അമേരിക്കക്ക് ഇന്ത്യൻ തിരിച്ചടി; 29 ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയർത്തി
text_fieldsന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയം ഉൽപന്നങ്ങൾക്കും ഏകപക്ഷീയമായി ഉയർന്ന തീരുവ ഏർപ്പെടുത്തിയ അമേരിക്കക്ക് തിരിച്ചടി നൽകി ഇന്ത്യ 29 യു.എസ് ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. ധാന്യങ്ങൾ, ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങൾ എന്നിവയടക്കമുള്ളതിെൻറ തീരുവയാണ് ഉയർത്തിയത്. ഇവയിൽ 28 ഉൽപന്നങ്ങളുടെ തീരുവ വർധന ഉടൻ പ്രാബല്യത്തിൽ വരും. ആർട്ടീമിയ എന്ന തരം ചെമ്മീനിെൻറ തീരുവ വർധന ആഗസ്റ്റ് നാലിനാണ് പ്രാബല്യത്തിൽ വരികയെന്നും ധനമന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം ഉയർന്ന നികുതി ഏർപ്പെടുത്തിയതോടെ വ്യാപാരയുദ്ധത്തിന് സമാനമായ സാഹചര്യമാണ് ലോകത്ത് ഉരുത്തിരിഞ്ഞത്. ഇന്ത്യയെക്കൂടാതെ ചൈനയും യൂറോപ്യൻ യൂനിയനും ചിലതരം അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ധനമന്ത്രാലയത്തിെൻറ വിജ്ഞാപനം അനുസരിച്ച് വെള്ളക്കടല, ബംഗാൾ കടല, മസൂർ പരിപ്പ്, എന്നിവയുടെ നികുതി 30 ശതമാനത്തിൽനിന്ന് 70 ശതമാനമായും പയറിേൻറത് 30ൽ നിന്ന് 40 ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ കിലോക്ക് 100രൂപ ചുങ്കം ചുമത്തിയിരുന്ന അമേരിക്കയിൽനിന്നുള്ള തോടുള്ള ബദാമിന് ഇനി 120 രൂപ ചുങ്കം നൽകണം.
ആപ്പിൾ, വാൾനട്ട്, രോഗനിർണയ രാസവസ്തുക്കൾ, ചില സ്റ്റീൽ ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിച്ചുങ്കവും ഇന്ത്യ വർധിപ്പിച്ചു. ഇവയധികവും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ആപ്പിളിെൻറ തീരുവ 50 ശതമാനത്തിൽനിന്ന് 75 ശതമാനമായി വർധിപ്പിച്ചപ്പോൾ രോഗനിർണയത്തിനുള്ള രാസവസ്തുക്കളുടെ തീരുവ ഇരട്ടിയാക്കി.
ഗർഭം, എയ്ഡ്സ് എന്നിവ നിർണയിക്കുന്നതിന് ഒഴികെയുള്ള രോഗനിർണയത്തിനുള്ള രാസവസ്തുക്കളുടെ തീരുവ 10 ശതമാനത്തിൽനിന്ന് 20 ശതമാനമായാണ് വർധിപ്പിച്ചത്. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആർട്ടീമിയ എന്ന ചെമ്മീനിെൻറ നികുതി അഞ്ച് ശതമാനത്തിൽനിന്ന് 15 ശതമാനമായും ബദാമിന് കിലോക്ക് 35 രൂപയായിരുന്നത് 42 രൂപയായും വാൾനട്ടിെൻറത് 30 ശതമാനത്തിൽനിന്ന് 120 ശതമാനമായും വർധിപ്പിച്ചു. ഫോസ്ഫോറിക് ആസിഡിെൻറ ഇറക്കുതി തീരുവ 10ൽനിന്ന് 20 ശതമാനമായും ബോറിക് ആസിഡിെൻറത് 10ൽനിന്ന് 17.5 ശതമാനമായും വർധിപ്പിച്ചു.
ഇറക്കുമതി തീരുവ 50 ശതമാനംവരെ ഉയർത്താൻ ഉദ്ദേശിക്കുന്ന 30 വസ്തുക്കളുടെ പട്ടിക കഴിഞ്ഞയാഴ്ച ഇന്ത്യ ലോക വ്യാപാര സംഘടനക്ക് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ സ്റ്റീലിനും അലൂമിനിയം വസ്തുക്കൾക്കുമുള്ള തീരുവ വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.