ചൈനക്ക് വിട; ആപ്പിളിൻെറ ഈ പ്രീമിയം മോഡൽ ഇനി ഇന്ത്യയിൽ നിർമിക്കും
text_fieldsചെന്നൈ: ഒടുവിൽ ലോകപ്രശസ്ത ടെക് കമ്പനിയായ ആപ്പിൾ അവരുടെ പ്രീമിയം മൊബൈൽ മോഡലുകളിലൊന്നായ ഐഫോൺ 11ൻെറ നിർമാണം ഇന്ത്യയിൽ തുടങ്ങുന്നു. ആപ്പിളിനായി ഫോണുകൾ അസംബ്ലിൾ ചെയ്യുന്ന ഫോക്സ്കോണിൻെറ ചെന്നൈയിലെ പ്ലാൻറിൽ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫോൺ നിർമിക്കുക.
ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിൾ ചെയ്യുക. രണ്ടാം ഘട്ടത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമ്മിത ഫോൺ കയറ്റുമതി ചെയ്യും. ചൈനക്ക് മേലുള്ള ആശ്രയം കുറക്കുകയാണ് ഇന്ത്യൻ നിർമ്മിത ഐഫോണിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്.
അതേസമയം, ഐഫോൺ 11ൻെറ വില ആപ്പിൾ തൽക്കാലത്തേക്ക് കുറക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഭാവിയിൽ ഇക്കാര്യം കമ്പനി പരിഗണിച്ചേക്കും. പ്രാദേശികമായി നിർമ്മിച്ചാൽ ഇറക്കുമതി തീരുവയിൽ 22 ശതമാനം ആപ്പിളിന് ലാഭിക്കാം.
ബംഗളൂരുവിലെ വിസ്ട്രൺ പ്ലാൻറിൽ ഐഫോൺ എസ്.ഇ 2ൻെറ ഉൽപാദനവും തുടങ്ങുമെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി. നേരത്തെ ഐഫോൺ എസ്.ഇയുടെ നിർമാണം ആപ്പിൾ തുടങ്ങിയെങ്കിലും പിന്നീട് നിർത്തുകയായിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ആപ്പിൾ മോഡലുകളിലൊന്നാണ് ഐഫോൺ 11. ഐഫോൺ XR, െഎഫോൺ 7 എന്നിവയാണ് ഇന്ത്യയിൽ തരംഗമായ മറ്റ് മോഡലുകൾ. വൈകാതെ ഈ മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.