എസ്.ബി.െഎ ലയനം: ബാങ്കുകളുടെ 122 ഒാഫിസുകൾ പൂട്ടും
text_fieldsമുംബൈ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുമായി (എസ്.ബി.െഎ) ലയിക്കുന്നതോടെ അനുബന്ധ ബാങ്കുകളുടെ 122 കേന്ദ്രങ്ങൾ അടച്ചുപൂട്ടും. ഏപ്രിൽ ഒന്നിനാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ബികാനിർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ് എന്നീ അനുബന്ധ ബാങ്കുകൾ എസ്.ബി.െഎയുമായി ലയിക്കുന്നത്.
നിലവിൽ ഇൗ അഞ്ച് ബാങ്കുകൾക്കുമായി രാജ്യത്താകെ 259 കാര്യാലയങ്ങളുണ്ട്. ലയനത്തോടെ ഇവയിൽ മൂന്ന് ബാങ്കുകളുടെ ആസ്ഥാനമടക്കം 122 എണ്ണം പൂട്ടുമെന്നും ആശയക്കുഴപ്പം ഒഴിവാക്കാനും നിയന്ത്രണം എളുപ്പമാക്കാനുമാണ് ഇതെന്നും എസ്.ബി.െഎ മാനേജിങ് ഡയറക്ടർ ദിനേഷ്കുമാർ ഖര പറഞ്ഞു. അടച്ചുപൂട്ടുന്ന കാര്യാലയങ്ങളിൽ 1107 ജീവനക്കാരാണുള്ളത്. അവരിൽ, നിലവിൽ അതതു ബാങ്കുകൾ പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതി സ്വീകാര്യമല്ലാത്തവർക്ക് ലയനത്തോടെ പുതിയ ചുമതലയാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലയനം ഏപ്രിൽ ഒന്നിനാണെങ്കിലും 24ന് ശേഷമാകും 122 ഒാഫിസുകളുടെ അടച്ചുപൂട്ടൽ. ബാങ്കുകളുടെ ഒാഡിറ്റിങ്ങിനും ഉപഭോക്താക്കളുടെ വിവരങ്ങളുടെ കൈമാറ്റത്തിനും ശേഷമാകുമിത്. മൂന്ന് ബാങ്കുകളുടെ ആസ്ഥാന കാര്യാലയത്തിന് പുറമെ 27 സോണൽ, 81 റീജനൽ, 11 നെറ്റ്വർക്ക് ഒാഫിസുകൾക്കാണ് പൂട്ടുവീഴുക. ശേഷിക്കുന്ന 137 ഒാഫിസുകളടക്കം ഇതോടെ എസ്.ബി.െഎയുടെ കാര്യാലയങ്ങൾ 687 ആയി വർധിക്കും.
ലയനത്തോടെ എസ്.ബി.െഎയുടെ മൂലധനം 30.72 ലക്ഷം കോടിയിൽനിന്ന് 40 ലക്ഷം കോടിയായി ഉയരുകയും ആഗോള ബാങ്കുകൾക്കിടയിൽ റാങ്ക് 45 ആവുകയും ചെയ്യും. നിലവിൽ, 2016 ഡിസംബർ വരെയുള്ള നിലയനുസരിച്ച് എസ്.ബി.െഎയുടെ റാങ്ക് 64 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.