രൂപക്ക് റെക്കോഡ് തകർച്ച
text_fieldsന്യൂഡൽഹി: രൂപക്ക് ചരിത്രത്തിൽ ഉണ്ടാകാത്ത വിലത്തകർച്ച. ഒരു ഡോളർ 69 രൂപക്ക് സമമായി. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് വ്യാഴാഴ്ച ഒരു ഘട്ടത്തിൽ 69.09 വരെയെത്തി. തുടർന്നുള്ള വ്യാപാരത്തിനിടയിൽ മൂല്യം 68.79ലേക്ക് പിടിച്ചുകയറിയെങ്കിലും, രൂപയുടെ തകർച്ച കൂടുതൽ വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും ഇടയാക്കും.
2013 ആഗസ്റ്റ് 28ന് സംഭവിച്ചശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച രാവിലെയുണ്ടായത്. അഞ്ചു വർഷം മുമ്പത്തെ മൂല്യത്തകർച്ച 68.82 വരെയായിരുന്നു. ബുധനാഴ്ച 68.63 ആയിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്. രണ്ടു മാസത്തിനിടയിൽ മൂന്നു രൂപയുടെ ഇടിവുണ്ടായി.
പ്രവണത തുടർന്നാൽ റിസർവ് ബാങ്ക് കരുതൽ ഡോളർ വിപണിയിൽ ഇറക്കേണ്ടിവരും. വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും പുറമെ, ഭവനവായ്പ പലിശനിരക്കുകളും മറ്റും ഉയരുന്നതിന് അത് കാരണമാകും.
അസംസ്കൃത എണ്ണയുടെ വിലവർധനയാണ് ഡോളറിനു മുന്നിൽ രൂപ മുട്ടുകുത്തുന്നതിനു പ്രധാന കാരണം. 70 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയോട് ഇറാനിൽനിന്ന് വാങ്ങരുതെന്ന് നിർബന്ധിക്കുകയാണ് അമേരിക്ക. ഇറാനുമേൽ പുതിയ ഉപരോധം നടപ്പാക്കുന്ന അമേരിക്ക മറ്റു രാജ്യങ്ങളെയും ഇതിനു നിർബന്ധിക്കുന്നു.
എണ്ണ ഉൽപാദിപ്പിക്കുന്ന ‘ഒപെക്’ രാജ്യങ്ങൾ വിലക്കയറ്റം മുൻനിർത്തി പ്രതിദിന ഉൽപാദനത്തിൽ 10 ലക്ഷം വീപ്പയുടെ വർധന വരുത്തിയിട്ടും വിലവർധിക്കുന്ന സാഹചര്യം അതാണ്. ചൈനയുമായി അമേരിക്കയുടെ വ്യാപാരയുദ്ധം മുറുകിയത് മറ്റൊരു പ്രശ്നം.
ചൈന, സിംഗപ്പൂർ, മലേഷ്യൻ കറൻസികളെല്ലാം മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഭദ്രത കൂടിയ കറൻസിയായി മാറിയതോടെ ഡോളറിനുള്ള ഡിമാൻഡ് വർധിച്ചതും മൂല്യത്തിൽ രൂപയെ കൂടുതൽ പിന്നിലേക്ക് തള്ളുന്നു.
ചെലവേറും
പെട്രോളിനും ഡീസലിനും വില കയറിക്കൊണ്ടിരിക്കുന്ന പ്രവണത തുടരുക മാത്രമല്ല ഇതുമൂലം സംഭവിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന എല്ലാ ഇനങ്ങൾക്കും വില വർധിക്കും. അന്താരാഷ്ട്ര വിപണിയിൽ ഡോളർ വിനിമയത്തിന് കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടിവരുന്നതിെൻറ ആഘാതമാണത്.
സ്വർണത്തിനും ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവക്കും വില ഉയരും. വിദേശയാത്ര, താമസം, വിദേശ പഠനം എന്നിവ കൂടുതൽ ഭാരിച്ചതാകും. എന്നാൽ, കയറ്റുമതി മേഖലയും അത്ര സന്തോഷത്തിലല്ല. ഇന്ത്യൻ ഉൽപന്നങ്ങളുടെ നിർമാണ ചെലവ് കൂടുകയും പുറംവിപണിയിൽനിന്ന് വിനിമയ ലാഭം ചോർന്നുപോവുകയും ചെയ്യും.
പ്രവാസികൾക്ക് സന്തോഷം
രൂപയുടെ മൂല്യത്തകർച്ച വിദേശ ഇന്ത്യക്കാർക്ക് സന്തോഷകരമാണ്. ഡോളറിെൻറ മൂല്യവർധനക്കൊത്ത് മറ്റു മിക്ക വിദേശ കറൻസികൾക്കും മൂല്യം ഉയർന്നുനിൽക്കുന്നു. കുറഞ്ഞ വിദേശ കറൻസി കൊടുത്താൽ കൂടുതൽ ഇന്ത്യൻ രൂപ കിട്ടും.
ഡോളറിനോട് രൂപ കൂടുതൽ തോൽക്കുേമ്പാൾ ഇറക്കുമതിക്കാർക്ക് സന്തോഷമാണ്. ഇന്ത്യൻ വിപണിയിൽ ഇറക്കുമതി ഉൽപന്നങ്ങൾക്ക് കൂടുതൽ വില കിട്ടും.
കമ്മി കൂടും
ഇറക്കുമതി വർധിക്കുകയും കയറ്റുമതി കുറയുകയും ചെയ്യുേമ്പാൾ കറണ്ട് അക്കൗണ്ട് കമ്മി വർധിക്കും. കയറ്റിറക്കുമതിയിലെ അന്തരം വർധിക്കുന്നതു വഴിയാണിത്. നാണ്യപ്പെരുപ്പവും വർധിക്കുന്നു.
ഒരു വർഷത്തിനിടയിൽ വ്യാപാര കമ്മി 5.6 ശതമാനം കൂടിയെന്നാണ് കണക്കുകൾ. ബാങ്കിങ് രംഗത്തെ പ്രസരിപ്പും ചോർന്നു.
ബാങ്കിങ് മേഖല മാന്ദ്യം നേരിടുന്നുവെന്നാണ് റിസർവ് ബാങ്കിെൻറ ദ്വൈവാർഷിക സാമ്പത്തിക സ്ഥിരതാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.