കൊച്ചി സ്മാര്‍ട്സിറ്റി 2021ല്‍ പൂര്‍ത്തിയാവും
text_fieldsദുബൈ: കൊച്ചി സ്മാര്‍ട്സിറ്റി നിര്‍മാണം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരു വര്‍ഷം മുമ്പുതന്നെ പൂര്‍ത്തിയാവും. 2022ല്‍ പദ്ധതി നടപ്പാക്കുമെന്നായിരുന്നു മുന്‍ തീരുമാനമെങ്കിലും യു.എ.ഇ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്സിറ്റി നിര്‍വാഹകരായ ദുബൈ ഹോള്‍ഡിങ്സിന്‍െറ വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രഖ്യാപനമുണ്ടായത്. കേരളം ലക്ഷ്യമിടുന്ന ഡിജിറ്റല്‍ വിപ്ളവം സാധ്യമാവാന്‍ സ്മാര്‍ട്സിറ്റി യാഥാര്‍ഥ്യമാവണമെന്നും കേരളത്തിലെ വിവിധ വ്യവസായ സംരംഭങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ ദുബൈ ഹോള്‍ഡിങ്സ് ഉള്‍പ്പെടെ വന്‍കിട സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിനോദസഞ്ചാര, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിലാണ് സഹകരണം തേടുന്നത്. കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന ദേശീയതല ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ സാധ്യതകള്‍ ആരായും. മലബാറിലെ കടലോരങ്ങള്‍ കേന്ദ്രീകരിച്ച് ദുബൈ മാതൃകയില്‍ മികച്ചരീതിയില്‍ ടൂറിസം വികസിപ്പിക്കാനാവും.
കേരളീയ സമൂഹത്തിന്‍െറ കലാപ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈയും ഷാര്‍ജയും കേന്ദ്രീകരിച്ച് സാംസ്കാരിക നിലയങ്ങള്‍ അനുവദിക്കണമെന്ന് ഭരണാധികാരികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കുട്ടികളെ മലയാളം പഠിപ്പിക്കാനുള്ള താല്‍പര്യം പ്രവാസി കുടുംബങ്ങളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനു സൗകര്യമുള്ള സ്കൂളുകള്‍ തുറക്കാനും മലയാളി സമൂഹത്തിന് താമസ സൗകര്യമൊരുക്കുന്ന ഫാമിലി സിറ്റി നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചു. സ്ഥലം ലഭ്യമായാല്‍ സര്‍ക്കാര്‍ നേരിട്ടല്ല, ഇവിടുത്തെ സമൂഹത്തിന്‍െറ മുന്‍കൈയില്‍ വീടുകള്‍ നിര്‍മിക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്നും വാടകയായി നല്‍കുന്ന പണം കൊണ്ട് വീട് സ്വന്തമാക്കാന്‍ കഴിയുന്ന വിധമാണ് പദ്ധതി ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, കേരളത്തിന്‍െറ ആവശ്യങ്ങള്‍ ഏറെ താല്‍പര്യപൂര്‍വമാണ് പരിഗണിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ കാബിനറ്റ്- ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരെയും കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.