റഫാൽ ഇടപാട്: റിലയൻസിനെ നിർദേശിച്ചത് മോദി സർക്കാർ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് വിവാദം പുതിയ വഴിത്തിരിവിൽ. അനിൽ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനെ ഇന്ത്യൻ പങ്കാളിയാക്കിയത് മോദി സർക്കാറിെൻറ താൽപര്യപ്രകാരമാണെന്ന് ഫ്രാൻസിെൻറ മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് വെളിപ്പെടുത്തി.
അന്വേഷണാത്മക ഫ്രഞ്ച് വെബ്സൈറ്റായ ‘മീഡിയപാർട്ടി’ യോടാണ് ഒാലൻഡിെൻറ വിവാദ വെളിപ്പെടുത്തൽ. ഇന്ത്യൻ പങ്കാളിയെ നിശ്ചയിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാറും ബി.ജെ.പിയും വാദിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തൽ. ഫ്രാൻസിലെ ദസോൾട്ട് ഏവിയേഷനാണ് റഫാൽ പോർവിമാനം നിർമിക്കുന്നത്. അവർ വ്യോമസേനക്ക് 36 പോർവിമാനങ്ങൾ നൽകുന്നതിനുള്ള കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരിസ് യാത്രയിലാണ് ഒപ്പുവെച്ചത്. അന്ന് ഫ്രാൻസിെൻറ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡാണ്.
കരാർ പ്രകാരം ദസോൾട്ടിെൻറ ഇന്ത്യൻ പങ്കാളിയായത് റിലയൻസാണ്. 30,000 കോടി രൂപയുടെ കരാറാണ് ഇതുവഴി റിലയൻസിന് കിട്ടുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) തഴഞ്ഞാണ് സ്വകാര്യ കമ്പനിയായ റിലയൻസിന് പങ്കാളിത്തം നൽകിയത്.
18 വിമാനങ്ങൾ നേരിട്ടു വാങ്ങാനും 108 വിമാനങ്ങൾ എച്ച്.എ.എല്ലിൽ നിർമിക്കാനും യു.പി.എ സർക്കാർ രൂപപ്പെടുത്തിയ കരാർ മാറ്റിവെച്ച് 36 വിമാനങ്ങൾ കൂടിയ വിലക്ക് ഫ്രാൻസിൽനിന്ന് വാങ്ങാൻ പ്രധാനമന്ത്രി സ്വന്തംനിലക്ക് എടുത്ത തീരുമാനമാണ് വിവാദമായി കത്തിനിൽക്കുന്നത്. ജെ.പി.സി അന്വേഷണം വേണമെന്ന സമ്മർദം കോൺഗ്രസ് ശക്തമാക്കിയെങ്കിലും അതിനുള്ള സാധ്യത സർക്കാർ തള്ളിയിരുന്നു.
ഒാലൻഡിെൻറ വെളിപ്പെടുത്തൽ ഫ്രഞ്ച് സർക്കാർ തള്ളിയിട്ടുണ്ട്. ദസോൾട്ടിെൻറ വാണിജ്യപരമായ തീരുമാനങ്ങളിൽ ഇന്ത്യൻ സർക്കാറിനോ ഫ്രഞ്ച് സർക്കാറിനോ പങ്കില്ലെന്നാണ് വിശദീകരണം. എന്നാൽ, ഇൗ വെളിപ്പെടുത്തൽ ഇന്ത്യക്കു പുറമെ ഫ്രാൻസിലും കോളിളക്കമുണ്ടാക്കും. ചങ്ങാത്ത മുതലാളിത്തത്തിന് മോദിയെപ്പോലെ ഫ്രാൻസിൽ ഒാലൻഡും ഗുരുതര ആരോപണങ്ങൾ നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.