ലോകത്തിലെ ഏറ്റവും ‘ചെലവേറിയ’ വിവാഹമോചനം; ഒറ്റ ദിനം കൊണ്ട് കോടീശ്വരിയായി ചൈനീസ് വനിത
text_fieldsബെയ്ജിങ്: ഏഷ്യയിെല ഏറ്റവും ‘ചെലവേറിയ’ വിവാഹമോചനത്തിലൂടെ കോടീശ്വരിയായി മാറിയിരിക്കുകയാണ് യുവാൻ ലിപിങ് എന്ന ചൈനീസ് വനിത. ഷെൻസായ് കങ്തായ് ബയോളജികൽ പ്രൊഡക്ട്സ് എന്ന വാക്സിൻ കമ്പനി ഉടമയായ ഡു വെയ്മിനാണ് വിവാഹമോചനം നേടിയതിന് നഷ്ടപരിഹാരമായി 161.3 ദശലക്ഷം ഓഹരി മുൻഭാര്യയുടെ പേരിലേക്ക് മാറ്റിയത്.
വിപണിയിൽ 320 കോടി ഡോളർ വിലമതിക്കുന്ന ഓഹരികൾ സ്വന്തം പേരിലായതോടെ യുവാൻ കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരിയായി. ഓഹരികൾ സ്വന്തമായെങ്കിലും വോട്ടിങ്ങിനുള്ള അവകാശം മുൻ ഭർത്താവിന് നൽകുന്നതായാണ് അവർ കരാർ ഒപ്പിട്ടത്. കനേഡിയൻ പൗരയായ യുവാൻ 2011 മെയ് മുതൽ 2018 ആഗസ്റ്റ് വരെ കങ്തായ് കമ്പനിയുടെ ഡയറക്ടറായി പ്രവർത്തിച്ചു. ഉപകമ്പനിയായ ബെയ്ജിങ് മിൻഹായ് ബയോടെക്നോളജിയുടെ വൈസ് ജനറൽ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു.
ബെയ്ജിങ്ങിലെ ഇൻറർനാഷനൽ ബിസിനസ് ആൻഡ് ഇക്കണോമിക്സ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കോവിഡ് 19നുള്ള വാക്സിന് നിർമിച്ചുകൊണ്ടിരിക്കുകയാണെന്ന വാർത്തയെത്തുടർന്ന് കമ്പനിയുടെ ഓഹരികൾക്ക് മികച്ച വളർച്ചയായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിവാഹമോചന വാർത്ത പുറത്തു വന്നതോടെ നേരിയ ഇടിവ് നേരിടുന്നുണ്ട്. ഇതോടെ ഡുവിെൻറ മൊത്തം ആസ്തി 650 കോടി ഡോളറിൽ നിന്നും 310 കോടി ഡോളറായി ഇടിഞ്ഞു.
ചൈനയിൽ വിവാഹമോചനത്തിനായി കോടികൾ നഷ്ടപരിഹാരം നൽകേണ്ടി വരുന്ന ആദ്യ ബിസിനസുകാരനല്ല ഡു. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ധനികയായിരുന്ന വു യജുൻ മുൻഭർത്താവായ കായ് ക്വിയിൽ നിന്ന് വിവാഹമോചനം നേടാനായി 230 കോടി ഡോളറിെൻറ ഓഹരിയാണ് മാറ്റി എഴുതിയത്. ടെക് ഭീമൻ സൂ യഹൂ തെൻറ ഓൺലൈൻ ഗെയിമിങ് കമ്പനിയായ ബെയ്ജിങ് കുൻലനിെൻറ 110 കോടിയുടെ ഓഹരിയാണ് മുൻഭാര്യ ലി ക്വോങിന് സിവിൽ കോടതി ഒത്തുതീർപ്പിലൂടെ നൽകേണ്ടി വന്നത്.
ലോകത്തിലെ ഏറ്റവും 'ചെലവേറിയ' വിവാഹമോചനം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും മുൻ ഭാര്യ മക്കൻസിയും തമ്മിലുള്ളതാണ്. ബെസോസിന്‍റെ പക്കലുണ്ടായിരുന്ന ആമസോണിന്‍റെ 16.3 ശതമാനം ഓഹരികളില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിച്ചത്. 480 കോടി ഡോളർ ആസ്തിയുള്ള മക്കൻസി നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.