സഞ്ചാരത്തിലെ വിനോദവും കുറക്കുന്നു ജി.എസ്.ടി
text_fieldsവിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് യാത്രയും സന്ദർശനങ്ങളും ആസ്വാദ്യകരമാവുക മിതമായ ചെലവിൽ മികച്ച സൗകര്യങ്ങൾ ലഭിക്കുേമ്പാഴാണ്. എന്നാൽ, ജി.എസ്.ടി നടപ്പായി ഒന്നരമാസം പിന്നിടുേമ്പാൾ, വിനോദസഞ്ചാരത്തിലെ വിനോദവും പോയിപ്പോകുന്നു എന്നാണ് ഇൗ മേഖലയിലെ സംരംഭകരുടെ വിലാപം. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെതന്നെ വിനോദസഞ്ചാര മേഖലയിൽ മ്ലാനതയാണ്. മൺസൂൺ ടൂറിസം വേണ്ടത്ര ലഭിക്കുന്നില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഹോട്ടൽ മുറികൾ ഒഴിഞ്ഞുകിടപ്പാണ്. മഴ ആസ്വദിക്കാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുന്ന ‘മൺസൂൺ ടൂറിസം’ കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായി വേണ്ടത്ര ഫലിക്കുന്നില്ല. ഇതിനിടയിലാണ് ജി.എസ്.ടിയുടെ വെള്ളിടിയും.
ജി.എസ്.ടി നടപ്പിൽവന്നതോടെ വിനോദസഞ്ചാര മേഖല നേരിടുന്ന പ്രതിസന്ധികൾ വിശദീകരിക്കൻ ഇൗ രംഗത്തെ സംരംഭകരെ പ്രതിനിധാനംചെയ്യുന്ന കേരള ട്രാവൽ മാർട്ട് പ്രതിനിധികൾ കഴിഞ്ഞദിവസം കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശര്‍മ, ടൂറിസം സെക്രട്ടറി രശ്മി ശര്‍മ, ജി.എസ്.ടി കൗണ്‍സില്‍ അധ്യക്ഷന്‍, ഉദ്യോഗസ്ഥര്‍, എം.പിമാര്‍ തുടങ്ങിയവരെ സന്ദർശിച്ചിരുന്നു. ജിഎസ്.ടിക്ക് മുമ്പും ശേഷവുമുള്ള നികുതി നിരക്കുകളുടെ പട്ടികയും അന്താരാഷ്ട്രരംഗത്തെ താരതമ്യവുമൊക്കെ വിശദീകരിച്ച്, വിനോദസഞ്ചാര സേവനങ്ങൾക്കുള്ള ജി.എസ്.ടി നിരക്ക് കുറക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സന്ദർശനം.
നേരത്തെ, 19 ശതമാനമായിരുന്നു ടൂറിസം മേഖലയിലെ വിവിധ സേവനങ്ങൾക്കുള്ള നികുതി. ജി.എസ്.ടി വന്നതോടെ അത് 28 ശതമാനമായി എന്നാണ് പരാതി. ടൂറിസം രംഗത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യമായി ഇന്ത്യെയന്നാണ് കെ.ടി.എം ഭാരവാഹികളുടെ വിശദീകരണം. നികുതി ഇരട്ടിയോളമായപ്പോൾ ചെലവ് കുത്തനെ കൂടി. ഇതോടെ വിദേശസഞ്ചാരികളുടെ ബുക്കിങ്ങുകൾ പലതും റദ്ദായിത്തുടങ്ങി. നികുതി കുറഞ്ഞ രാജ്യങ്ങളിലേക്ക് പലരും ട്രാവൽ പ്ലാൻ മാറ്റുകയാണ്. ഇന്ത്യ സന്ദർശിക്കാനിരുന്ന പലരും ശ്രീലങ്കയും സിംഗപ്പൂരുമൊക്കെ തിരഞ്ഞെടുക്കാൻ തുടങ്ങി.
വിദേശസഞ്ചാരികൾ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന ഹൗസ് ബോട്ട് രംഗത്ത് നികുതി ചുമത്തുന്നത് സംബന്ധിച്ച് അവ്യക്തതയുമുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽതന്നെ ആശയക്കുഴപ്പം നിലനിൽക്കുന്നു. പട്ടികയില്‍പെടാത്ത വ്യവസായമെന്ന നിലയില്‍ 18 ശതമാനം നികുതി ഹൗസ് ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തണമെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വാദിക്കുമ്പോള്‍ ലോഡ്ജിങ് സൗകര്യമുള്ളതിനാല്‍ 28 ശതമാനം നികുതി ഈടാക്കണമെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു. നികുതി അഞ്ച് ശതമാനമാക്കണമെന്നാണ് സംരംഭകരുടെ ആവശ്യം.
28 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലാണ്. നവംബറിൽ നോട്ട് നിരോധനം വന്നതോടെ തന്നെ വലിയൊരു ശതമാനം ബുക്കിങ് റദ്ദായിരുന്നു. വിനോദസഞ്ചാര രംഗത്ത് ഏറ്റവും പ്രമുഖ സീസണായി കരുതപ്പെടുന്ന ഡിസംബറിൽ മിക്ക ഹോട്ടലുകളിലും മുറികൾ കാലിയായിരുന്നു. വിനോദസഞ്ചാര രംഗം ഒന്ന് ഉണർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് ജി.എസ്.ടിയുടെ പേരിലുള്ള നിരക്ക് വർധനവ്. ഇതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.