വരുമാനം മുന്നോട്ട്; വളർച്ചനിരക്ക് പിന്നോട്ട്
text_fieldsവിനോദസഞ്ചാരികളിൽനിന്ന് കഴിഞ്ഞവർഷം കേരളത്തിന് ലഭിച്ച വരുമാനം 29,658.56 കോടി രൂപ. 2016ൽ കേരളം സന്ദർശിച്ചത് 10,38,419 വിദേശികൾ. 2015ലെ 9,77,479 എന്ന എണ്ണത്തേക്കാൾ 6.23 ശതമാനം കൂടുതൽ. വിദേശസഞ്ചാരികളിൽനിന്ന് കേരളത്തിന് ലഭിച്ച വിദേശനാണ്യം 7749.51 കോടി. മുൻവർഷത്തെ അപേക്ഷിച്ച് വർധനവ് 11.51 ശതമാനം. 2016ൽ കേരളം സന്ദർശിച്ച അഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1,31,72,535. മുൻ വർഷത്തിലെ 1,24,65,571നേക്കാൾ 5.67ശതമാനം വർധനവ്. കണക്കുകളിൽ ഇങ്ങനെ വർധനവുണ്ടെങ്കിലും വിനോദസഞ്ചാര രംഗത്തെ വളർച്ചയിൽ ദേശീയ ശരാശരിയേക്കാൾ കേരളം പിന്നോട്ടുപോയി എന്നതാണ് ആശങ്കയുണർത്തുന്ന വസ്തുത.
കഴിഞ്ഞ വർഷം വിനോദസഞ്ചാര രംഗത്തെ വളർച്ചയുെട ദേശീയ ശരാശരി 10.2 ശതമാനമായിരുന്നുവെങ്കിൽ കേരളത്തിൽ ഇത് 7.6 ശതമാനം മാത്രം. 2011ൽ 11 ശതമാനമായിരുന്ന സ്ഥാനത്തുനിന്നാണ് 7.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. 2014ൽ ദേശീയ ശരാശരിയേക്കാൾ മുകളിൽനിന്ന സ്ഥാനത്തുനിന്നാണ് തിരിച്ചിറക്കം. കേന്ദ്ര വിനോദസഞ്ചാര വകുപ്പിെൻറ തലപ്പത്ത് മന്ത്രിയായി മലയാളിയായ അൽഫോൻസ് കണ്ണന്താനം എത്തുേമ്പാൾ കേരളത്തിലെ വിനോദസഞ്ചാര രംഗം ഒരു തിരിച്ചുകയറ്റം പ്രതീക്ഷിക്കുന്നു. കൂടുതൽ പദ്ധതികളും കേന്ദ്ര ഫണ്ടും എത്തുമെന്ന പ്രതീക്ഷയിൽ.
വടക്കോട്ടും വേണം വികസനം
വിനോദസഞ്ചാര രംഗത്തെ പദ്ധതികളിൽ ഏറെയും മധ്യ^ദക്ഷിണ കേരളത്തിൽ കേന്ദ്രീകരിക്കപ്പെടുന്നുവെന്നതാണ് ‘ദൈവത്തിെൻറ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രധാന പോരായ്മയെന്ന് ഇൗ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശികളടക്കം വിനോദസഞ്ചാരികളുടെ മുന്നിൽ ഉത്തര കേരളത്തിലെ സഞ്ചാര സാധ്യതകൾ തുറന്നുകാട്ടപ്പെടുന്നില്ല. മിക്ക ടൂറിസം പാക്കേജുകളും കൊച്ചിയിൽനിന്ന് മൂന്നാർവഴി കോവളത്തേക്ക് മാത്രം നീളുന്ന വിധത്തിൽ ക്രമീകരിക്കപ്പെടുന്നവയാണ്.
വിനോദസഞ്ചാരികളെ മധ്യകേരളത്തിൽനിന്ന് വടക്കോട്ട് ആകർഷിക്കാൻ കേരള വിനോദ സഞ്ചാര വകുപ്പുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ മുസിരിസ് പദ്ധതി മുതൽ കണ്ണൂരിലെ വിവിധ വിനോദസഞ്ചാര മേഖലകൾ വരെ ബന്ധിപ്പിക്കുന്ന പദ്ധതികളാണ് ആലോചിച്ചിരുന്നത്. പക്ഷേ, ആലോചനക്കപ്പുറത്തേക്ക് കാര്യങ്ങൾ ഇനിയും എത്തിയിട്ടില്ല.
