ഇന്ധനവില: പരിഹാരം ജി.എസ്.ടി മാത്രമെന്ന്
text_fieldsകൊച്ചി: വിലയിലെ കുതിച്ചുകയറ്റം നിയന്ത്രിക്കാൻ പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ. ഇതുസംബന്ധിച്ച് കമ്പനി അധികൃതർ കേന്ദ്രത്തിന് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ധനവിലക്കയറ്റം അനുദിനം ജനജീവിതം ദുരിതത്തിലാക്കുേമ്പാഴും അനുകൂല തീരുമാനം വൈകുകയാണ്. വിലക്കയറ്റത്തിന് തങ്ങളെ പഴിചാരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികൾ.
പെട്രോൾ വില സർവകാല റെക്കോഡിലേക്ക് നീങ്ങുകയും ഡീസൽ വില ആഴ്ചകളായി റെക്കോഡ് നിലയിൽ തുടരുകയും ചെയ്യുേമ്പാൾ തങ്ങൾക്കെതിരായ ജനവികാരം കേന്ദ്ര സർക്കാറിലേക്ക് തിരിച്ചുവിടാനാണ് എണ്ണക്കമ്പനികളുടെ ശ്രമം. പ്രതിദിനം വില നിർണയിക്കുന്ന സംവിധാനം നിലവിൽ വന്നതോടെ എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയർന്നതായും കേന്ദ്രത്തിന് നൽകുന്ന ലാഭവിഹിതം ഗണ്യമായി വർധിച്ചതായുമുള്ള കണക്കുകൾ പുറത്തുവന്നിരുന്നു.
എന്നാൽ, നിലവിലെ പ്രതിസന്ധിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നാണ് കമ്പനികളുടെ വിശദീകരണം. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 70 ഡോളറിനടുത്തെത്തിയതാണ് വില വർധനക്ക് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. 2014ൽ എണ്ണവില ബാരലിന് 114 ഡോളറിലെത്തിയപ്പോൾ പെട്രോൾ, ഡീസൽ വില ഇത്രയും ഉയരാതിരുന്നത് കേന്ദ്രസർക്കാർ സബ്സിഡി നൽകിയിരുന്നതുകൊണ്ടാണെന്നും കമ്പനികൾ വിശദീകരിക്കുന്നു.
അഭൂതപൂർവമായ ഇന്ധനവില വർധന പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതിഷേധം തിരിച്ചറിഞ്ഞാണ് വില നിയന്ത്രണത്തിനെന്ന പേരിൽ എണ്ണക്കമ്പനികൾ സ്വന്തം നിലക്ക് ചില നീക്കങ്ങൾ നടത്തുന്നത്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയം പെട്രോളിയം മന്ത്രിയുമായി സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും െഎ.ഒ.സി വൃത്തങ്ങൾ അറിയിച്ചു.പെട്രോൾ ലിറ്ററിന് 76.83 രൂപയും ഡീസലിന് 69.46 രൂപയുമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തെ വില. കൊച്ചിയിൽ യഥാക്രമം 75.50 രൂപയും 68.15 രൂപയും കോഴിക്കോട്ട് 75.87 രൂപയും 68.58 രൂപയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.