മറികടക്കാനാകാതെ കേരളം
text_fieldsതിരുവനന്തപുരം: നോട്ട് നിരോധനം സൃഷ്ടിച്ച കെടുതി രണ്ട് വർഷം പിന്നിട്ടിട്ടും കേരളത്തിന് മറികടക്കാനായില്ല. അതിജീവനശ്രമങ്ങളെ ചരക്ക് സേവന നികുതി വീണ്ടും തകർത്തു. തിരിച്ചുവരവിെൻറ സൂചനക്കിടെയാണ് പ്രളയത്തിൽ പ്രതീക്ഷകൾ മുങ്ങിപ്പോയത്. പ്രവാസികളുടെ മടക്കവും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
കാർഷിക മേഖല സമ്പൂർണ തകർച്ചയിലായി. റബർ അടക്കം തോട്ട വിളകളുടെ വില ഉയർത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണി അഭിമുഖീകരിക്കുന്നു. കാപ്പി, തേയില, ഏലം, കരുമുളക് എന്നിവയിലൊക്കെ വിലത്തകർച്ച. പ്രളയത്തിൽ നെല്ലും പച്ചക്കറിയും വാഴയുമടക്കം മറ്റ് കൃഷികളും വൻ തോതിൽ നശിച്ചു.
വാർഷികപദ്ധതിയെയും ബജറ്റുകളെയും രണ്ട് വർഷമായി താളംതെറ്റിച്ചിരിക്കുകയാണ് നോട്ട് നിരോധനം. സർക്കാറിെൻറ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. ശമ്പളം നൽകാൻപോലും സർക്കാർ വിഷമിച്ച ഘട്ടത്തിലാണ് ജി.എസ്.ടി കൂടി വന്നത്. ജി.എസ്.ടിയിൽ വരുമാന വർധനവിെൻറ സൂചന ലഭിച്ചത് കഴിഞ്ഞ ഒക്ടോബറിൽ മാത്രമാണ്. വാർഷിക പദ്ധതികളുടെ നടത്തിപ്പ് ലക്ഷ്യത്തിലെത്തിക്കാനായില്ല. പ്രളയംകൂടി വന്നതോടെ വാർഷികപദ്ധതികൾ 20 ശതമാനം വെട്ടിക്കുറച്ചു. ഇതെല്ലാം സംസ്ഥാനത്തിെൻറ വികസനലക്ഷ്യങ്ങൾക്ക് തിരിച്ചടിയായി.
വിനോദസഞ്ചാര മേഖല തിരിച്ചുവരവിെൻറ സൂചന കാണിെച്ചങ്കിലും തിരിച്ചടികൾ ക്ഷീണമായി. വൻ വരുമാനനഷ്ടമാണ് കേരളത്തിെൻറ ടൂറിസം മേഖലയിലുണ്ടായത്. സഹകരണമേഖല തിരിച്ചുവരവിെൻറ പാതയിലാണ്. കേന്ദ്രം നിയന്ത്രണം മുറുക്കിയപ്പോൾ അതിനനുസരിച്ച് നടപടികളിൽ മാറ്റം വരുത്തേണ്ടിവന്നു. സഹകരണ ബാങ്കുകളെ കള്ളപ്പണ കേന്ദ്രങ്ങളായി ചിത്രീകരിക്കുകയാണ് നോട്ട് നിരോധനകാലത്ത് ചെയ്തത്. അവ ഗ്രാമീണ മേഖലകളിൽ നടത്തുന്ന ശ്രമങ്ങളെ കാര്യമായി കണ്ടില്ല.
മാന്ദ്യം മറികടക്കാൻ വിഭാവനംചെയ്ത കിഫ്ബി പദ്ധതികൾ പ്രായോഗിക തലത്തിലേക്ക് വരുന്നതേയുള്ളൂ. അരലക്ഷം കോടിയുടെ പദ്ധതികളാണ് വിവിധ മേഖലകളിൽ ഉദ്ദേശിക്കുന്നത്. 12000 കോടിയുടെ പദ്ധതികൾക്കാണ് ഏറ്റവുമൊടുവിൽ അംഗീകാരം നൽകിയത്.
പ്രവാസികൾ അയക്കുന്ന പണം ആഡംബരത്തിന് വിനിയോഗിക്കുന്നതിെൻറ അളവ് നോട്ട് നിരോധനത്തോടെ കുറഞ്ഞു. ഏത് പ്രതിസന്ധിയിലും കേരളത്തെ താങ്ങിനിർത്തിയിരുന്നത് പ്രവാസി പണമാണ്. അവരുടെ വൻതോതിലുള്ള മടങ്ങിവരവ് കേരളത്തെ കൂടുതൽ പ്രയാസത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.