അദാനിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി; മുംബൈ വിമാനത്താവളത്തിൽ ഓഹരി ലഭിക്കില്ല
text_fieldsമുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഓഹരി വാങ്ങാനുള്ള ഗൗതം അദാനിയുടെ നീക്കങ്ങൾക്ക് തിരിച്ചടി. വിമാനത്താവളത്തിൽ 23.5 ശതമാനം ഓഹരി വാങ്ങാനുള്ള പണം ജി.വി.കെ ഗ്രൂപ്പ് സ്വരൂപിച്ചു. ഈ ഓഹരികൾ വാങ്ങാനായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ നിലവിൽ 50.5 ശതമാനം ഓഹരിയുള്ള ജി.വി.കെയുടെ നീക്കം. ജി.വി.കെയുടെ നേതൃത്വത്തിലുള്ള കൺസോഷ്യമാണ് മുംബൈ വിമാനത്താവളത്തിലെ ഏറ്റവും വലിയ ഓഹരി ഉടമ.
ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ജി.വി.കെ എയർപോർട്ട് ഡെവലപ്പർ, ജി.വി.കെ എയർപോർട്ട് ഹോൾഡിങ് എന്നീ കമ്പനികൾ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, പബ്ലിക് സെക്ടർ പെൻഷൻ ഇൻവസ്റ്റ്മെൻറ് ബോർഡ്, എൻ.ഐ.ഐ.എഫ് എന്നീ സ്ഥാപനങ്ങളുമായാണ് കരാർ ഒപ്പിട്ടത്. ജി.വി.കെ കമ്പനികളുടെ കടം തീർക്കാനും മുംബൈ വിമാനത്താവളത്തിലെ ഓഹരി വാങ്ങാനുമായി ഏകദേശം 7,614 കോടിയാണ് മറ്റ് മൂന്ന് കമ്പനികൾ കൈമാറുക.
മുംബൈ വിമാനത്താവളത്തിൽ ഓഹരിയുള്ള ദക്ഷിണാഫ്രിക്കൻ കമ്പനികളായ ബിഡ്വെസ്റ്റും എയർപോർട്ട് കമ്പനി ഓഫ് സൗത്ത് ആഫ്രിക്കയും അവരുടെ ഷെയറുകൾ വിൽക്കുന്നുവെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ ഇതിനെതിരെ ജി.വി.കെ കേസ് നൽകി. ഇതേ തുടർന്ന് ബിഡ്വെസ്റ്റിെൻറ 1,248 കോടി വിലമതിക്കുന്ന 13.5 ശതമാനം ഓഹരികൾ വാങ്ങാൻ ഒക്ടോബർ 31 വരെയാണ് ജി.വി.കെ ഗ്രൂപ്പിന് തർക്ക പരിഹാര ട്രിബ്യൂണൽ സമയം അനുവദിച്ചത്. സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇതിനുള്ള പണം കമ്പനി സ്വരുപീച്ചത്. അതേസമയം, വിവിധ കോടതികളിൽ ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്.
അഹമ്മദാബാദ്, ജയ്പൂർ, ലഖ്നോ, തിരുവനന്തപുരം, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലെ ഓഹരി കൂടി സ്വന്തമാക്കിയാൽ മേഖലയിൽ ഒന്നാമതെത്താമെന്നായിരുന്നു അദാനിയുടെ കണക്ക് കൂട്ടൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.