അഞ്ചാം ദിവസവും ഇന്ധനക്കൊള്ള; പെട്രോൾ, ഡീസൽ വില കൂട്ടി
text_fieldsന്യൂഡൽഹി/കൊച്ചി: കോവിഡിെൻറ രൂക്ഷതക്കിടയിലും തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി കേന്ദ്ര സർക്കാറിെൻറ ഇന്ധനക്കൊള്ള. വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 60 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് കൂട്ടിയത്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.75 രൂപയും ഡീസൽ ലിറ്ററിന് 2.70 രൂപയും കുത്തനെ കൂടി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ വിലക്കയറ്റം മുതലാക്കിയാണ് തുടർച്ചയായി വില വർധിപ്പിച്ച് കേന്ദ്രം ഉപഭോക്താക്കളെ പിഴിയുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ എണ്ണവില കൂപ്പുകുത്തിയപ്പോൾ അതിെൻറ നേരിയ ആനുകൂല്യം പോലും കൈമാറാൻ തയാറായതുമില്ല. വരും മാസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് വിലയിരുത്തൽ. ഞായർ, തിങ്കൾ ദിവസങ്ങളിൽ 60 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ചൊവ്വാഴ്ച 54 പൈസ(പെട്രോൾ)/58 പൈസ(ഡീസൽ), ബുധനാഴ്ച 40 പൈസ/45 പൈസ എന്നിങ്ങനെയുമാണ് വർധിപ്പിച്ചത്.
82 ദിവസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് കമ്പനികൾ തുടർച്ചയായി വിലവർധിപ്പിക്കാൻ തുടങ്ങിയത്. മേയ് ആറിന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും നികുതി കൂട്ടിയിരുന്നു. ലക്ഷം കോടിയിലധികം രൂപയാണ് ഇതു വഴി കേന്ദ്രത്തിന് അധികം ലഭിച്ചത്. ഇതോടെ ലോകത്ത് പെട്രോൾ ഉൽപന്നങ്ങളിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു.
2014 ൽ മോദി സർക്കാർ അധികാരം ഏൽക്കുമ്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ. ഇന്നത് 32.98 ഉം 31.83 ഉം രൂപയായി. ക്രൂഡ് ഓയിൽ വില ബാരലിന് 146 ഡോളർ വരെ എത്തിയപ്പോഴും ഇന്നത്തേതു പോലെ വില വർധിച്ചിരുന്നില്ല. 2014ൽ അസംസ്കൃത എണ്ണവില ബാരലിന് 109 ഡോളറായിരുന്നപ്പോൾ പെട്രോൾ വില കേരളത്തിൽ 77 രൂപയായിരുന്നു. 2020 ജനുവരിയിൽ ക്രൂഡ് ഓയിൽ വില 64 ഡോളറായപ്പോഴും ഇതേ വില തന്നെയായിരുന്നുവെന്നതാണ് ശ്രദ്ധേയം.
നിലവിൽ ഒരു ലിറ്റർ ഡീസൽ വിലയിൽ 46 രൂപയോളം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നികുതിയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇന്ധന വില വർധന വരുംദിവസങ്ങളിൽ അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ രൂക്ഷമായ വിലക്കയറ്റത്തിന് വഴിവെക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കിതക്കുന്ന ബസ് വ്യവസായത്തിനും വൻ ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.