പ്രതിസന്ധി മുറുകുന്നു; തൊഴിലില്ലാപ്പട പെരുകുന്നു
text_fieldsകോവിഡ് പ്രവചനാതീതമായ പ്രതിസന്ധിയാണ് ലോകത്തിന് നൽകിയത്. 1930കളിലേതിന് സമാനമായതോ അതിൽ കൂടുതലോ ആയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങൾ നേരിടുന്നത്. മിക്ക രാജ്യങ്ങളിലും തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഭീതിദമാം വിധം വർധിക്കുകയാണ്. റഷ്യയിൽ ഏപ്രിൽ മുതൽ 78 ശതമാനം ജനങ്ങളും തൊഴിലെടുക്കുന്നില്ലെന്നാണ് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയത്. യു.എസിൽ കോവിഡ് 19 പടർന്നതോടെ 15 ശതമാനം പേർക്ക് ജോലിയില്ലാതായി. 60 ശതമാനത്തിലധികം പേരും സർക്കാർ സഹായ പദ്ധതിയിലൂടെയാണ് കഴിയുന്നതെന്ന് യു.കെ. ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് നേരത്തേതന്നെ ഉയർന്നതാണ്. കോവിഡ് വന്നതോടെ തൊഴിലില്ലായ്മ നിരക്ക് 27 ശതമാനമാനത്തിലേക്ക് എത്തി. 12.2 കോടി ജനങ്ങളാണ് രാജ്യത്ത് തൊഴിലില്ലാതെ കഷ്ടപ്പെടുന്നതെന്ന് സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പലായനം ചെയ്ത അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്ക് കൂടി എടുത്താൽ എണ്ണം കുറേ കൂടി ഉയരും. ഇവരിൽ പലരും എവിടെയും കണക്കിലില്ല എന്നതാണ് വസ്തുത.
ചെറുകിട കച്ചവടക്കാർക്കും കൂലിത്തൊഴിലാളികൾക്കുമാണ് കോവിഡ് ഏറെ തിരിച്ചടിയായത്. കോവിഡിനെ തുടർന്ന് ലോക്ഡൗൺ കൂടെ പ്രഖ്യാപിച്ചതോടെ 9.1 കോടി ജനങ്ങൾക്ക് തൊഴിലില്ലാതായി. രാജ്യത്ത് ലോക്ഡൗൺ 40 ദിവസം പിന്നിട്ടിട്ടും കുടിയേറ്റ തൊഴിലാളികളുടെ പലായനം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 200 ലധികം സർവീസുകൾ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ഒാടിയെങ്കിലും പതിനായിരങ്ങൾ ഇപ്പോഴും പലായനത്തിലാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി അനുവദിച്ചെങ്കിലും ചില സംസ്ഥാനങ്ങൾ മുഖം തിരിക്കുകയും ചെയ്തു.
നിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് രാജ്യത്തെ അന്തർ സംസ്ഥാനതൊഴിലാളികളിൽ കൂടുതൽ പേരും. മിക്ക ഫാക്ടറികളുടെയും ചെറുകിട നിർമാണ യൂനിറ്റുകളുടെയും പ്രധാന മാനവശേഷി അന്തർ സംസ്ഥാന തൊഴിലാളികളായിരുന്നു. കേരളത്തിലും സമാന സ്ഥിതിയാണ്. കോവിഡ് വന്നതോടെ ഇവർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കോവിഡിനെ പിടിച്ചുകെട്ടി. എന്നാൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നാശം വിതക്കുകയാണ്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ നിലനിന്നിരുന്ന കേരളത്തിലെ പ്ലൈവുഡ് വ്യവസായം സ്തംഭനാവസ്ഥയിലായതായി റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. ഹരിയാന സർക്കാർ വലിയ വാഗ്ദാനങ്ങൾ നൽകി ഇത്തരം തൊഴിലാളികളെ തിരിച്ചുവിളിക്കുകയാണ്.
കേരളത്തിെൻറ കാര്യമെടുത്താൽ കുറേകൂടി ഗുരുതരമാണ് സ്ഥിതി. 1980^90 കളിൽ കേരളത്തിൽനിന്നും നിരവധിപേർ ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറി. ആ പ്രവാസികളുടെ പണമായിരുന്നു കേരളത്തിെൻറ അടിത്തറ. കേരളത്തിലെ തൊഴിൽ ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികളെത്തി. ആദ്യം എത്തിയത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നായിരുന്നു. പിന്നീട് തമിഴ്നാട്ടിൽനിന്നും വരവ് കുറഞ്ഞു. കിലോ രണ്ടു രൂപ വിലക്ക് മാസം 50 കിലോ അരി എന്ന ജയലളിതയുടെ പരിഷ്കാരം വലിയ തോതിൽ തമിഴരുടെ വരവ് കുറച്ചു. തന്നെയുമല്ല കൃഷിയിലും വ്യവസായത്തിലും അവർ മുന്നേറി. തൊഴിൽതേടി മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാതെ സംസ്ഥാനത്ത് തൊഴിൽ കണ്ടെത്തി. അവരുടെ കൊഴിഞ്ഞുപോക്കോടെ കേരളത്തിലേക്ക് ബംഗാൾ, ഒഡിഷ, ബിഹാർ,അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികളെത്തി. കേരളത്തിൻെറ ചെറുകിട, ഇടത്തരം നിർമാണ യൂനിറ്റുകളിലും മറ്റു നിർമാണ പ്രവർത്തനങ്ങളിലും ഇവരായിരുന്നു എല്ലാം. കോവിഡ് വന്നതോടെ ഇവരും കളമൊഴിഞ്ഞു.
