വീണ്ടും ഇടിഞ്ഞ് റബർ വില; 123.50 രൂപ
text_fieldsകോട്ടയം: കർഷകരെ വീണ്ടും കണ്ണീരണിയിച്ച് റബർ വില താഴേക്ക്. 130-132 രൂപവരെ വില ലഭിച്ചിരുന്നത് നാലുരൂപയോളം കുറഞ്ഞ് 126.50 രൂപയിലെത്തി. വ്യാപാരി വില 123.50 രൂപ. ആർ.എസ്.എസ് അഞ്ചാം ഗ്രേഡിന് 118 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിലയും കുറയുകയാണ്. 113 രൂപയാണ് തിങ്കളാഴ്ചത്തെ അന്താരാഷ്ട്ര വില.
ആഭ്യന്തര, അന്താരാഷ്ട്ര വില ഒന്നുപോലെ ഇടിയുന്നത് കർഷകരെ ദുരിതത്തിലാക്കി. നിലവിൽ വരവും ചെലവും പൊരുത്തപ്പെടാനാകാതെ കർഷകർ നട്ടം തിരിയുന്നു. മറ്റൊരു ആനുകൂല്യവും ലഭിക്കാനില്ലാതെ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റബർ കർഷകർക്കായി കാര്യമായൊന്നും ചെയ്യുന്നുമില്ല. റബർ വില സ്ഥിരത പദ്ധതിയും പ്രഖ്യാപനത്തിൽ ഒതുങ്ങി.
സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച 43 കോടിക്ക് പുറമെ ബജറ്റിൽ കൂടുതൽ തുകവകയിരുത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വിലയിടിവിന് പിന്നിൽ ടയർ ലോബിയുെട ഇടപെടലാണെന്ന് കർഷകരും വിവിധ സംഘടനകളും കച്ചവടക്കാരും ഒന്നുപോലെ ആരോപിക്കുന്നു. അവധിക്കച്ചവടക്കാരുടെ ഇടപെടലും കർഷകർക്ക് വിനയാണ്. 132 രൂപക്ക് കച്ചവടം നടന്നത് ഇപ്പോൾ 126ൽ എത്തിയത് ടയർലോബിയുടെ പിന്മാറ്റമാണെന്നും കർഷകർ പറയുന്നു.
റബർബോർഡിെൻറ വീഴ്ചയും കാർഷിക മേഖലയിൽ പ്രതിസന്ധിക്ക് കാരണമാണ്. പുതിയ ചെയർമാൻ ചുമതലയേറ്റിട്ട് ഒന്നരമാസം കഴിഞ്ഞെങ്കിലും ഇതേവരെ ബോർഡ് ആസ്ഥാനത്ത് എത്തിയിട്ടില്ല. സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് ധനവകുപ്പുമായി റബർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പുതിയ ചെയർമാൻ തയാറായിട്ടില്ല.
ബോർഡിെൻറ തലപ്പത്ത് നാഥനില്ലാത്ത സ്ഥിതിയാണ് ഇപ്പോഴും. എല്ലാം ഇൻചാർജ് ഭരണത്തിലും. ഇതോടെ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകനെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥ. സർക്കാർ ഉടമസ്ഥതയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ടയർഫാക്ടറികളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ വിലസ്ഥിരത ഫണ്ടിലാണ് കർഷകർക്ക് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.