ചൈനീസ് സ്മാർട്ട്ഫോണുകളുടെ മാർക്കറ്റ് ഷെയർ കുത്തനെ ഇടിഞ്ഞു; നേട്ടമുണ്ടാക്കി സാംസങ്
text_fieldsന്യൂഡൽഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ മാർക്കറ്റ് ഷെയർ 81 ശതമാനത്തില്‍ നിന്ന് 72 ശതാനമായി ഇടിഞ്ഞു. സമീപകാലത്തായി രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും പ്രതിഫലിക്കുന്ന കാഴ്ച്ചയാണിപ്പോൾ. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 81 ശതമാനവും ഇതുവരെ ഷവോമി, ബി.ബി.കെ ഇലക്ട്രോണിക്സ് എന്നീ കമ്പനികളുടെ കൈകളിലായിരുന്നു. ഒപ്പോ, വിവോ, റിയല്‍മി, വൺപ്ലസ്, െഎകൂ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകൾ എല്ലാം തന്നെ ബി.ബി.കെയുടെ കീഴിലുള്ളതാണ് .
ഇതോടെ കഴിഞ്ഞ പാദത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന കൊറിയൻ ബ്രാൻഡ് സാംസങ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. രണ്ടു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ചൈനീസ് ബ്രാന്‍ഡുകൾക്ക് ഇത്തരത്തിൽ തിരിച്ചടി ലഭിക്കുന്നത്. കോവിഡ് മൂലമുള്ള ലോക്ഡൗണും തിരിച്ചടി വർധിപ്പിച്ചു.
നിലവിൽ രാജ്യത്ത് വിൽപ്പനയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളാണ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 29 ശതമാനം വിപണി പങ്കാളിത്തമാണ് അവര്‍ നേടിയത്. കഴിഞ്ഞ പാദത്തിൽ 16 ശതമാനമുണ്ടായിരുന്നിടത്ത് നിന്ന് 26 ശതമാനം വിപണി പങ്കാളിത്തം വര്‍ധിപ്പിച്ച സാംസങ് രണ്ടാമത്. 17 ശതമാനം വിപണി പങ്കാളിത്തത്തോടെ വിവോയാണ് മൂന്നാം സ്ഥാനത്ത്. 11 ശതമാനവുമായി ഒപ്പോ, 9 ശതമാനത്തോടെ റിയൽമി എന്നിവയും പിന്നാലെയുണ്ട്. ഒപ്പോ,വിവോ,റിയൽമി തുടങ്ങിയവ ഒരു ബ്രാൻഡിന് കീഴിലുള്ള സബ് ബ്രാൻഡുകളാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ അടക്കമുള്ള മറ്റു സ്മാര്‍ട്ട് ഫോൺ ബ്രാൻഡുകൾക്കെല്ലാം ചേർത്ത് എട്ടു ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.
2015 കാലയളവില്‍ വിപണിയിൽ 16 മുതൽ 18 ശതമാനം വരെ പങ്കാളിത്തം ഉണ്ടായിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകൾക്ക് നിലവിൽ വെറും ഒരുശതമാനം മാത്രമാണ് പങ്കാളിത്തമുള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ചൈന വിരുദ്ധ വികാരം ഇന്ത്യൻ കമ്പനികൾക്ക് മികച്ച അവസരമാണ് സൃഷ്ടിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.