പ്രവാസി നിക്ഷേപം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കേരളവും. സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസുകളിലൊന്ന് പ്രവാസികളുെട പണമാണ്. ലോകബാങ്കിെൻറ 2019 ലെ കണക്കുപ്രകാരം 79 ബില്യൺ ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യയിലെ മൊത്തം പ്രവാസി വരുമാനത്തൻെറ 19 ശതമാനവും മലയാളികളുടേതാണ്. രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കും. 16.7 ശതമാനം.
ഒരു കാലത്ത് ഗള്‍ഫിലെ അവിദഗ്ധ തൊഴിലാളികളിൽ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളായിരുന്നു. ഒപ്പമോ തൊട്ടുപിന്നിലോ ആയിരുന്നു തമിഴർ. എന്നാല്‍ കുറേകാലമായി കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ജോലിക്കായി ഗള്‍ഫിലേക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പ്രത്യേകിച്ചും അവിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ കാര്യമായ കുറവ് വന്നു.
അതേസമയം ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന അവിദഗ്ധ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വിദഗ്ദ തൊഴിലാളികൾ, അഭ്യസ്തവിദ്യർ തൊഴിൽ തേടി പോകുന്നത് തുടരുകയും ചെയ്തു. ആദ്യഘട്ടത്തിൽ വിദേശത്ത് പോയവരുടെ പിൻമുറക്കാരായ അഭ്യസ്ത വിദ്യരാണ് ഇന്ന് ഗൾഫിലുള്ളവരിൽ ഭൂരിഭാഗവും. അവരുടെ തിരിച്ചുവരവ് കേരളം എങ്ങിനെ നേരിടുമെന്നതാണ് പ്രതിസന്ധി. അതോടൊപ്പം ഒരു വിഭാഗം അന്തർ സംസ്ഥാന തൊഴിലാളികൾ മടങ്ങിയതും.
അന്തർ സംസ്ഥാന തൊഴിലാളികളുടെ അഭാവം മിക്ക മേഖലകളിലും അനുഭവപ്പെടും. ഇതിനു പകരമാവാൻ വരുന്ന മലയാളികൾക്ക് കഴിയുക എളുപ്പമല്ല. ഇതോടെ നിർമാണ മേഖലയടക്കം പല രംഗത്തും രൂക്ഷമായ പ്രതിസന്ധി അഭിമുഖീകരിക്കും. കേരളത്തിെൻറ ഉൽപ്പാദനമേഖലയെ ഇവ സാരമായി ബാധിക്കും. നികുതി വരുമാനവും ഇതോടെ കുറയും.
മടങ്ങിവരുന്ന പ്രവാസികൾ സ്വന്തം നാട്ടിൽ തൊഴിൽ ചെയ്യണമെന്ന വാദം മുന്നോട്ടുവെക്കുന്ന ചിലരുണ്ട്. കേരളം കഴിഞ്ഞ 30 വർഷത്തിനകം ഏറെ മാറി. അവർ തിരിച്ചുവരുേമ്പാൾ ഒഴിഞ്ഞുകിടക്കുന്ന നിർമാണ ചെറുകിട മേഖലകൾ അവർക്കായി നീട്ടാൻ സാധിക്കില്ല. പുതിയ തൊഴിൽ മേഖലകൾ തേടേണ്ടിവരും. സ്റ്റാർട്ടപ്പുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുക. പക്ഷേ എന്നിരുന്നാലും ഒന്നുണ്ട്. മലയാളി ഇതും മറികടക്കും. പുതിയ മേഖലകൾ കണ്ടെത്തും. ഒാർമയില്ലേ, ആദ്യ പ്രവാസം. അതു ബർമയിലേക്കും സിലോണിലേക്കും ആയിരുന്നു. അതിനുശേഷം മലേഷ്യ. പിന്നെയായിരുന്നു ഗൾഫ്. പതിയ മേച്ചിൽപുറം തേടി മലയാളി പറക്കും. കണ്ടെത്തും തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.