26,757 കോടി: എസ്.ബി.ഐയിൽ തട്ടിപ്പ് തുക കുമിഞ്ഞുകൂടുന്നു
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്.ബി.ഐ) വൻകിട കോർപറേറ്റുകൾ സാമ്പത്തിക തട്ടിപ്പിനിരയാക്കുന്നതിൽ വൻ ‘കുതിപ്പ്’. 2018ൽ വെറും 146 കോടിയുടെ വെട്ടിപ്പ് റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തിെൻറ ആദ്യ എട്ടുമാസത്തിനിടെ (ഏപ്രിൽ-നവംബർ) നടന്നത് 26,757 കോടി രൂപയുടെ വെട്ടിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം (2019) 10,725 കോടിയുടെ തട്ടിപ്പും നടന്നു. കണക്കനുസരിച്ച് തൊട്ടു മുൻവർഷത്തെക്കാൾ ഈ വർഷം കൃത്രിമം നടന്ന തുകയിൽ മൂന്നിരട്ടിക്കടുത്ത് വർധനയുണ്ടായി. എസ്.ബി.ഐ കാർഡ്സിെൻറ ഓഹരി വിൽപനയോടനുബന്ധിച്ച് പുറത്തുവിട്ട രേഖകളിലാണ് ഈ വിവരം.48 തട്ടിപ്പ് കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 25, 2018ൽ18 എന്നിങ്ങനെയും. 100 കോടി രൂപ വരെയുള്ള വെട്ടിപ്പുകളും എസ്.ബി.ഐ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കമ്പനികൾ തട്ടിയെടുത്ത തുക ഇപ്പോഴാണ് പുറത്തുവരുന്നതെങ്കിലും ഇതെല്ലാം നേരേത്ത നടന്നതാണെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോർപറേറ്റ് സാമ്പത്തിക ഇടപാട്, തട്ടിപ്പിെൻറ ഗണത്തിലേക്ക് മാറാൻ ചുരുങ്ങിയത് 55 മാസമെങ്കിലും എടുക്കുമെന്നാണ് റിസർവ് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നത്. വായ്പയെടുത്ത് തിരിച്ചടക്കാത്തതാണ് ഏറ്റവുമധികം നടക്കുന്ന തട്ടിപ്പ് രീതി. ദീർഘകാലം കിട്ടാക്കടമായി കണക്കാക്കിയിരുന്ന തുകയാണ് പിന്നീട് തട്ടിപ്പ് ഇനത്തിലേക്ക് ബാങ്കുകൾ മാറ്റുന്നത്. ഇതുസംബന്ധിച്ച കൂടുതൽ കേസുകൾ തീർപ്പാകുന്ന മുറക്ക് തുക ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. മറ്റ് ബാങ്കുകളും സമാനരീതിയിൽ വഞ്ചനക്കിരയാകുന്നുണ്ട്. 2019ലെ ആദ്യ എട്ടുമാസക്കാലം രാജ്യത്തെ മൊത്തം ബാങ്കുകൾ 95,760 കോടി രൂപയുടെ കബളിപ്പിക്കലിന് ഇരയായതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ രാജ്യസഭയിൽ പറഞ്ഞിരുന്നു.
എസ്.ബി.ഐ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വെട്ടിപ്പ് നടന്നത് പഞ്ചാബ് നാഷനൽ ബാങ്കിലാണ്. ബാങ്കുകൾ നടപടി ശക്തിപ്പെടുത്തിയതിനെ തുടർന്ന് നിരവധി വൻകിട കമ്പനികൾ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്. ഐ.എൽ ആൻഡ് എഫ്.എസ്, ഡി.എച്ച്.എഫ്.എൽ, ഭൂഷൺ പവർ ആൻഡ് സ്റ്റീൽ എന്നിവയുടെ കോടികൾ വരുന്ന തുക കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു. ഇവർക്കെതിരെ കേസുകൾ തുടരുകയാണ്. കിട്ടാക്കടമായി മാറിയ അക്കൗണ്ടിനെ തട്ടിപ്പ് ഇനത്തിലേക്ക് മാറ്റണമെങ്കിൽ അതിെൻറ നഷ്ടത്തിന് ആനുപാതികമായ തുക ബാങ്കുകൾ പ്രത്യേകം വകയിരുത്തണമെന്നും വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.