നോട്ടുക്ഷാമത്തിൽ റിസർവ് ബാങ്കിനും പങ്ക്
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ രൂക്ഷമായ നോട്ടുക്ഷാമത്തിന് റിസർവ് ബാങ്ക് നിയന്ത്രണം കാരണമായതായി ആക്ഷേപം. കറൻസി നിരോധനത്തിന് ശേഷം റിസർവ് ബാങ്ക് പടിപടിയായി പണ വിതരണം കുറച്ചുകൊണ്ടുവരുകയാണെന്നാണ് സ്ഥിതി വിവരക്കണക്കുകൾ കാണിക്കുന്നത്. റിസർവ് ബാങ്ക് മതിയായ പണം വിതരണം ചെയ്യാത്തതാണ് പണക്ഷാമത്തിന് കാരണമെന്നാണ് പല ബാങ്കുകളും കുറ്റപ്പെടുത്തുന്നത്.
കറൻസി നിരോധനത്തിന് ശേഷം ശരാശരി 10,000 കോടി രൂപയാണ് പ്രതിദിനം വിതരണം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് അത് 6000 കോടിയായും 5000 കോടിയായും വെട്ടിച്ചുരുക്കിയ റിസർവ് ബാങ്ക് ഏതാനും മാസങ്ങളായി 1500 കോടി രൂപ മാത്രമാണ് വിതരണം ചെയ്യുന്നത്. 2000ത്തിേൻറതടക്കമുള്ള ഉയർന്ന മൂല്യമുള്ള കറൻസികൾ അച്ചടിക്കാതെ കുറഞ്ഞ മൂല്യമുള്ള നോട്ടുകളാണ് ഇപ്പോൾ അടിച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്ന് റിസർവ് ബാങ്ക് മുൻ െഡപ്യൂട്ടി ഗവർണർ ആർ. ഗാന്ധി ചൂണ്ടിക്കാട്ടി.
പുതുതായി ഇറക്കിയ 200 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ആവശ്യത്തിന് നൽകിയിട്ടില്ലെന്ന് എ.ടി.എം ഒാപറേറ്റർമാർ കുറ്റപ്പെടുത്തി. ജനങ്ങളുടെ കൈവശമുള്ള പണത്തിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്. 2017 സെപ്റ്റംബറിൽ 14.9 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തെ ജനങ്ങളുടെ കൈവശമുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 17.5 ലക്ഷമായെന്നാണ് കണക്ക്. എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കുന്ന പണത്തിലും ഇൗ വർധനവുണ്ടായിട്ടുണ്ട്. നവംബറിൽ 36,518 കോടി രൂപയാണ് എ.ടി.എമ്മുകളിൽനിന്ന് ജനം പിൻവലിച്ചതെങ്കിൽ, ഇൗ വർഷം ജനുവരിയിൽ അത് 41,102 കോടിയായി ഉയർന്നു.
തെരഞ്ഞെടുപ്പ് കാലമായതിനാൽ വലിയ നോട്ടുകൾ പാർട്ടികൾ ശേഖരിച്ചുവെച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന തരത്തിലുള്ള വിശദീകരണവും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പണത്തിന് ആവശ്യം കൂടാറുണ്ടെന്നാണ് റിസർവ് ബാങ്ക് കണക്കുകളും വ്യക്തമാക്കുന്നത്. 2016 നവംബറിൽ നരേന്ദ്ര മോദി കറൻസി നിരോധനം നടപ്പാക്കിയ സമയത്തുണ്ടായതിന് സമാനമായ സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും പണക്ഷാമം മൂലമുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.