ജി.എസ്.ടി: പ്ലാസ്റ്റിക്, ഇ-മാലിന്യനീക്കം നിലക്കുന്നു
text_fieldsകോട്ടയം: ജി.എസ്.ടിയിൽ തട്ടി സംസ്ഥാനത്തുനിന്നുള്ള പ്ലാസ്റ്റിക്, ഇ-മാലിന്യനീക്കം നിലക്കുന്നു. റീസൈക്ലിങ്ങിനുള്ള മാലിന്യങ്ങൾക്ക് ജി.എസ്.ടിയിൽ 18 ശതമാനം നികുതി ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. നികുതി ഉയർന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ യൂനിറ്റുകൾ മാലിന്യം വാങ്ങാൻ താൽപര്യം കാട്ടാത്തതാണ് പ്രതിസന്ധിയായത്. കേരളത്തിലെ മാലിന്യത്തിെൻറ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിലേക്കാണ് കയറ്റിവിട്ടിരുന്നത്. പുതിയ സാഹചര്യത്തിൽ ഇത് അനിശ്ചിതത്വത്തിലായി.
ഇ-മാലിന്യം വൻതോതിൽ ശേഖരിക്കുന്ന സർക്കാറിനുകീഴിലെ ക്ലീൻ കേരള കമ്പനിെയയും ഇത് ബാധിക്കുന്ന സ്ഥിതിയാണ്. നിലവിൽ സംസ്ഥാനത്തെ സർക്കാർ ഒാഫിസുകൾ, സ്കൂളുകൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ശേഖരിച്ച് ഹൈദരാബാദിെല എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറിയിരുന്നത്.
നേരേത്ത റീസൈക്ലിങ്ങിന് വിൽക്കുന്ന ഇ-മാലിന്യത്തിന് നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടി വന്നതോടെ ഇത് 18 ശതമാനമായി. ഇതിനൊപ്പം ഗതാഗത ഇനത്തിലും 18 ശതമാനം നികുതിയുണ്ട്. ഇൗ സാഹചര്യത്തിൽ ഉയർന്ന നികുതിഭാരം താങ്ങാനാകില്ലെന്നുകാട്ടി ഹൈദരാബാദ ്കമ്പനി ക്ലീൻ കേരള അധികൃതർക്ക് കത്തുനൽകി.
നികുതിയിൽ ഇളവുണ്ടായില്ലെങ്കിൽ മാലിന്യം ശേഖരിക്കുന്നതിൽനിന്ന് പിന്മാറുമെന്ന സൂചനയും ഇവർ നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള മറ്റു കമ്പനികളും സമാന നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ നികുതിഘടന പ്ലാസ്റ്റിക് മാലിന്യനീക്കത്തിനും തിരിച്ചടിയായി. അഞ്ച് ശതമാനമായിരുന്ന നികുതി 18ആയാണ് ജി.എസ്.ടി വന്നതോടെ ഉയർന്നത്. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുകിട ഉൽപാദകയൂനിറ്റുകൾ പഴയവ വാങ്ങാതെ മാറിനിൽക്കുകയാണ്. സംസ്ഥാത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 60 ശതമാനവും തമിഴ്നാട്ടിലേക്കാണ് കയറ്റിവിട്ടിരുന്നത്.
ഇവ ഉപയോഗിച്ച് മഗ്, ബക്കറ്റ് തുടങ്ങിയവ നിർമിക്കുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളാണ് തമിഴ്നാട്ടിലുള്ളത്. കേരളത്തിൽ യൂനിറ്റുകൾ കുറവായതിനാൽ നെല്ലാരുശതമാനം തമിഴ്നാട് അടക്കം സ്ഥലങ്ങളിലേക്ക് െകാണ്ടുപോവുകയായിരുെന്നന്ന് പ്ലസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറയുന്നു. നികുതി വന്നതോടെ ഇവരുടെ താൽപര്യം കുറഞ്ഞു. ഇത് മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു.
സ്ക്രാപ്പ് ശേഖരിക്കുന്നവരെയും കച്ചവടക്കാരെയും ഇത് പ്രതിസന്ധിയിലാക്കുന്നു. മാലിന്യനിർമാർജന പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടെ നികുതി ഉയർത്തിയ നടപടി ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടുന്നു. അതിനിടെ, റീസൈക്ലിങ്ങിനുള്ള മാലിന്യങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജി.എസ്.ടി. കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.