ഇന്ധനവില നാല് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലേക്ക്
text_fieldsകൊച്ചി: ഇന്ധനവില വർധന സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് മറയാക്കി എണ്ണക്കമ്പനികൾ കൊള്ള തുടരുന്നു. എണ്ണവില വരുംദിവസങ്ങളിൽ കുറയുമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാെൻറ കഴിഞ്ഞയാഴ്ചത്തെ പ്രഖ്യാപനവും ഫലം കണ്ടില്ല.
നാല് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലേക്കാണ് പെട്രോൾ, ഡീസൽ വില കുതിക്കുന്നത്. വില കുറയുമെന്നതിെൻറ ഒരു സൂചനയും എണ്ണക്കമ്പനികളും നൽകുന്നില്ല.
ദിനേന വില നിർണയിക്കാനുള്ള അധികാരത്തിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ വില കുറയണമെങ്കിൽ കമ്പനികൾതന്നെ കനിയണം എന്ന അവസ്ഥയാണ്. മുബൈയിൽ പെട്രോൾ വില 80 രൂപയോട് അടുക്കുകയാണ്. കൊച്ചിയിൽ തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 73.11 രൂപയും ഡീസലിന് 62.88 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് യഥാക്രമം 74.36 രൂപയും 64.05 രൂപയും. ഡൽഹിയിൽ പെട്രോളിന് 70.51 (ഡീസലിന് 58.91), കൊൽക്കത്തയിൽ 73.25 (61.57), മുംബൈയിൽ 79.62 (62.58), ചെന്നൈയിൽ 73.09 (62.05) എന്നിങ്ങനെയാണ് തിങ്കളാഴ്ചത്തെ വില.
പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദേശം മുന്നോട്ടുവെച്ച് വിഷയത്തിൽനിന്ന് തലയൂരിയിരിക്കുകയാണ് കേന്ദ്രമന്ത്രി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്.
എന്നാൽ, ഇന്ധനവില വർധന ബോധപൂർവമാണെന്നും അതിൽനിന്നുള്ള വരുമാനം പാവപ്പെട്ടവരുടെ വികസനപ്രവർത്തനങ്ങൾക്കാണെന്നും വാഹനം വാങ്ങാൻ കഴിവുള്ളവർ ഇന്ധനത്തിന് കൂടുതൽ വില നൽകുന്നതിൽ തെറ്റില്ലെന്നുമാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞുകൊണ്ടിരിക്കുന്നത്. നിലവിൽ പെട്രോൾ, ഡീസൽ വിലയുടെ 45-52 ശതമാനവും നികുതിയാണ്. ഇത് കുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറല്ല. നികുതി കുറക്കില്ലെന്നും ആദ്യം കേന്ദ്രം കുറക്കെട്ടയെന്നുമാണ് സംസ്ഥാന ധനമന്ത്രി തോമസ് െഎസക്കിെൻറ നിലപാട്.
2014ൽ അസംസ്കൃത എണ്ണവില ബാരലിന് 114.44 ഡോളറായിരുന്നപ്പോഴാണ് മുമ്പ് ഇന്ധനവില ഇത്രയും ഉയർന്നത്. ഇപ്പോൾ 53.69 ഡോളറായി കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവില ഉയരുന്നതിന് പിന്നിൽ സർക്കാർ ഒത്താശയോടെ എണ്ണക്കമ്പനികൾ നടത്തുന്ന കൊടും ചൂഷണമാണെന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.