എം.എ. യൂസുഫലിക്ക് സൗദി അറേബ്യയുടെ പ്രീമിയം റസിഡൻസി കാർഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസുഫലി. സൗദി അറേബ്യയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നൽകുന്നത്.
പ്രീമിയം റസിഡൻസി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്തവർക്ക് രാജ്യത്ത് സ്പോൺസർ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും വസ്തുവകകൾ വാങ്ങാനും സാധിക്കും. വൻകിട നിക്ഷേപകർക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകൾക്കും നൽകുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡൻസി കാർഡ്. നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡൻസി കാർഡിന് അർഹനായതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.യൂസുഫലി പറഞ്ഞു. ദീർഘദർശികളായ സൽമാൻ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും, സൗദി സർക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡൻസി പ്രവാസികൾക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസുഫലി കൂട്ടിച്ചേർത്തു. നേരത്തെ യു.എ.ഇ.യുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസുഫലിക്കാണ് ലഭിച്ചത്.
3000 ൽ പ്പരം സ്വദേശികൾ ജോലി ചെയ്യുന്ന ലുലുവിന് നിലവിൽ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പർമാർക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിൻെറ 8 മിനിമാർക്കറ്റുകളുടെളുടെയും നടത്തിപ്പ് ചുമതല ലുലുവിനാണ്. 2022 ആകുമ്പോഴേക്കും 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ആരംഭിക്കാൻ ലുലുവിന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.