരു മാസത്തിനിടെ പെട്രോൾ വില ലിറ്ററിന് 1.10 രൂപയും ഡീസലിന് 2.04 രൂപയും കൂടി. മുൻകാലങ്ങളിലെപ്പോലെ ജനകീയ പ്രതിഷേധം ഉയരാത്തത് കേന്ദ്ര, സംസ്ഥാന സർക്കാറുകളും എണ്ണക്കമ്പനികളും മുതലെടുക്കുകയാണ്.
വില ദിവസവും മാറുന്ന സമ്പ്രദായം 2017 ജൂൺ 16ന് നിലവിൽ വന്നതോടെയാണ് ഇന്ധനവിലയിൽ കുതിപ്പ് തുടങ്ങിയത്. വിലനിർണയത്തിൽ ഇടപെടാനോ നികുതി കുറക്കാനോ തയാറല്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 72.99 രൂപയും ഡീസലിന് 63.48 രൂപയുമായിരുന്നു. ഞായറാഴ്ച ഇത് യഥാക്രമം 74.09 രൂപയും 65.52 രൂപയുമാണ്. കൊച്ചിയിൽ ഒരു മാസം മുമ്പ് 71.72 രൂപയും 62.28 രൂപയുമായിരുന്ന വിലകൾ ഇപ്പോൾ യഥാക്രമം 72.81 രൂപയിലും 64.28 രൂപയിലും എത്തി.
ഒരു വർഷം മുമ്പ് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിലെ അന്തരം ശരാശരി 11.50 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 8.50 രൂപ മാത്രമാണ്. വൈകാതെ അന്തരം നാമമാത്രമാകുമെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിലിൽ അസംസ്കൃത എണ്ണ വില ബാരലിന് (159 ലിറ്റർ) 52.49 ഡോളറായിരുന്നു. ഇപ്പോഴത് 67.62 ഡോളറാണ്. ഇന്ധനവില വർധനക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. എന്നാൽ, 2014 മാർച്ചിൽ അസംസ്കൃത എണ്ണ വില 108.6 ഡോളറായിരുന്നപ്പോൾ പെട്രോളിന് ലിറ്ററിന് 73.16 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഒരു ഘട്ടത്തിൽ 30 ഡോളർ വരെ താഴ്ന്നപ്പോഴും ഇന്ധനവിലയിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. പ്രമുഖ അസംസ്കൃത എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറച്ചതും മറ്റു ചില രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് വില ഉയരാൻ കാരണം.
മൂന്നുവർഷത്തിനിടെ പെട്രോൾ, ഡീസൽ നികുതിയിൽ ഗണ്യമായ വർധനയാണ് കേന്ദ്രം വരുത്തിയത്. എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 2014ൽ 9.20 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നത് ഇപ്പോൾ യഥാക്രമം 21.48ഉം 17.33ഉം രൂപയാണ്. പെട്രോളിെൻറ അടിസ്ഥാന വിലയിൽ ഏർപ്പെടുത്തിയിരുന്ന വാറ്റ് ലിറ്ററിന് 20 ശതമാനത്തിൽനിന്ന് 27 ആയും ഡീസലിന് 12.5 ശതമാനത്തിൽനിന്ന് 16.75 ആയും ഉയർത്തി. 2016--17 പെട്രോൾ, ഡീസൽ നികുതിയിനത്തിൽ മാത്രം സർക്കാർ ഖജനാവിലെത്തിയത് 5.24 ലക്ഷം കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.