പൈതൃക ടൂറിസം രംഗത്ത് കേരളം മുന്നോട്ടുവെച്ച പ്രമുഖ ആകർഷണമായ ‘മുസിരിസ് പദ്ധതി’ ഇനിയും പൂർത്തിയാകാത്തതാണ് മുഖ്യ പോരായ്മ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 100 കോടി രൂപ മുടക്കിയെങ്കിലും ഇപ്പോഴും നിർമാണ വഴിയിൽതന്നെയാണ്. പദ്ധതിയുടെ ഭാഗമായി 20 മ്യൂസിയങ്ങളാണ് നിർമിക്കാൻ പദ്ധതിയിട്ടത്. ഇതിൽ പകുതിപോലും പൂർത്തീകരിക്കപ്പെട്ടില്ല. ഇതോെടാപ്പം കോട്ടപ്പുറം, പറവൂർ മാർക്കറ്റുകൾ പഴയകാലത്തേതുപോലെ പുനരാവിഷ്കരിക്കുക, മുസിരിസ് പ്രദേശത്തെ പഴയകാല ആരാധനാലയങ്ങൾ, പുരാതന വ്യാപാരകേന്ദ്രങ്ങൾ, ഇതര കെട്ടിടങ്ങൾ തുടങ്ങിയവ പുനഃസ്ഥാപിക്കുക തുടങ്ങിയവയൊക്കെ പദ്ധതിയിലുണ്ട്. പക്ഷേ, 100 കോടിയെങ്കിലും ഇനിയും മുടക്കിയാലേ ഇതൊക്കെ സാധ്യമാകൂ.
ഉത്തര കേരളത്തിൽ ബേക്കൽ കോട്ട, കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ച് പോലെ നിരവധി കേന്ദ്രങ്ങൾ സാധ്യതകളേറെയുള്ള സ്ഥലങ്ങളാണെന്ന് വിേനാദസഞ്ചാര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സമഗ്ര വികസന പദ്ധതികളും മുതൽ മുടക്കും മാത്രമില്ല.
സംരംഭകർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ
- വിനോദസഞ്ചാര കേന്ദ്രങ്ങൾ വൃത്തിയുള്ളതാക്കുക.
- വിനോദസഞ്ചാര മേഖലകളിലേക്കുള്ള റോഡുകൾ യാത്രാ യോഗ്യമാക്കുക.
- വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിക്കുക. യാത്രാമാർഗം, നിരക്ക്, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദീകരണം നൽകുക.
- പ്രധാന കേന്ദ്രങ്ങളിൽ വിദേശഭാഷ വിദഗ്ധരുടെ സേവനം ലഭ്യമാക്കുക.
- ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളെ സഹായിക്കാൻ സൗകര്യങ്ങളൊരുക്കുക.
- ശ്രവണശേഷി ഇല്ലാത്തവർക്ക് സൈൻ ലാംഗ്വേജ് വിദഗ്ധരുടെ സേവനം ലഭ്യമാക്കുക.
- ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവയുടെ പ്രവർത്തനം ഉത്തരവാദിത്ത പൂർണവും കാര്യക്ഷമവുമാക്കുക.
പേരുദോഷവും മാറ്റണമെന്ന് പഠനം
7.6 ശതമാനത്തിലേക്ക് വളർച്ചനിരക്ക് കുറഞ്ഞത് സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഗവേഷണസംഘം പഠനം നടത്തിയിരുന്നു. വിവിധ കാരണങ്ങളാണ് കണ്ടെത്തിയത്. ഇതിൽ മുഖ്യം ശുചിത്വക്കുറവ് സംബന്ധിച്ച പേരുദോഷം. സംസ്ഥാനത്തെ മുഖ്യ ആകർഷണമായ കായൽ യാത്രകളിൽ വിനോദസഞ്ചാരികൾ കാണുന്നത് വെള്ളത്തിലൂടെ ഒഴുകുന്ന മാലിന്യങ്ങളും തീരത്ത് വന്നടിഞ്ഞ മാലിന്യക്കൂമ്പാരങ്ങളുമാണ്.
രൂക്ഷ ദുർഗന്ധമുള്ള കോഴി മാലിന്യങ്ങളടക്കം ചാക്കിൽകെട്ടി കായലിലേക്ക് വലിച്ചെറിയുന്നവർ ചെയ്യുന്നത് വിനോദസഞ്ചാരത്തിെൻറ കടക്കൽ കത്തിവെക്കുക കൂടിയാണ്. ഇതോടൊപ്പം തകർന്ന റോഡുകളും ഗതാഗത സൗകര്യങ്ങളുടെ നിലവാരമില്ലായ്മയും തിരിച്ചടിക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.