റിസർവ് ബാങ്കിനെ മെരുക്കാൻ സർക്കാർ; 19ന് ബാങ്ക് ബോർഡ് യോഗം
text_fieldsന്യൂഡൽഹി: റിസർവ് ബാങ്കും കേന്ദ്രസർക്കാറുമായുള്ള ഉടക്ക് അവസാനിപ്പിക്കാൻ പിന്നാമ്പുറത്ത് തീവ്രശ്രമം. ഇൗ മാസം 19ന് റിസർവ് ബാങ്ക് േബാർഡ് യോഗം വിളിച്ചു. ഇൗ യോഗത്തിൽ പ്രശ്ന വിഷയങ്ങളിൽ സർക്കാർ ചില പരിഹാര നിർദേശങ്ങൾ മുന്നോട്ടുവെച്ചേക്കും. എന്നാൽ, ഇതിനകം ഉന്നതർക്കിടയിൽ ഉണ്ടായിത്തീർന്ന അകൽച്ച പരിഹരിച്ചെടുക്കാൻ എത്രത്തോളം കഴിയുമെന്ന പ്രശ്നം ബാക്കി.
റിസർവ് ബാങ്കിെൻറ സ്വയംഭരണ സ്വാതന്ത്ര്യം സർക്കാർ പരിപാലിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന വിശദീകരണം ധനമന്ത്രാലയം നൽകി. ആർ.ബി.െഎ നിയമത്തിെൻറ ചട്ടക്കൂടിൽനിന്നുകൊണ്ടുള്ള സ്വയംഭരണ സ്വാതന്ത്ര്യം റിസർവ് ബാങ്കിന് കിട്ടുകതന്നെ വേണമെന്നതാണ് സർക്കാർ നിലപാടെന്നും വിശദീകരിച്ചു.
എന്നാൽ, സംഘ്പരിവാർ സംഘടനകളുടെ പരാമർശം അനുനയ ശ്രമങ്ങളിൽ കല്ലുകടിയായി. റിസർവ് ബാങ്ക് ഗവർണർ സർക്കാറുമായി ഒത്തുപോവുകയോ രാജിവെച്ച് പുറത്തുപോവുകയോ വേണമെന്ന് ആർ.എസ്.എസിനു കീഴിലെ സ്വദേശി ജാഗരൺ മഞ്ചിെൻറ സാമ്പത്തികവിഭാഗം മേധാവി അശ്വിനി മഹാജൻ ആവശ്യപ്പെട്ടു. സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്ന സമീപനം ഉണ്ടാകണം. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെ ഗവർണർ നിലക്കു നിർത്തണം. അച്ചടക്കം പാലിക്കുന്നില്ലെങ്കിൽ ഒഴിഞ്ഞു പോകണം -അദ്ദേഹം പറഞ്ഞു.
രൂപയുടെ മൂല്യത്തകർച്ച, ഇന്ധന വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം എന്നിവക്കിടയിൽ സർക്കാറും റിസർവ് ബാങ്കുമായി ഉണ്ടായ ഉരസൽ സമ്പദ്സ്ഥിതിയെ സാരമായി ബാധിക്കുമെന്നാണ് ഇതിനെല്ലാമിടയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകോപനമില്ലാത്ത സാഹചര്യം പ്രതിസന്ധി മറികടക്കാനുള്ള ശേഷി ചോർത്തും. കോർപറേറ്റുകൾക്ക് വാരിക്കോരി കൊടുക്കാൻ റിസർവ് ബാങ്കിനെ നിർബന്ധിക്കുകയാണ് സർക്കാറെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
കോർപറേറ്റുകളെ സഹായിക്കാൻ കേന്ദ്രം ആർ.ബി.െഎയെ നിർബന്ധിക്കുന്നു –യെച്ചൂരി
ന്യൂഡൽഹി: കോർപറേറ്റുകളെ കൂടുതൽ സമ്പന്നരാക്കാൻ അവർക്ക് വായ്പ നൽകുന്നതിന് നരേന്ദ്ര മോദി സർക്കാർ റിസർവ് ബാങ്കിനുമേൽ കൂടുതൽ നിർബന്ധം ചെലുത്തുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വായ്പ തിരിച്ചടക്കുന്നതിൽ കൃത്യവിലോപം കാണിച്ച ധനികരുടെ മൂന്നുലക്ഷം കോടിയോളം വരുന്ന കടം ഇതിനകം തന്നെ സർക്കാർ എഴുതിത്തള്ളിയിട്ടുണ്ടെന്നും അവർക്ക് ഇനിയും സൗകര്യം ഒരുക്കിക്കൊടുക്കാൻ സർക്കാർ ആർ.ബി.െഎയെ ഭീഷണിപ്പെടുത്തുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഇത് പൊതുജന താൽപര്യത്തിന് എതിരാണ്. ഇതുവഴി പൊതുപണം ഉൗറ്റുന്ന ശതകോടീശ്വരന്മാരെയും ചങ്ങാത്ത മുതലാളിമാരെയും സർക്കാർ സഹായിക്കുകയാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.