ജി.എസ്.ടി: നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കും
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതിയിൽ (ജി.എസ്.ടി) സർക്കാർ വീണ്ടും അഴിച്ചുപണിക്ക് ഒരുങ്ങുന്നു. 28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തി സാധാരണക്കാരെൻറ കൈപൊള്ളിച്ച ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഇൗ മാസം 10ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേരുന്ന ജി.എസ്.ടി അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.
ജി.എസ്.ടി വരുന്നതിനുമുമ്പ് നികുതിരഹിതമായിരുന്നവയും എക്സൈസ് നികുതി ഇളവ് ലഭിച്ചിരുന്നതും കുറഞ്ഞ മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിരുന്നതുമായ ഉൽപന്നങ്ങളുടെ വില കുറക്കാനാണ് സാധ്യത. കൈകൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പൈപ്പുകൾ, ഷാംപൂ, ബാത്ത്റൂം ഫിറ്റിങ്ങുകൾ, സ്വിച്ചുകൾ എന്നിവയുടെ നികുതി നിരക്കിൽ കുറവുവരുത്തുന്നതിനൊപ്പം നികുതി റിേട്ടൺ സമർപ്പണം ലളിതമാക്കാനും യോഗത്തിൽ നടപടിയുണ്ടാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. ജി.എസ്.ടിയിൽ എല്ലാ തരം ഫർണിച്ചറും 28 ശതമാനം നികുതി സ്ലാബിലാണ് വരുന്നത്. മരംകൊണ്ടുള്ള ഫർണിച്ചർ അസംഘടിത മേഖലയിലുള്ളവർ കൈകൊണ്ട് നിർമിക്കുന്നവയാണ്. ഇടത്തരക്കാരാണ് ഇതിെൻറ പ്രധാന ഉപഭോക്താക്കൾ. ഇവയുടെ നികുതി കുറക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നിരുന്നു.
ഷവർ ബാത്ത്, സിങ്ക്, വാഷ് ബേസിൻ, ഫ്ലഷ് ടാങ്ക്, സ്പ്രേ രൂപത്തിൽ വെള്ളം ചീറ്റുന്ന ഉപകരണം തുടങ്ങി 28 ശതമാനം സ്ലാബിലുള്ള സാനിറ്ററി ഉൽപന്നങ്ങളുടെ നികുതി കുറക്കുന്നതും കൗൺസിൽ പരിഗണിക്കും. ത്രാസുകൾ, കംപ്രസറുകൾ എന്നിവയുടെ നികുതിയും 28ൽനിന്ന് 18ലേക്ക് കുറച്ചേക്കും. കംപ്രസറിന് നേരത്തേ 17.5 ശതമാനം നികുതിയുണ്ടായിരുന്നതാണ് ജി.എസ്.ടിക്ക് കീഴിൽ 28 ശതമാനം ആയത്. എക്സൈസ്, വാറ്റ്, സേവന നികുതി തുടങ്ങി 12ലേറെ നികുതികൾ അഞ്ച്, 12, 18, 28 ശതമാനം വീതമുള്ള നികുതി സ്ലാബുകളിലേക്ക് ക്രോഡീകരിച്ചാണ് ജൂലൈ ഒന്നുമുതൽ രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.