പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുേമ്പാൾ
text_fieldsരാജ്യത്തിെൻറ പൊന്മുട്ടയിടുന്ന താറാവാണ് വിനോദസഞ്ചാര മേഖല. 2017ൽ ഇന്ത്യ സന്ദർശിച്ച 10.2 ദശലക്ഷം വിദേശ വിനോദസഞ്ചാരികളിൽനിന്നായി രാജ്യത്തിന് ലഭിച്ച വിദേശനാണ്യം 2700 കോടി ഡോളറാണ്. പക്ഷേ, സമീപകാലത്ത് പുറത്തുവരുന്ന വാർത്തകൾ ഇൗ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന തരത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയംതന്നെ തിരിച്ചറിഞ്ഞ് തുടങ്ങി. വിേദശത്ത് വിനോദസഞ്ചാരത്തിന് പോകുന്ന പൗരന്മാർക്ക് മിക്ക രാജ്യങ്ങളും ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്. ഇൗ നിർദേശങ്ങൾകൂടി കണക്കിലെടുത്താണ് വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ സന്ദർശിക്കേണ്ട രാജ്യങ്ങളും സ്ഥലങ്ങളും തിരഞ്ഞെടുക്കുക.
കഴിഞ്ഞ ജനുവരിയിൽ അമേരിക്ക ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങുന്ന പൗരന്മാരോട് അതീവ ജാഗ്രത കൈക്കൊള്ളണമെന്ന് നിർദേശം നൽകിയിരുന്നു. ഫെബ്രുവരിയിൽ ബ്രിട്ടനും മാർച്ചിൽ കാനഡയും പൗരന്മാർക്ക് സമാന മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽനിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് യാത്രപോകുന്നവർ ജാഗ്രത പാലിക്കണമെന്നായിരുന്നു നിർദേശം. വിദേശങ്ങളിലെ വിവിധ ട്രാവൽ മാഗസിനുകളിലും ഇത് ചർച്ചയായി. ഇന്ത്യ സന്ദർശകർക്ക് സുരക്ഷിത രാജ്യമാണെന്ന് ബോധ്യപ്പെടുത്തി ഇത്തരം ജാഗ്രത മുന്നറിയിപ്പുകൾ വിവിധ രാജ്യങ്ങളുടെ ടൂറിസ്റ്റ് അഡ്വൈസറിയിൽ നിന്ന് നീക്കം ചെയ്യിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ശ്രമം ആരംഭിച്ചിട്ടുണ്ട്.
ചില സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ച് രാജ്യത്തിന് അകത്തുതന്നെയുള്ള കേന്ദ്രങ്ങളാണ് വിദേശ വിനോദസഞ്ചാരികൾക്ക് തെറ്റായ സന്ദേശം നൽകുന്നതെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ‘നിങ്ങൾ രണ്ടുവർഷത്തേക്ക് കശ്മീർ സന്ദർശനവും അമർനാഥ് തീർഥയാത്രയും ഒഴിവാക്കിയാൽ കശ്മീരിലെ മുഴുവൻ പ്രശ്നങ്ങളും അവസാനിക്കും’ എന്ന വാട്സ് ആപ് സന്ദേശങ്ങൾ പ്രചരിക്കുന്നതായി വിനോദസഞ്ചാര വകുപ്പുതന്നെ കണ്ടെത്തിയിരുന്നു. മാർച്ച് 15ന് ആരംഭിച്ച് ആഗസ്റ്റ് 15വരെ നീളുന്ന കശ്മീരിലെ 120 ദിവസത്തെ ടൂറിസം സീസൺ തകർക്കുക എന്ന ലക്ഷ്യവുമായാണ് ഇൗ കാമ്പയിൻ. ചില ദേശീയ ചാനലുകളും ഇൗ പ്രചാരണം ഏറ്റുപിടിച്ചു. അതോടെ കശ്മീർ മുഖ്യമന്ത്രിക്കുതന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടിവന്നു. ‘പട്ടാളത്തിന് നേരെ കല്ലെറിയുന്നവർ വിനോദസഞ്ചാരികളെയും വെറുതെവിടുന്നില്ല’ എന്ന് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നതായാണ് സംസ്ഥാന സർക്കാറിെൻറ പരാതി.
ചില ടി.വി ചാനലുകൾ കശ്മീരിെൻറ പ്രതിച്ഛായ നശിപ്പിക്കാൻ നെഗറ്റിവ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് എന്ന ആരോപണമാണ് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഉന്നയിക്കുന്നത്. പക്ഷേ, പ്രചാരണം ഏറ്റു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016ൽ ശ്രീനഗറിലേക്ക് വിനോദസഞ്ചാരികളുമായി 76 വിമാനങ്ങളെത്തിയത് കഴിഞ്ഞവർഷം 40 ആയി ചുരുങ്ങി. ഇൗ വർഷം 24ലേക്കും. വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കേരളത്തിന് എതിരെയുമുണ്ട് കാമ്പയിൻ. ഹർത്താലുകൾ ചൂണ്ടിക്കാട്ടിയാണ് കേരള ടൂറിസം മേഖലക്കെതിരെയുള്ള പ്രചാരണം. ഹർത്താൽ ദിനങ്ങളിൽ വിദേശ സഞ്ചാരികൾ ഭക്ഷണവും വെള്ളവും കിട്ടാതെ അലയേണ്ടിവരുന്നതും വാഹനംകിട്ടാതെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിലും കുടുങ്ങുന്നതുമെല്ലാം വിദേശ ട്രാവൽ മാഗസിനുകളിലും വാർത്തയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.