വികസനത്തിന് പ്രവാസിപ്പണം തന്നെ ശരണം; വരുന്നു മലയാളസഭയും
text_fieldsകേരളത്തിലെ ബാങ്കുകളുടെ കോർ കമ്മിറ്റിയുടെ കണക്കനുസരിച്ച് പ്രതിവർഷം ലക്ഷം കോടിയോളം രൂപയാണ് പ്രവാസി മലയാളികളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നത്. ഇതിൽ പത്ത് ശതമാനമെങ്കിലും സംസ്ഥാന സർക്കാറിന് നിക്ഷേപമായി ലഭിച്ചാൽ വികസനരംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി, കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് െഎസക് കെ.എസ്.എഫ്.ഇ വഴി പ്രവാസി ചിട്ടി നടത്തി, ചിട്ടിപ്പണം ബോണ്ടായി മാറ്റി വികസനത്തിന് പണം കണ്ടെത്തുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു.
ഇൗ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 30ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ആദ്യവർഷം കുറഞ്ഞത് ലക്ഷം പേരെയെങ്കിലും പ്രവാസി ചിട്ടിയുടെ വരിക്കാരാക്കി ലക്ഷ്യംനേടാനാണ് പദ്ധതി. പ്രവാസി മലയാളികൾ അടക്കുന്ന മാസത്തവണ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിെൻറ (കിഫ്ബി) എൻ.ആർ.െഎ ബോണ്ടുകളിൽ കെ.എസ്.എഫ്.ഇയുടെ പേരിൽ നിക്ഷേപിക്കും. പ്രവാസികൾ അവരുടെ ചിട്ടികളിലാണ് പണം നിക്ഷേപിക്കുന്നത്. അതിനാൽതന്നെ നിക്ഷേപത്തിന് സർക്കാറിെൻറയും കെ.എസ്.എഫ്.ഇയുടെയും പൂർണസുരക്ഷയുമുണ്ടാകും.
ഈ വഴിക്ക് 12,000 കോടി സമാഹരിക്കാൻ പ്രയാസമില്ലെന്ന വിലയിരുത്തലിലാണ് ധനവകുപ്പ്. ഇതിൽ നിന്ന് പതിനായിരം കോടി രൂപ ഉപയോഗിച്ച് 1267 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയുടെയും 630 കിലോമീറ്റർ നീളമുള്ള തീരദേശപാതയുടെയും വികസനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിന് പുറമേയാണ് ആരോഗ്യം, വിനോദസഞ്ചാരവികസനം തുടങ്ങിയ രംഗങ്ങളിൽ പ്രവാസി നിക്ഷേപം ഉറപ്പുവരുന്നതിന് ‘ആഗോള മലയാളി സഭ’എന്ന പേരിൽ ജനുവരിയിൽ ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗൾഫിൽ നിന്ന് പ്രവാസി മലയാളികളുടെ തിരിച്ചൊഴുക്കിന് ഗതിവേഗം കൂടിയ സാഹചര്യത്തിൽ, മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ഇതിൽ ചർച്ചയാകും.
ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം നിയമസഭ കോംപ്ലക്സിലാണ് ആഗോള മലയാളസഭ സംഘടിപ്പിക്കുന്നത്. 170 പ്രവാസി സംഘടനപ്രതിനിധികൾ, വിവിധ പ്രവാസി പ്രമുഖർ, സംസ്ഥാനത്തെ മുഴുവൻ എം.പിമാരും എം.എൽ.എമാരും, മറ്റ് സംഘടനകളിൽ നിന്നുള്ള നിരീക്ഷകർ തുടങ്ങിയവർ പെങ്കടുക്കുന്ന പാനൽചർച്ചകളാണ് നടക്കുക. നോർക്ക റൂട്സ് ആണ് സംഘാടകർ. ലോക സമ്പദ്വ്യവസ്ഥയിൽ അനുഭവപ്പെടുന്ന മാന്ദ്യം, ജി.സി.സി രാജ്യങ്ങളിലെ തൊഴിൽനിയമങ്ങളിലുണ്ടായ കാർക്കശ്യം തുടങ്ങിയവ കാരണം പ്രവാസിമലയാളികൾ വൻതോതിൽ മടങ്ങേണ്ടിവരുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
2014ൽ 12.5 ലക്ഷം പ്രവാസി മലയാളികൾ മടങ്ങിയെത്തി എന്ന് സർക്കാർതന്നെ വിശദീകരിക്കുന്നു. ഇൗ സാഹചര്യത്തിൽ, മടങ്ങിയെത്തുന്നവരുടെ പുനരധിവാസം ഗൗരവപൂർവം ചർച്ച ചെയ്തില്ലെങ്കിൽ സംസ്ഥാനം കനത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന തിരിച്ചറിവിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.