20 ലക്ഷം കോടിയുടെ കള്ളി വെളിച്ചത്ത്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് 20 ലക്ഷം കോടി രൂപയുടെ കോവിഡ്കാല പാക്കേജ്. എന്നാൽ, ഇതിൽ പകുതിയും നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ മാർച്ച് മുതൽ പലപ്പോഴായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി, ലോക്ഡൗൺ തുടങ്ങിയപ്പോൾ ധനമന്ത്രി പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ ധനസഹായങ്ങൾ, സൗജന്യ റേഷൻ, പാചക വാതകം, കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ച 15,000 കോടി എന്നിവയും 20.97 ലക്ഷം കോടി വരുന്ന പാക്കേജിെൻറ ഭാഗമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ബാക്കിയുള്ളത് 20 ലക്ഷം കോടിയുടെ പകുതി മാത്രമാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) 10 ശതമാനം വരുന്ന തുകയാണ് തെൻറ പാക്കേജെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ നരേന്ദ്ര മോദി വിശദീകരിച്ചിരുന്നു.
എന്നാൽ, ഈ അഭിസംബോധനക്കു മുേമ്പ പ്രഖ്യാപിച്ച പാക്കേജുകൾ കുറച്ചാൽ മോദിയുടെ പാക്കേജ് ജി.ഡി.പിയുടെ അഞ്ചു ശതമാനം മാത്രം. ഇത് അഞ്ചു ഭാഗങ്ങളായി അഞ്ചു ദിവസംകൊണ്ട് പ്രഖ്യാപിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ ചെയ്തത്.
അർഹരായവർക്ക് ധനസഹായം നൽകുന്നതിനോ കോവിഡ് പ്രതിരോധത്തിനോ അല്ല, സാമ്പത്തിക മേഖലയിലെ വിവാദ പരിഷ്കരണങ്ങൾക്ക് വാതിൽ തുറക്കുകയാണ് ധനമന്ത്രി ഈ ദിവസങ്ങളിൽ ചെയ്തതെന്ന വിമർശനം ശക്തം. അഞ്ചു ദിവസങ്ങളിൽ പ്രഖ്യാപിച്ച വിവിധ നടപടികൾ വഴി സർക്കാറിന് പണമായി ചെലവിടേണ്ടത് എത്രയാണ്, അധികച്ചെലവ് എത്രയാണ് എന്നീ കാര്യങ്ങൾ ധനമന്ത്രി വെളിപ്പെടുത്തിയില്ല. ധനകാര്യ സ്ഥാപനങ്ങൾ വഴിയുള്ള വായ്പയാണ് പാക്കേജിെൻറ വലുപ്പം ഊതിപ്പെരുപ്പിച്ചത്.
20 ലക്ഷം കോടിയല്ല, വെറും 3.22 ലക്ഷം കോടി – കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് 20 ലക്ഷം കോടി രൂപയുടെ പാക്കേജല്ല, യഥാർഥത്തിൽ 3.22 ലക്ഷം കോടിയുടെ പാക്കേജെന്ന് കോൺഗ്രസ്. മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 10 ശതമാനമല്ല, വെറും 1.6 ശതമാനം മാത്രമാണിത്. അല്ലെന്ന് തെളിയിക്കാൻ കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ധനമന്ത്രി നിർമല സീതാരാമനെ വെല്ലുവിളിച്ചു.
സമ്പദ്രംഗത്തിന് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതും, വെറുതെ കുറെ വായ്പ നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാടിനെക്കുറിച്ച് സർക്കാർ രാജ്യത്തോട് വിശദീകരിക്കണം. സർക്കാറിെൻറ ആസൂത്രണമില്ലായ്മ കൊണ്ടാണ് വിശന്നു നടന്ന് ഈ തൊഴിലാളികൾ വീടു പിടിക്കാൻ പരക്കം പായുന്നത്. മൗലികാവകാശവും നിയമപരമായ അവകാശങ്ങളും ലംഘിക്കുന്നതിന് പാവപ്പെട്ടവരോട് സർക്കാർ മാപ്പു പറയണമെന്ന് ആനന്ദ് ശർമ ആവശ്യപ്പെട്ടു.
അതേസമയം, ധനമന്ത്രി നടത്തിയ പ്രഖ്യാപന പ്രകാരം അന്തർസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിൽ തൊഴിൽ കിട്ടുന്നുവെന്ന് ഉറപ്പാവുകയാണെന്ന് ബി.െജ.പി അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. 40,000 കോടി തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചത് നല്ല നടപടിയാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.