സ്വർണത്തിന് മൂന്നുശതമാനം നികുതി
text_fieldsന്യൂഡൽഹി: സ്വർണത്തിന് വില വർധിക്കുന്ന വിധവും വസ്ത്രം, പാദരക്ഷകൾ, ബിസ്ക്കറ്റ് എന്നിവക്ക് വിലകുറയുന്ന വിധവും നികുതി നിശ്ചയിച്ച് ജി.എസ്.ടി കൗൺസിൽ. ഇതോടൊപ്പം ബ്രാൻഡഡ് ധാന്യ ഉൽപന്നങ്ങൾക്കും ബീഡിക്കും സിഗററ്റിനും അടക്കം വില വർധിക്കുന്ന നികുതി സ്ലാബും നിലവിൽ വരും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച് തീരുമാനമായത്. കമ്പനികൾ കൊള്ളലാഭമെടുക്കുന്നത് പരിശോധിക്കാനും വേണ്ട നിർദേശം നൽകാനുമായി കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അതോറിറ്റിക്ക് രൂപംനൽകാനും തീരുമാനമായി. സ്വർണത്തിന് മൂന്നു ശതമാനം നികുതി ഇൗടാക്കാനാണ് തീരുമാനം. ഇതിൽ ഒന്നര ശതമാനം കേന്ദ്രത്തിനും ബാക്കി പകുതി സംസ്ഥാനങ്ങൾക്കും ലഭിക്കും. ഇതുമൂലം കേരളത്തിന് 300 കോടി രൂപ നികുതി ഇനത്തിൽ അധികം ലഭിക്കും. അതേസമയം, സ്വർണത്തിെൻറ വില വർധിക്കുകയും ചെയ്യും.
കൗൺസിൽ യോഗത്തിൽ സ്വർണത്തിെൻറ നികുതി രണ്ടു മുതൽ അഞ്ചു വരെ ശതമാനം വർധിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു. നിലവിൽ സ്വർണത്തിന് രണ്ടു ശതമാനം (ഒരു ശതമാനം എക്സൈസ്, ഒരു ശതമാനം വാറ്റ്) നികുതിയാണ് ചുമത്തുന്നത്. ചില സംസ്ഥാനങ്ങളിൽ വാറ്റ് (മൂല്യവർധിത നികുതി) കൂടുതൽ ചുമത്തുന്നുണ്ട്. ഡയമണ്ടിനും മൂന്നു ശതമാനമായിരിക്കും നികുതി. മിനുക്കാത്ത ഡയമണ്ടിന് 0.25 ശതമാനവും. രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ മൂന്നു ശതമാനം നികുതി വലയിലാണ് ഉൾപ്പെടുക. സ്വർണ നികുതിയുടെ കാര്യത്തിൽ യോഗത്തിൽ രൂക്ഷ തർക്കമാണ് നടന്നത്. ഗുജറാത്ത് അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി വർധനവിനെ എതിർത്തു. ഒരു ശതമാനം മതിയെന്നായിരുന്നു ഗുജറാത്തിെൻറ ആവശ്യം. കേരളം അഞ്ചു ശതമാനത്തിനായി വാദിച്ചു. ഒടുവിലാണ് മൂന്ന് ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനമായത്. എന്നാൽ ലോട്ടറി, കേരളം തർക്കം ഉന്നയിച്ച കയർ, കശുവണ്ടി, പ്ലൈവുഡ് എന്നിവ സംബന്ധിച്ച് തീരുമാനമുണ്ടായില്ല. ഇത് ജൂൺ 11ന് ചേരുന്ന കൗൺസിൽ ചർച്ചചെയ്യാനാണ് തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് െഎസക് പറഞ്ഞു.
ആട്ട മുതലായ ബ്രാൻഡഡ് രൂപത്തിൽ വിൽക്കുന്ന ധാന്യ ഉൽപന്നങ്ങൾക്ക് അഞ്ചു ശതമാനമാണ് നികുതി. ബ്രാൻഡഡ് അല്ലാത്ത ഉൽപന്നങ്ങൾക്ക് നികുതിയുണ്ടാവില്ല. ട്രേഡ്നെയിം നിയമത്തിന് കീഴിൽ വിൽക്കുന്ന സാധനങ്ങൾക്കാവും നികുതി വർധനവ് ബാധകം. കോട്ടൺ ഫൈബറിനും ചണത്തിനും അഞ്ചു ശതമാനമാണ് നികുതി. റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവും ഇൗടാക്കും. സിന്തറ്റിക് അസംസ്കൃത സാധനങ്ങൾക്ക് 18 ശതമാനവും തുണിത്തരങ്ങൾക്ക് അഞ്ചു ശതമാനവും വസ്്്ത്രങ്ങൾക്ക് 12 ശതമാനവും നികുതി നിശ്ചയിച്ചു. എല്ലാത്തരം ബിസ്കറ്റുകൾക്കും നികുതി 18 ശതമാനമാവും. 500 രൂപയിൽ താഴെയുള്ള ചെരിപ്പുകൾക്ക് അഞ്ചു ശതമാനം നികുതിയായിരിക്കും. അതിന് മുകളിലുള്ളവക്ക് 18 ശതമാനവും ഇൗടാക്കും.
ബീഡിയുടെ നികുതി സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ സംവാദം യോഗത്തിൽ നടന്നത്. കർണാടകത്തിെൻറ നേതൃത്വത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും വലിയ നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കേരളവും ബംഗാളും അടക്കമുള്ള ചുരുക്കം സംസ്ഥാനങ്ങൾ മാത്രമേ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയുള്ളൂ.
നിലവിൽ ബീഡിക്ക് 23 ശതമാനമാണ് നികുതി. അത് 28 ശതമാനമായി സിഗററ്റിന് സമാനമായി പുതുക്കി നിശ്ചയിച്ചു. സിഗററ്റിന് 200 ശതമാനം സെസ് ഏർെപ്പടുത്തിയെങ്കിലും ബീഡിയെ അതിൽ നിന്ന് ഒഴിവാക്കി. പാരാമിലിട്ടറി, പൊലീസ് കാൻറീൻ എന്നിവക്ക് ജി.എസ്.ടിയിൽ നികുതിയിളവ് ഇല്ല. മിലിട്ടറി കാൻറീന് മാത്രമേ ജി.എസ്.ടി ഇളവ് ലഭിക്കൂ. കമ്പനികൾ കൊള്ളലാഭം എടുക്കുന്നതിന് എതിരായ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കാൻ ചട്ടത്തിനും കൗൺസിൽ രൂപം നൽകി. ഇത് സംബന്ധിച്ച എന്ത് പരാതിയും പരിശോധിക്കാനും ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം നൽകാനുമാണ് അതോറിറ്റിക്ക് രൂപംനൽകുന്നത്. സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് നാലും കേന്ദ്രത്തിനായി മൂന്ന് ഉദ്യോഗസ്ഥരും ഇതിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.