പൊളിച്ചുപണി തീരുന്നില്ല; നൂലാമാലയും
text_fieldsഅർധരാത്രിയായിരുന്നു വിളംബരം. നികുതിയുടെ പലവിധ കുരുക്കുകളിൽ നിന്ന് സമാശ്വാസം നൽകുകയായിരുന്നു ലക്ഷ്യം. ഒരു രാജ്യം, ഒരൊറ്റ നികുതി എന്നായിരുന്നു മുദ്രാവാക്യം. പക്ഷേ, പാതിരാക്ക് കിട്ടിയ ഇരുട്ടടിപോലെയാണ് ചരക്കു േസവന നികുതി എന്ന ജി.എസ്.ടിയെ വ്യാപാരി വ്യവസായികളും ഉപഭോക്താക്കളായ ജനങ്ങളും കൊണ്ടുനടക്കുന്നത്. വർഷം ഒന്നായിട്ടും ബാലാരിഷ്ടതകൾ മാറി കരുത്തുറ്റ നികുതി സംവിധാനമായി മാറാൻ ജി.എസ്.ടിക്ക് കഴിഞ്ഞില്ല. പല രാജ്യങ്ങളിലും ജി.എസ്.ടി നല്ല നിലക്ക് നടക്കുന്നു. ഇത്രത്തോളം സങ്കീർണതയിൽ കുരുങ്ങിയ ജി.എസ്.ടി സമ്പ്രദായം മറ്റെവിടെയുമില്ലെന്ന് ചൂണ്ടിക്കാട്ടുന്നത് ലോകബാങ്കാണ്.
17 ഇനം പരോക്ഷ നികുതികൾ ഇല്ലാതാക്കി ഒറ്റനികുതി സമ്പ്രദായത്തിലേക്ക് രാജ്യത്തെ കൊണ്ടുവരുക എന്നത് ചെറിയ ആശയമല്ല. ജി.എസ്.ടിയുടെ അന്തഃസത്തയെ ഭരണപക്ഷം മാത്രമല്ല, പ്രതിപക്ഷ പാർട്ടികളും ശരിവെക്കുന്നു. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള യു.പി.എ ഭരിച്ച കാലത്ത് ജി.എസ്.ടി നടപ്പാക്കാൻ തിരക്കിട്ടശ്രമം നടത്തിയതാണ്. അന്ന് എതിർത്ത ബി.ജെ.പി അധികാരത്തിൽവന്നപ്പോൾ, വർഷങ്ങളുടെ വ്യത്യാസത്തിൽ ജി.എസ്.ടി നടപ്പാക്കിയെന്നത് ചരിത്രം. പുതിയ നികുതിഘടനയല്ല, നടപ്പാക്കിയ രീതിയോടാണ് അന്നും ഇന്നും എതിർപ്പ്.
ജി.എസ്.ടി ധിറുതിപിടിച്ചു നടപ്പാക്കുകയാണ് ചെയ്തത്. ധിറുതിക്ക് കാരണമുണ്ടായിരുന്നു. വലിയൊരു നികുതി പരിഷ്കാരം നടപ്പാക്കുേമ്പാൾ, സ്വാഭാവികമായും തുടക്കത്തിൽ കുറെ പ്രായോഗിക പ്രശ്നങ്ങളുണ്ടാകും. അതു പരിഹരിക്കാൻ സർക്കാറിലെ സാമ്പത്തിക വിദഗ്ധർ കണക്കാക്കിയത് ഒന്നരവർഷമാണ്. അത്രയുംകാലം കഴിഞ്ഞാൽ പുതിയ നികുതി പരിഷ്കാരം സുഗമമാവുകയും നടപ്പാക്കിയ സർക്കാറിനെ പ്രശംസിക്കുകയും ചെയ്യുന്ന സ്ഥിതി വരുമെന്നായിരുന്നു വിലയിരുത്തൽ. 2017 ജൂലൈ ഒന്ന് എന്ന തീയതി നിശ്ചയിച്ചത് അങ്ങനെയാണ്. ഒന്നര വർഷം കഴിയുേമ്പാൾ 2019 ജനുവരിയെത്തി. പുതിയ നികുതി സമ്പ്രദായത്തിെൻറ നല്ല അന്തരീക്ഷത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് സർക്കാറിനു നീങ്ങാം. ധീരമായി മോദിസർക്കാർ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന ചിന്താഗതി, ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്നും കണക്കുകൂട്ടി.ഇങ്ങനെ ധിറുതിപിടിച്ചു ഇറങ്ങിപ്പുറപ്പെട്ടപ്പോൾ പക്ഷേ, പണി പാളി. നോട്ട് അസാധുവാക്കലിനു പിന്നാലെ കിട്ടിയ തലക്കടിയായി അത് പൊതുസമൂഹത്തിന് അനുഭവപ്പെട്ടു.
ജി.എസ്.ടി നടപ്പാക്കി വ്യാപാരി വ്യവസായികളുടെയും ഉപഭോക്തൃ സമൂഹത്തിെൻറയും പ്രശംസയും പിന്തുണയും നേടാൻ ലക്ഷ്യമിട്ട േമാദി സർക്കാർ, പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ജി.എസ്.ടി പൊല്ലാപ്പുകൾ കഴിയുന്നത്ര പരിഹരിച്ച് ജനരോഷം പരമാവധി കുറച്ചെടുക്കാനാണ് ഇന്ന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. ഒന്നാം വാർഷിക വേളയിലെ ജി.എസ്.ടി ചിത്രം അതാണ്. ഗുണഫലം മോഹിച്ച ജനമാകെട്ട, നികുതിഘടനയുടെ സങ്കീർണതകളിൽ കുരുങ്ങിക്കിടക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച തൊഴിലില്ലായ്മ, വ്യാപാര വ്യവസായ മേഖലകളിലുണ്ടാക്കിയ തളർച്ച, സാമ്പത്തികമാന്ദ്യം എന്നിവക്ക് തെരഞ്ഞെടുപ്പു വേദികളിൽ മറുപടി പറയുകയെന്ന വലിയ വെല്ലുവിളിക്കു മുന്നിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.