എണ്ണവില: കേന്ദ്രം എക്സൈസ് നികുതി കുറക്കില്ല
text_fieldsന്യൂഡൽഹി: പെട്രോൾ-ഡീസൽ വില കുതിച്ചുയരുേമ്പാഴും എക്സൈസ് നികുതി കുറക്കാൻ തയാറല്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ വിൽപന നികുതിയോ വാറ്റോ കുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. പെട്രോൾ-ഡീസൽ വില കഴിഞ്ഞ 55 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. എക്സൈസ് നികുതി കുറച്ചാൽ ഇന്ധനവിലയുടെ കാൽഭാഗമെങ്കിലും കുറയുമെങ്കിലും ബജറ്റ് കമ്മി കുറച്ചു കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്ന സമയത്ത് അത് ഉചിത നടപടിയല്ലെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ആഭ്യന്തര മൊത്ത ഉൽപാദനത്തിെൻറ 3.5 ശതമാനമായിരുന്ന ധനക്കമ്മി നടപ്പുവർഷം 3.3 ആയി കുറക്കാനാണ് നീക്കം. ഇന്ധന എക്സൈസ് നികുതിയിൽ ഒരു രൂപ കുറഞ്ഞാൽ 13,000 കോടിയുടെ നഷ്ടമാണ് സർക്കാറിനുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രേണ്ടാ രൂപ കൂടുന്നതിനെക്കാൾ സാമ്പത്തിക സ്ഥിതിക്കാണ് കൂടുതൽ പ്രാധാന്യം. എണ്ണ വില കൂടുന്നത് പണപ്പെരുപ്പം സൃഷ്ടിക്കില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പെട്രോൾ ലിറ്ററിന് 19.48 രൂപയും ഡീസൽ ലിറ്ററിന് 15.33 രൂപയുമാണ് കേന്ദ്രം ചുമത്തുന്ന എക്സൈസ് നികുതി. സംസ്ഥാനങ്ങളുടെ വിൽപന നികുതിയോ വാറ്റോ വ്യത്യസ്തവുമായിരിക്കും. അന്താരാഷ്ട്ര വിലക്ക് അനുസൃതമായാണ് പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധന വില നിശ്ചയിക്കുന്നത്. പ്രതിദിന നിരക്ക് വർധനക്ക് തീരുമാനിച്ചശേഷം എക്സൈസ് നികുതി കുറക്കണമെന്ന് പറയുന്നതോ കൂടുതൽ വരുന്ന തുകയുടെ ഭാരം എണ്ണക്കമ്പനികൾ പേറണമെന്ന് പറയുന്നതോ യുക്തിസഹമല്ലെന്നും കേന്ദ്ര ഉദ്യോഗസ്ഥൻ പറഞ്ഞു.
പകുതിയോളം നികുതിയായതിനാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഇന്ധന വിലയുള്ള രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര എണ്ണവില ഏറ്റവും കുറഞ്ഞ നവംബർ 2014നും 2016 ജനുവരിക്കും ഇടയിൽ ഒമ്പതു വട്ടമാണ് കേന്ദ്രം എക്സൈസ് നികുതി കൂട്ടിയത്. കഴിഞ്ഞ ഒക്ടോബറിൽ ഒരു തവണ മാത്രം എക്സൈസ് നികുതിയിൽ രണ്ടു രൂപ കുറവ് വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.