ആർ.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല
text_fieldsമുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ (വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക്) നിരക്ക് 6 ശതമാനത്തിലും റിവേഴ്സ് റിപ്പോ (ബാങ്കുകള്‍ കരുതല്‍ ധനമായി ആർ.ബി.ഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്‍റെ നിരക്ക്) 5.75 ശതമാനത്തിലും തുടരും.
ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിന്‍റെ അധ്യക്ഷതയിൽ കൂടിയ പണനയ അവലോകന സമിതിയാണ് നിരക്കുകളിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, ആറംഗ സമിതിയിലെ അഞ്ചു പേർ നിരക്കിൽ മാറ്റം വേണ്ടെന്ന നിലപാടിനെ അനുകൂലിച്ചപ്പോൾ മറ്റൊരംഗമായ എം.ഡി. പാത്ര 25 ബേസിക് പോയിന്‍റ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടു.
വരും മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് കൂടാനുള്ള സാധ്യത വിലയിരുത്തിയാണ് നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർ.ബി.ഐ തീരുമാനിച്ചത്. ജനുവരിയിൽ അസംസ്കൃത എണ്ണ വില വർധിച്ചതിനെ തുടർന്ന് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലകൾ ഉയർന്നിരുന്നു. അസംസ്കൃത എണ്ണ വില വർധിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അവലോകന സമിതി വിലയിരുത്തി.
കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.