ഇ-വേ ബില്ലിന് ജി.എസ്.ടി കൗൺസിൽ അംഗീകാരം
text_fieldsന്യൂഡൽഹി: അന്തർസംസ്ഥാന ചരക്കുകടത്തിനുള്ള ഇ-വെ ബിൽ സംവിധാനം അടുത്തവർഷം ജൂൺ ഒന്നിനകം രാജ്യവ്യാപകമായി നടപ്പാക്കാൻ ന്യൂഡൽഹിയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.
ഇ-വെ ബിൽ പ്രകാരം 50,000ൽ കൂടുതൽ തുകയുടെ ചരക്ക് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കടത്താൻ മുൻകൂറായി ഒാൺലൈൻ രജിസ്ട്രേഷൻ നടത്തണം.
ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെയാണ് 24ാമത് ജി.എസ്.ടി കൗൺസിൽ സമ്മേളിച്ചത്. ഇ-വെ ബിൽ നടപ്പാക്കാൻ ആവശ്യമായ കമ്പ്യൂട്ടർ ഹാർഡ്വെയർ-സോഫ്റ്റ്വെയർ സംവിധാനങ്ങളുടെ ഒരുക്കവും കൗൺസിൽ വിലയിരുത്തി. ദേശീയ ഇ-വെ ബിൽ നടപ്പാകുന്നതുവരെ സംസ്ഥാനങ്ങളുടെ ഇ-വെ ബിൽ തുടരും. അതേസമയം, ജനുവരി 16 മുതൽ ദേശീയ ഇ-വെ ബിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
വ്യാപാരികൾക്കും ചരക്ക് വാഹന ഉടമകൾക്കും സ്വന്തം നിലക്ക് ഇതിെൻറ ഭാഗമാകാം. ഇ-വെ ബിൽ നിയമാവലി സംബന്ധിച്ച ഉത്തരവ് ഫെബ്രുവരി ഒന്നിന് ഇറങ്ങും. ഇതോടെ രാജ്യമെമ്പാടും ചരക്കുകടത്തിന് ഏകോപിതരൂപം കൈവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ജനുവരി 16നും ജൂൺ ഒന്നിനും ഇടക്ക് എപ്പോൾ വേണമെങ്കിലും സംസ്ഥാനങ്ങൾക്ക് ഇ-വെ ബിൽ സംവിധാനത്തിലേക്ക് മാറാമെന്നും കേന്ദ്രം അറിയിച്ചു. നികുതിവകുപ്പിന് രാജ്യത്തെ മുഴുവൻ ചരക്കു കടത്തും നിരീക്ഷിക്കാൻ കഴിയുന്നതിനൊപ്പം ചെക്പോസ്റ്റുകൾ ഇല്ലാതാകുന്നതോടെ ചരക്ക് ഗതാഗതം വേഗത്തിലാകുമെന്നതുമാണ് ഇ-വെ ബില്ലിെൻറ നേട്ടങ്ങൾ.
ഇലക്ട്രോണിക് വെ ബിൽ
ചരക്ക് കടത്തിന്, ചരക്ക് സേവന നികുതി നെറ്റ്വർക്കിൽ നിന്ന് (ജി.എസ്.ടി.എൻ) ലഭ്യമാവുന്ന ബില്ലാണ് ഇലക്ട്രോണിക് വെ-ബിൽ (ഇ-വെ ബിൽ). ഇതില്ലാതെ 50,000 രൂപയിൽ കൂടിയ തുകയുടെ ചരക്ക് കടത്ത് നിയമവിരുദ്ധമാണ്. എസ്.എം.എസ് വഴി ഇ-വെ ബിൽ എടുക്കാനും റദ്ദാക്കാനും കഴിയും. ബിൽ എടുക്കുേമ്പാൾ ലഭിക്കുന്ന നമ്പർ വിതരണക്കാരനും സ്വീകർത്താവിനും വാഹന ഉടമക്കും ഒരേസമയം ലഭ്യമാകും. ചരക്ക് അയക്കൽ, തിരിച്ചയക്കൽ എന്നിവക്ക് ഇ-വെ ബിൽ എടുക്കാം.
ജി.എസ്.ടി.എന്നിൽ രജിസ്റ്റർ ചെയ്തവർക്ക് 50,000 രൂപയിൽ താെഴയുള്ള ചരക്കുകടത്തിനും ഇ-വെ ബിൽ നിർബന്ധമാണ്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് രജിസ്റ്റർ ചെയ്യാത്തവർ ചരക്ക് സ്വീകരിക്കുേമ്പാഴും ഇ-വെ ബിൽ എടുക്കാം. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട മറ്റ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.