‘മാന്ദ്യവും തൊഴിൽനഷ്ടവും താൽക്കാലികം’
text_fieldsന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം താൽക്കാലികമാണെന്ന് കേന്ദ്ര സർക്കാർ. നരേന്ദ്ര മോദി സർക്കാറിെൻറ 100 ദിവസത്തെ ഭരണനേട്ടങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ സർക്കാർ നിലപാട് അറിയിച്ചത്.
രാജ്യത്ത് ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യം താൽക്കാലികമാണ്. സമ്പദ്ഘടനയെ തിരികെ കൊണ്ടുവരാൻ സുപ്രധാന തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യത്തിന് അനുസൃതമായ മാന്ദ്യമേ ഇന്ത്യയിലുമുള്ളൂ എന്നും ജാവ്ദേക്കർ അവകാശപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ ലയനം സാമ്പത്തിക വളർച്ചക്ക് കരുത്തുപകരും. തൊഴിലില്ലാതായിക്കൊണ്ടിരിക്കുന്ന നിലവിലുള്ള അവസ്ഥയിൽ നിന്ന് ഇന്ത്യ പുറുത്തുവരും. നിക്ഷേപങ്ങൾ കൊണ്ടുവരാനും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും നിക്ഷേപ വളർച്ച സമിതി, തൊഴിൽ വൈദഗ്ധ്യ വികസന സമിതി എന്നിങ്ങനെ രണ്ട് മന്ത്രി തല സമിതി ഉണ്ടാക്കിയിരിക്കുകയാണെന്നും രണ്ടിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നയിക്കുകയെന്നും മന്ത്രി പറഞ്ഞു. 2025ൽ അഞ്ച് ട്രില്യൻ ഡോളറിെൻറ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.100 ദിവസത്തെ ധീരമായ തുടക്കങ്ങളും നിർണായക നടപടികളും എന്ന പേരിൽ മോദി സർക്കാറിെൻറ റിപ്പോർട്ട് കാർഡും ജാവ്ദേക്കർ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു. കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾക്ക് ഉന്നതാധികാര സമിതി രൂപവത്കരിച്ചിട്ടുണ്ട്.
100 ദിനങ്ങൾക്കുള്ളിൽ ചരിത്രപരമായ തീരുമാനങ്ങളാണ് സർക്കാർ എടുത്തതെന്ന് മന്ത്രി പറഞ്ഞു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതും പോസ്കോ നിയമത്തിലും യു.എ.പിഎ നിയമത്തിലും കർശന വ്യവസ്ഥകൾ കൊണ്ടുവന്നതും ചരിത്ര നടപടികളാണ്. ഇവയിൽ പല തീരുമാനങ്ങളും നടപ്പാക്കാനുള്ള നടപടി തെരഞ്ഞെടുപ്പിന് മുേമ്പ എടുത്തിരുന്നുവെന്നും ജാവ്ദേക്കർ പറഞ്ഞു.
370ാം അനുേഛദം റദ്ദാക്കിയതാണ് രണ്ടാം മോദി സർക്കാറിെൻറ ഏറ്റവും വലിയ തീരുമാനം. 35 ദിവസം കഴിഞ്ഞിട്ടും ഒരു വെടിപോലും കശ്മീരിൽ ഉതിർത്തിട്ടില്ലെന്നും ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.