റഫാൽ: അംബാനിക്കും മോദിക്കുമുള്ള കുരുക്ക് മുറുക്കി കോൺഗ്രസ്
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്.
വിമാനം നിർമിക്കാൻ ലൈസൻസ്, ആവശ്യമായ ഭൂമി, കെട്ടിടം എന്നിവ ഒന്നുമില്ലാത്ത തട്ടിക്കൂട്ട് കമ്പനിയായ റിലയൻസ് ഡിഫൻസിന് 30,000 കോടി രൂപയുടെ റഫാൽ അനുബന്ധ കരാർ നൽകിയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയും ഫ്രാൻസുമായി റഫാൽ പോർവിമാന കരാർ ഒപ്പുവെക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രമാണ് റിലയൻസ് ഡിഫൻസ് എന്ന കടലാസ് കമ്പനി പിറന്നത്. വിമാന നിർമാണം നടത്തിവരുന്ന പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) തട്ടിമാറ്റിയാണ് റിലയൻസ് കമ്പനിക്ക് കരാർ നൽകിയത്. 2014 മാർച്ച് 13ന് നിർമാണ ജോലി പങ്കിടുന്നതിന് 36,000 കോടി രൂപയുടെ ഒാഫ്സെറ്റ് കരാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് കമ്പനി ഒപ്പുവെച്ചിരുന്നു. എന്നാൽ, 2015 ഏപ്രിൽ 10ന് 36 റഫാൽ വിമാനങ്ങൾ ഫ്രഞ്ച് കമ്പനിയിൽനിന്ന് നേരിട്ടുവാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ എച്ച്.എ.എൽ കരാറിനു പുറത്താവുകയായിരുന്നുവെന്ന് സുർേജവാല പറഞ്ഞു.
റഫാൽ കരാർ കിട്ടാൻ റിലയൻസിന് കേന്ദ്രസഹായം ലഭിച്ചെന്ന ആരോപണം നിഷേധിച്ച് റിലയൻസ് ഗ്രൂപ് മേധാവി അനിൽ അംബാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫ്രഞ്ച് കമ്പനി നേരിട്ടാണ് തങ്ങളെ ഒാഫ്സെറ്റ് കരാറിന് തിരഞ്ഞെടുത്തതെന്നാണ് അനിൽ അംബാനിയുടെ വിശദീകരണം.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ റഫാൽ ഇടപാട് മോദിക്കും ബി.ജെ.പിക്കുമെതിരെ വലിയ രാഷ്ട്രീയ ആയുധമായി മാറുകയാണ്. പോർവിമാനത്തിെൻറ വില മറച്ചുവെക്കുന്നതിന് തെറ്റായ വിശദീകരണങ്ങൾ പാർലമെൻറിന് നൽകിയതിന് മോദി, നിർമല സീതാരാമൻ എന്നിവർക്കെതിരെ കോൺഗ്രസ് അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.