ഇൻഫോസിസ് ചെയർമാൻ സ്ഥാനം ഉപേക്ഷിച്ചതിൽ പശ്ചാത്തപിക്കുന്നു- നാരായണമൂർത്തി
text_fieldsന്യൂഡൽഹി: 2014ൽ ചെയർമാൻ സ്ഥാനം ഉപേക്ഷിച്ചതിൽ ഇപ്പോൾ ഖേദം തോന്നുന്നുവെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി. സഹസ്ഥാപകരുടെ അഭ്യർഥന ചെവിക്കൊള്ളാതെയാണ് താൻ 2014ൽ സ്ഥാനം രാജിവെച്ചത്. ഇത് പാടില്ലായിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഐ.ടി സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇൻഫോസിസ്. ഇപ്പോഴത്തെ ഇൻഫോസിസ് ചെയർമാനായ വിശാൽ സിക്കയുടെ നയങ്ങളിൽ തൃപ്തനല്ലെന്ന് കൂടിയാണ് മൂർത്തി ഇതിലൂടെ വെളിപ്പെടുത്തുന്നത്.
എന്തായാലം എല്ലാ ദിവസവും ഇൻഫോസിസ് കാമ്പസിലെത്തുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ആരംഭിച്ച് 33 വർഷങ്ങൾക്ക് ശേഷമാണ് 2014ൽ മൂർത്തി കമ്പനി വിട്ടത്. 21 വർഷത്തോളം അദ്ദേഹമായിരുന്നു ഇൻഫോസിസിന്‍റെ സി.ഇ.ഒ. പിന്നീട് ചെയർമാനായി തുടർന്നു.
'പൊതുവെ ഞാനൊരു വികാരജീവിയാണ്. ആദർശത്തിൽ അധിഷ്ഠിതമായാണ് ഞാൻ ഓരോ തീരുമാനവും എടുക്കുന്നത്. എങ്കിലും എന്‍റെ സഹപ്രവർത്തകരുടെ വാക്ക് പരിഗണിക്കണമായിരുന്നു. വ്യക്തിപരമായും തൊഴിൽപരവുമായ കാരണങ്ങളാൽ ഇപ്പോൾ അതേച്ചൊല്ലി ഞാൻ അത്യധികം പശ്ചാത്തപിക്കുന്നു. ഇൻഫോസിസിൽ കുറച്ചുകാലം കൂടി തുടരണമെന്ന സഹപ്രവർത്തകരുടെ വാക്കുകൾ താൻ ചെവികൊള്ളണമായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ആറ് സഹസ്ഥാപകർക്ക് കൈമാറി 2014ലാണ് നാരായണ മൂർത്തി കമ്പനി വിട്ടത്. മൂർത്തിക്ക് ശേഷം നന്ദൻ നിലകേനിയും എസ്. ഗോപാലകൃഷ്ണനും എസ്.ഡി ഷിബുലാലും സി.ഇ.ഒ മാരായിരുന്നു. 2014ലാണ് വിശാൽ സിക്ക സി.ഇ.ഒയായി ചുമതലയേറ്റത്.
2014ൽ ചെയർമാൻ പദവിയും ഉപേക്ഷിക്കാൻ തീരമാനിക്കുകയായിരുന്നു മൂർത്തി. എന്നാൽ കുറച്ച് ദിവസങ്ങളായി ഇൻഫോസിസ് മാനേജ്മെന്‍റിന്‍റെ നിലപാടുകളെ വിമർശിക്കാൻ മടിക്കുന്നില്ല മൂർത്തി. മുൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ശമ്പള പാക്കേജിന്‍റെ കാര്യത്തിലും പുതിയ മാനേജ്മെന്‍റ് സ്വീകരിച്ച നിലപാടുകളിൽ മൂർത്തിക്ക് വിമർശനമുണ്ടെന്ന് തന്നെയാണ് അദ്ദേഹത്തിന്‍റെ സമീപകാല നിലപാടുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.