ജി.എസ്.ടി: ഇളവ് അട്ടിമറിച്ച് കൊള്ള
text_fieldsകൊച്ചി: ഉൽപ്പന്നങ്ങളുടെ നികുതി കുറച്ച ജി.എസ്.ടി കൗൺസിൽ തീരുമാനം ഉൽപാദകരും വ്യാപാരികളും ചേർന്ന് അട്ടിമറിക്കുന്നു. ഇരുനൂറോളം ഉൽപന്നങ്ങളുടെ നികുതി കുറച്ചതു മൂലം ഇവയുടെ വില കുറയേണ്ടതാണെങ്കിലും അതിെൻറ ഗുണം ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടല്ല. അവശ്യമരുന്നുകളുടെ നികുതി ഇളവും വ്യാപാരികൾ പ്രാബല്യത്തിലാക്കിയിട്ടില്ല. ഇതിൽ വ്യക്തമായ പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല. നൂറിലധികം സാധനങ്ങളുടെ ജി.എസ്.ടിയാണ് 28ൽനിന്ന് 18 ശതമാനത്തിലേക്ക് കുറച്ചത്.
മറ്റു നിരവധി ഉൽപന്നങ്ങൾക്ക് ആറു മുതൽ 23 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിരുന്നു. അഞ്ചും മൂന്നും ശതമാനം നികുതിയുണ്ടായിരുന്ന ചില ഇനങ്ങൾ പൂർണമായി നികുതിമുക്തമാക്കുകയുമുണ്ടായി. എന്നാൽ, ഉൽപാദകർ നൽകിയ പുതിയ വിലവിവരപ്പട്ടിക കണ്ടപ്പോഴാണ് വില കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ മനസ്സിലാക്കിയത്. അടിസ്ഥാന വില കൂട്ടി പഴയ നിരക്കിലേക്ക് തന്നെ എത്തിക്കുകയായിരുന്നു.
28 ൽനിന്നും 18 ശതമാനത്തിലേക്ക് കുറച്ച സൗന്ദര്യവർധക വസ്തു വിഭാഗത്തിൽപെട്ട ഒരിനം സോപ്പിന് ഇപ്പോഴും 28 ശതമാനമാണ് നികുതി. 78.62 രൂപ അടിസ്ഥാന വിലയുള്ള ഈ ഉൽപന്നത്തിന് 28 ശതമാനം ജി.എസ്.ടിയോടെ 97.62 രൂപയാണ് ചൊവ്വാഴ്ചയും ഈടാക്കിയത്. 125. 80 രൂപയാണ് എം.ആർ.പി. അഞ്ചു ശതമാനം മാത്രം നികുതി ഇൗടാക്കേണ്ട ആസ്ത്മക്ക് ഉപയോഗിക്കുന്ന മരുന്നിന് ഇപ്പോഴും 12 ശതമാനം നികുതിയാണ് വാങ്ങുന്നത്. ഇൗ മരുന്നിന് വ്യാപാരികളിൽനിന്ന് 12.50 രൂപയാണ് ഉൽപാദകർ ഇൗടാക്കുന്നത്. ഇതിെൻറ അടിസ്ഥാന വില 11.50 രൂപയും എം.ആർ.പി 15.33 രൂപയുമാണ്. അടിസ്ഥാന വില ഉയർത്തി പഴയ വിലയിൽ തന്നെ വിൽക്കുന്നതിൽ പ്രധാനം ഹോട്ടൽ ഭക്ഷണമാണ്. നികുതി 18ൽനിന്ന് അഞ്ചു ശതമാനമാക്കിയെങ്കിലും നിരവധി ഹോട്ടലുടമകൾ നികുതിയിളവ് അട്ടിമറിക്കുകയാണ്.
മീൻ കറി ഉൾപ്പെടെ ഉൗണിന് 100 രൂപയും 18 ശതമാനം ജി.എസ്.ടിയും ചേർത്ത് 118 രൂപ വാങ്ങിയിരുന്ന ഹോട്ടലുകൾ നികുതി കുറച്ചിട്ടും അതേ വില തന്നെയാണ് ഇൗടാക്കുന്നത്. അടിസ്ഥാന വില 115 രൂപയാക്കിയാണ് ഇൗ തട്ടിപ്പ്. ഭക്ഷണവില കുറക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഭാരവാഹി ടി.സി. റഫീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മുമ്പ് 28 ശതമാനം ജി.എസ്.ടിയോടെ 153 രൂപയായിരുന്ന ഷാമ്പൂവിന് നികുതി കുറച്ചപ്പോഴും ആനുകൂല്യം ലഭിച്ചില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. 120 രൂപ അടിസ്ഥാന വിലയും 33.6 രൂപ ജി.എസ്.ടിയുമായിരുന്നു ആദ്യം. കുറവ് വന്നപ്പോൾ അടിസ്ഥാന വില 129 രൂപയാക്കി. 18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ ഇപ്പോൾ വില 152 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.