മലഞ്ചരക്ക് വിപണിയിൽ കടുത്ത മാന്ദ്യം; കുരുമുളക് വിലയിൽ വൻ ഇടിവ്
text_fieldsകൽപറ്റ: നോട്ടുനിരോധനത്തോടെ മാന്ദ്യത്തിലായ മലഞ്ചരക്ക് വിപണി ജി.എസ്.ടി കൂടി വന്നതോടെ വീണ്ടും പ്രതിസന്ധിയിലായി. വിപണിയിലെ മാന്ദ്യത്തിന് പുറമെ കുരുമുളക് വ്യാപകമായി ഇറക്കുമതി ചെയ്യാനും തുടങ്ങിയതോടെ ടൺകണക്കിന് കുരുമുളകാണ് ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽ കെട്ടികിടക്കുന്നത്. ക്വിൻറലിന് 50,000 രൂപയിലധികം നൽകി വാങ്ങിവെച്ച സ്റ്റോക്ക് വിലകുറഞ്ഞതോടെ നഷ്ടം സഹിച്ച്് വിൽക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. കഴിഞ്ഞ കുറെേയറെ ദിവസങ്ങളായി കുരുമുളക് വിലയിലുണ്ടായ ഇടിവാണ് വ്യാപാരികളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ശേഖരിച്ചിരിക്കുന്ന കുരുമുളക് ഇപ്പോൾ വിറ്റാൽ തന്നെ ലക്ഷങ്ങളാണ് ഇവർക്ക് നഷ്ടം വരുക.
ശ്രീലങ്കയിൽ നിന്നും വിയറ്റ്നാമിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വ്യാപകമായി കുരുമുളക് ഇറക്കുമതി ചെയ്ത് ഇവിടത്തെ കുരുമുളകുമായി ചേർത്ത് വിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതിന് പുറമെ ജി.എസ്.ടിയിലെ ആശയക്കുഴപ്പങ്ങളും വന്നുചേർന്നതോടെ വ്യാപാരികൾക്ക് സാധനം വാങ്ങാൻ ആളെ കിട്ടാത്ത അവസ്ഥയാണ്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് ഗുണനിലവാരം കുറവാണ്. ഇത് ഇവിടത്തെ കുരുമുളകുമായി കൂട്ടിച്ചേർത്താണ് വിൽക്കുന്നത്. തദ്ദേശീയ കുരുമുളകിെൻറയും മറ്റു നാണ്യവിളകളുടെയും വ്യാപാരം മാന്ദ്യത്തിലായതോടെ കടകളിൽ കെട്ടികിടക്കുകയാണ്. കാപ്പി, കുരുമുളക്, ഏലം, അടക്ക തുടങ്ങി മിക്ക വിളകളുടെയും വില ഒരോ ദിവസവും കുറയുകയാണ്. വയനാട്ടിൽ കുരുമുളക് കൃഷി കൂടുതലുള്ള പുൽപള്ളി, ബത്തേരി മേഖലകളിലാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് കുരുമുളക്. കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കുരുമുളകിന് ക്വിൻറലിന് 70,000 രൂപവരെ ലഭിച്ച സ്ഥാനത്ത് ഈ വർഷം 39,000 രൂപയായി ഇടിഞ്ഞിരിക്കുകയാണ്. കുരുമുളക് വയനാടിന് ക്വിൻറലിന് 39,500 രൂപയും ചേട്ടന് 39,000 രൂപയുമാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വയനാട്ടിലെ വില. കുരുമുളക് വയനാടന് 45,500 രൂപയും ചേട്ടന് 45,000 രൂപയുമായിരുന്നു സെപ്റ്റംബർ ഏഴിലെ വില. ഒരോ ദിവസവും കുരുമുളക് വില താഴേക്കാണ് പോകുന്നത്. കാപ്പിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. നേന്ത്രക്കായ വില ഒരോ ദിവസവും കുറയുകയാണ്. കഴിഞ്ഞ മാസം 40 രൂപക്ക് മുകളിലുണ്ടായിരുന്ന നേന്ത്രക്കായ വില കിലോക്ക് 22 രൂപയാണ് വ്യാഴാഴ്ച വയനാട്ടിലെ മാർക്കറ്റ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.