ഇന്ധനവില: നടുവൊടിച്ച പരിഷ്കാരത്തിന് ഒരു വയസ്സ്
text_fieldsകൊച്ചി: പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറുന്ന പരിഷ്കാരം നിലവിൽ വന്നിട്ട് ശനിയാഴ്ച ഒരു വർഷം തികയുന്നു. രണ്ടാഴ്ചയിലൊരിക്കൽ വില പരിഷ്കരിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചാണ് 2017 ജൂൺ 16ന് പുതിയ സംവിധാനം കൊണ്ടുവന്നത്. തുടർന്ന് പെട്രോൾ, ഡീസൽ വിലകൾ സാധാരണക്കാരുടെ നടുവൊടിക്കും വിധം സർവകാല റെക്കോർഡിലേക്ക് ഉയരുന്നതാണ് കണ്ടത്. സർക്കാർ നിയന്ത്രണം ഇല്ലാതായതോടെ അവസരം മുതലെടുത്ത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സമീപനം എണ്ണക്കമ്പനികളും സ്വീകരിച്ചു. ഇതോടെ, ഒരു വർഷത്തിനിടെ പെട്രോൾ വിലയിൽ ലിറ്ററിന് 15.05 രൂപയുടെയും ഡീസലിന് 19.14 രൂപയുടെയും വർധനയുണ്ടായി.
ഇന്ധന വില ദിവസവും മാറുന്ന സമ്പ്രദായത്തിലൂടെ എണ്ണക്കമ്പനികൾക്ക് തോന്നിയതുപോലെ വില വർധിപ്പിക്കാനുള്ള അവസരമാണ് ഒരുങ്ങിയത്. പരിഷ്കാരം വന്നശേഷമുള്ള വില വർധന മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലും വേഗത്തിലുമായിരുന്നു. 2017 ജൂൺ 15ന് പെട്രോളിന് തിരുവനന്തപുരത്ത് 65.48 രൂപയും ഡീസലിന് 54.49 രൂപയും ആയിരുന്നു. വ്യാഴാഴ്ച ഇത് യഥാക്രമം 79.53രൂപയും 72.63 രൂപയുമാണ്. സംസ്ഥാന സർക്കാർ വരുത്തിയ നികുതിയിളവ് ആനുകൂല്യം ഒഴിവാക്കിയാൽ രണ്ടിനും ഒരു രൂപ വീതം പിന്നെയും കൂടും.
പുതുച്ചേരി, ആന്ധ്രയിലെ വിസാഗ്, രാജസ്ഥാനിലെ ഉദയപൂർ, ഝാർഖണ്ഡിലെ ജംഷഡ്പൂർ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ 40 ദിവസം പരീക്ഷണാർഥം നടപ്പാക്കിയ ശേഷമാണ് ജൂൺ 16ന് പരിഷ്കാരം രാജ്യമാകെ വ്യാപിപ്പിച്ചത്. വില കുറയുമെന്നായിരുന്നു വാഗ്ദാനം. ആദ്യ ആഴ്ചകളിൽ നേരിയ കുറവുണ്ടായെങ്കിലും വില കുതിച്ചുയരുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ, ഒക്ടോബറിൽ കേന്ദ്ര സർക്കാർ പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് നികുതി രണ്ട് രൂപ വീതം കുറച്ചതിനെത്തുടർന്ന് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വില അൽപം താഴ്ന്നെങ്കിലും പിന്നീട് റെക്കോഡുകൾ തിരുത്തി മുന്നേറി. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില സർവകാല റെക്കോർഡിലെത്തിയപ്പോൾ പോലും ഇല്ലാത്ത നിലയിലേക്കാണ് പിന്നീട് 35 ശതമാനം കുറഞ്ഞിട്ടും ഇന്ധന വില ഉയർന്നത്. 2014 ജൂൺ 19ന് എണ്ണ വില ബാരലിന് 115.06 രൂപയായിരുന്നു. അന്ന് പെട്രോൾ വില 75.18 രൂപയും. വ്യാഴാഴ്ച എണ്ണ വില 76.47 ഡോളറാണ്. അപ്പോഴും പെട്രോളിന് 79.53 രൂപ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.