പൂട്ട് തുറക്കുേമ്പാൾ രാജ്യം കണക്കെടുക്കുക പട്ടിണിമരണങ്ങളുടെയോ?
text_fieldsന്യൂഡൽഹി: രണ്ടാംഘട്ട ലോക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കേ മേയ് 17 വരെ വീണ്ടും രാജ്യം അടച്ചിട്ട തീരുമാനം വന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യം ഇന്ത്യയാണെന്നായിരുന്നു പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രധാന വാദം. എന്നാൽ ഡൽഹിയിൽനിന്നുള്ള കൂട്ടപലായനവും കോവിഡ് രോഗ പരിശോധനയിലെ കുറവുമെല്ലാം രാജ്യം കോവിഡിനെതിരെ വെറുമൊരു ലോക്ഡൗൺ മാത്രമാണ് സ്വീകരിച്ചതെന്ന് തെളിയിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാത്രം മുട്ടാനും ദീപം തെളിയിക്കാനുമായിരുന്നു ഓരോ ലോക്ഡൗൺ പ്രഖ്യാപനത്തിന് മുമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. വ്യാപക പരിശോധനകളുടെ അഭാവവും വീഴ്ചകളും മാത്രമായി രാജ്യം മുന്നോട്ടുനീങ്ങി. കോവിഡിനെതിരെ മറ്റൊന്നും ചെയ്യാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുമില്ല. ജാള്യത മറക്കാനെന്നവണ്ണം ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത് രാജ്യത്തെ എവിടേക്കാകും നയിക്കുകയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.
മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപനത്തോടെ 58 ദിവസമാകും രാജ്യം അടഞ്ഞുകിടക്കുക. അവശ്യസാധനങ്ങളുടെ വിതരണം വിരലിൽ എണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം നടന്നുവരുന്നു. റേഷൻകാർഡ് ഇല്ലാത്തവരും ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ വസിക്കുന്നവരും കൊടും പട്ടിണിയെന്തെന്ന് അറിഞ്ഞുകഴിഞ്ഞു. കല്ലുതിന്ന് ജീവിക്കാനാകില്ലെന്ന് അറിയിച്ച് കാൽനടയായി കുടിയേറ്റ തൊഴിലാളികൾ നടന്നുനീങ്ങി. വെള്ളവും ഭക്ഷണവുമില്ലാതെ പലരും സ്വന്തം ഗ്രാമങ്ങളിൽ എത്തുന്നതിന് മുന്നേ മരിച്ചുവീണു. ചത്തപശുവിൻെറ മാംസമെടുത്തും എലിയെ ചുട്ടുതിന്നും പൈപ്പ് വെള്ളം കുടിച്ച് വിശപ്പടക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ ഭക്ഷണത്തിനായി എലിയെ പിടികൂടി അവയെ കയ്യിൽ പിടിച്ച് നിൽക്കുന്ന കുട്ടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു.
രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ലോക്ഡൗണിനെതിരെ ദിവസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. ലോക്ഡൗൺ രാജ്യത്തിൻെറ സാമ്പത്തിക മേഖലയെ പൂർണമായും നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനു ചുവടുപിടിച്ച് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്, ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ രംഗത്തെത്തുകയും ചെയ്തു. ലോക്ഡൗൺ നീട്ടുകയാണെങ്കിൽ കോവിഡ് 19 മൂലം മരിക്കുന്നവരെക്കാൾ കൂടുതൽപേർ പട്ടിണിമൂലം മരിക്കുമെന്നായിരുന്നു എൻ.ആർ. നാരായണമൂർത്തി അഭിപ്രായപ്പെട്ടത്. പട്ടിണി മരണം ഒഴിവാക്കാൻ 65,000 കോടി രൂപ പാവങ്ങൾക്ക് വേണ്ടി നൽകണമെന്നായിരുന്നു രഘുറാം രാജൻെറ അഭിപ്രായം.
രാജ്യത്തെ 10 കോടി ജനങ്ങൾ കോവിഡ് മൂലം തൊഴിൽ രഹിതരായി കഴിഞ്ഞു. 10 കോടി കുറഞ്ഞ എണ്ണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം, എണ്ണം ഇനിയും കൂടും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 8.9 ശതമാനമായിരുന്നു. എന്നാൽ ഏപ്രിലിൽ അത് 23.5 ആയി ഉയർന്നു. അതിഭീകരമായ തൊഴിൽ ക്ഷാമമായിരിക്കും വരും മാസങ്ങളിൽ നേരിടേണ്ടി വരികയെന്നതാണ് സത്യം. ജനങ്ങൾക്ക് ഇടപാടുകൾ നടത്താൻ പണമില്ലാതെയായി. വായ്പയെടുത്തും മറിച്ചും ഗുണിച്ചും മുന്നോട്ടുപോയിക്കൊണ്ടിരുന്ന ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട നിലയിെലത്തി. തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും വായ്പ എടുക്കേണ്ട ഗതിയായെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്തിരുന്നത് നിർമാണ മേഖലയിലായിരുന്നു. ഈ മേഖല ലോക്ഡൗണോടെ പൂർണമായും സ്തംഭിച്ചു. പട്ടിണി മൂലം ജനങ്ങൾ ഇപ്പോൾ തെരുവിലിറങ്ങാത്തത് കേവിഡിനെ മാത്രം ഭയന്നായിരിക്കും. എന്നാൽ വരും ദിവസങ്ങളിൽ അതും രാജ്യം കാണേണ്ടിവരും.
രാജ്യത്ത് ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് ഇങ്ങനെ എഴുതിയിരുന്നു: നാടോടികളായി കഴിയുന്നവരും, ചേരികളില്‍ ജീവിക്കുന്നവരുമായ പതിനായിരക്കണക്കിന് മുനുഷ്യര്‍ ഇന്ത്യയില്‍ ഉണ്ട്. ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന കൃഷിക്കാരും സാധാരണക്കാരുമാണ് ഇന്ത്യയിലെ 70 ശതമാനം ആളുകളും. എങ്ങനെയാണ് ഇവര്‍ ഈ 21 ദിവസം ജീവിക്കുക. നിങ്ങള്‍ ധൈര്യമായി വീട്ടില്‍ ഇരിക്കുക. ഈ മൂന്നാഴ്ച ജീവിക്കാനുള്ള അത്യാവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ തരും എന്ന് പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു’’. അതെ, മൂന്നാംഘട്ട ലോക്ഡൗണിലെങ്കിലും ഇത്തരത്തിൽ ഒരു വാക്ക് പ്രധാനമന്ത്രി പറഞ്ഞെങ്കിൽ ഒരുപാട് ജീവനുകൾ ഇനിയും പിടിച്ചുനിർത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.