ആളിക്കത്തി ഇന്ധന വില; പെട്രോളിന് 76 കടന്നു
text_fieldsകൊച്ചി: ലിറ്ററിന് 76 രൂപയും കടന്ന് പെട്രോൾ വില സർവകാല െറേക്കാഡിലേക്ക്. ഡീസൽ വില ദിവസങ്ങളായി റെക്കോഡ് നിലയിലാണ്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വാഹന പണിമുടക്ക് നടക്കാനിരിക്കെ വില ക്രമാതീതമായി ഉയരുകയാണ്.
തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 76.12 രൂപയാണ് വില. ഡീസലിന് 68.40 രൂപയും. കൊച്ചിയിൽ ഇത് യഥാക്രമം 74.80, 67.11രൂപയും കോഴിക്കോട്ട് 75.08, 67.46 രൂപയുമായിരുന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. ദിവസംതോറും ഇന്ധനവില കുതിക്കുേമ്പാഴും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നികുതി കുറച്ച് വില നിയന്ത്രിക്കാനോ എണ്ണക്കമ്പനികളുടെ വില നിയന്ത്രണ അധികാരത്തിൽ ഇടപെടാനോ തയാറായിട്ടില്ല.
ഇന്ധന വിലക്കയറ്റം വിവിധ മേഖലകളെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ചരക്ക് കടത്തുകൂലി വർധിച്ചത് ചൂണ്ടിക്കാട്ടി വ്യപാരികൾ പലയിടത്തും അവശ്യസാധനങ്ങൾക്ക് വില ഉയർത്തുന്നുണ്ട്. നിർമാണസാമഗ്രികളുടെ വില വർധിക്കുന്നത് കെട്ടിടനിർമാണ മേഖലയെയും ബാധിച്ചു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിലകളിൽ വൻ മാറ്റമാണ് ഉണ്ടാകുന്നത്. പെട്രോൾ,- ഡീസൽ വിലകളിലെ അന്തരവും കുറഞ്ഞുവരുകയാണ്. ഇൗ മാസം മാത്രം പെട്രോൾ ലിറ്ററിന് 2.35ഉം ഡീസലിന് 3.53 രൂപയും കൂടി. ഏഴ് മാസത്തിനിടെ കൂടിയത് യഥാക്രമം 8.64 രൂപയും 10.12 രൂപയുമാണ്. ഇപ്പോൾ പെട്രോൾ, ഡീസൽ വിലകൾ തമ്മിലുള്ള വ്യത്യാസം 7.72 രൂപ മാത്രം. ഒരുവർഷം മുമ്പ് ഇത് 12 രൂപയോളമായിരുന്നു.
തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 68.87 ഡോളറാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ബാരലിന് 114 ഡോളർ വരെ ഉയർന്നപ്പോൾ പോലുമില്ലാതിരുന്ന നിലയിലേക്ക് എണ്ണക്കമ്പനികൾ ഇന്ധനവില ഉയർത്തുന്നത്. ഇത് രൂക്ഷമായ വിലക്കയറ്റത്തിനും അവശ്യവസ്തുക്കളുടെ ദൗർലഭ്യത്തിനും വഴിതെളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.