ആശങ്കയൊഴിയാതെ ഐ.ടി മേഖല
text_fieldsഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായശേഷം ഐ.ടി മേഖലയില്‍ ആശങ്ക ഒഴിയുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ ഉത്തരവുകള്‍ വരികയും അതനുസരിച്ച് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂടുകയുമാണ്. ഏറ്റവുമധികം ചെറുപ്പക്കാര്‍ ജോലി ചെയ്യുന്ന മേഖല എന്ന നിലക്ക് ഐ.ടി രംഗത്തുണ്ടാകുന്ന ഓരോ ചലനവും സംസ്ഥാനത്തെ സമ്പദ്ഘടനയെ വിറപ്പിക്കുകയും ചെയ്യും.
ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത് വിദേശത്ത് കോള്‍ സെന്‍ററുകള്‍ ആരംഭിക്കുന്ന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടുന്ന തീരുമാനമാണ്. വിദേശത്ത് കോള്‍ സെന്‍റര്‍ ആരംഭിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കാവുന്ന ധനസഹായവും വായ്പകളും നിഷേധിക്കുന്നതിനുള്ള ബില്ലാണ് യു.എസ് കോണ്‍ഗ്രസില്‍ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യയിലെ പല ഐ.ടി കമ്പനികളും കോള്‍ സെന്‍ററുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് തൊഴിലവസരങ്ങള്‍ ഒഴുകുന്നത് തടയുകയാണ് ബില്ലിന്‍െറ ലക്ഷ്യം. തൊഴിലവസരങ്ങള്‍ മുഴുവന്‍ അമേരിക്കക്കാര്‍ക്ക് എന്നതായിരുന്നു ട്രംപിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനംതന്നെ.
അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കോള്‍ സെന്‍ററുകളുടെ പേരില്‍ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജീന്‍ ഗ്രീനും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഡേവിഡ് മക് കിന്‍ലിയും അവതരിപ്പിച്ച ബില്‍ നിര്‍ദേശിക്കുന്നത്. കരിമ്പട്ടികയില്‍പെടുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് മാത്രമല്ല, വായ്പ ലഭിക്കാനുമിടയില്ല. കോള്‍ സെന്‍ററുകളെ തിരിച്ചുകൊണ്ടുവരികവഴി രണ്ടര ദശലക്ഷത്തോളം അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
അകത്തും പുറത്തും ആശങ്ക
ഇതോടൊപ്പം എച്ച് 1 ബി വിസക്ക് ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസത്തേക്ക് താല്‍ക്കാലിക നിരോധമേര്‍പ്പെടുത്തിയതിന്‍െറ സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഈ നീക്കവും. പുതിയ നീക്കങ്ങളോടെ അമേരിക്കന്‍ ജോലിയെ ആശ്രയിച്ച് ആ രാജ്യത്തിന് അകത്തും പുറത്തും കഴിയുന്ന വിദേശികളെല്ലാം ആശങ്കയിലായിരിക്കുകയാണ്. എച്ച്1ബി പ്രഫഷനല്‍ വിസയിലത്തെുന്നവരുടെ മിനിമം വേതനം 130,000 ഡോളറാക്കണമെന്ന് നിര്‍ദേശിക്കുന്ന ബില്ല് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റയുടന്‍തന്നെ ഡെമോക്രാറ്റ് അംഗം യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ പ്രതിവര്‍ഷം 60,000 ഡോളറാണ് ഈ വിസയില്‍ എത്തുന്നവരുടെ പ്രതിവര്‍ഷ മിനിമം വേതനം. പുതിയ നിയന്ത്രണങ്ങളോടെ വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കാന്‍ പ്രയാസമാകുന്ന അവസ്ഥവരും.
അമേരിക്കന്‍ ഐ.ടി കമ്പനികള്‍ ഇന്ത്യയില്‍നിന്നും മറ്റും ഐ.ടി പ്രഫഷനലുകളെ ജോലിക്കെടുക്കുന്നത് മിടുക്കരായ ജോലിക്കാരെ താരതമ്യേന കുറഞ്ഞ ശമ്പളം നല്‍കി നിയമിക്കാം എന്ന ആകര്‍ഷണം കാരണമാണ്. പുതിയ നിയന്ത്രണങ്ങളോടെ അമേരിക്കയില്‍ നിന്നുള്ളവരെതന്നെ ജോലിക്കെടുക്കാന്‍ ഐ.ടി കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് ഇന്ത്യന്‍ ഐ.ടി മേഖലക്ക് തിരിച്ചടിയാവും. ഇതിലുള്ള ആശങ്ക അമേരിക്കന്‍ ഭരണകൂടത്തെയും അമേരിക്കന്‍ പ്രതിനിധിസഭയിലെ മുതിര്‍ന്ന അംഗങ്ങളെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യന്‍ ഐ.ടി വ്യവസായം അമേരിക്കക്ക് നല്‍കുന്ന നേട്ടങ്ങള്‍ ട്രംപിനെ ബോധ്യപ്പെടുത്തി നിയമം തിരുത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെയും ഐ.ടി പ്രഫഷനലുകളുടെയും സാന്നിധ്യം അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്ക് എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് അമേരിക്കന്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള ഒരുക്കങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നടത്തുന്നത്. ഇതുവഴി വിസ നിയന്ത്രണങ്ങളിലും പുറംകരാര്‍ ഉള്‍പ്പെടെ നയങ്ങളിലും മാറ്റംവരുത്താനാണ് ശ്രമം.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ അമേരിക്കയില്‍ 4.11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ മൂന്നുലക്ഷവും അമേരിക്കന്‍ പൗരന്മാര്‍ക്കും അമേരിക്കയില്‍ സ്ഥിരവാസം ഉറപ്പിച്ചവര്‍ക്കുമാണ് ലഭിച്ചത്. കൂടാതെ നികുതിയിനത്തിലും വന്‍ തുക അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അമേരിക്കന്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനായാല്‍ വിസ നിയമങ്ങളില്‍ ഏര്‍പ്പെടുത്താനിടയുള്ള നിയന്ത്രണങ്ങളിലും നിയമങ്ങളിലും ഇളവുനേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം, ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന വിസാ ഫീസ് നിരക്ക് പിന്‍വലിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ നിയന്ത്രണങ്ങള്‍ നടപ്പായാല്‍ ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന് 400 ദശലക്ഷം ഡോളറിന്‍െറയെങ്കിലും തിരിച്ചടിയുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.