കോവിഡ് ഭീതി: ആറു ബാങ്ക് ശാഖകൾ അടച്ചു
text_fieldsതൃശൂർ: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ആറു ബാങ്ക് ശാഖകൾ അടച്ചു. മറ്റ് ശാഖകളിലെ ജീവനക്കാർ കനത്ത ആശങ്കയിലാണ്. സംസ്ഥാനത്ത് 6500 ഒാളം ബാങ്ക് ശാഖകളുണ്ട്. പുതിയ സാഹചര്യത്തിൽ ഇടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ക്ലസ്റ്റർ സമ്പ്രദായമെങ്കിലും വേണമെന്ന് ജീവനക്കാരുടെ സംഘടനകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, ആർ.ബി.ഐ എന്നിവയോടും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
എസ്.ബി.ഐ യുടെ കാസർകോട് സി.പി.സി.ആർ.ഐ (സെൻട്രൽ പ്ലാേൻറഷൻ കോർപറേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) എറണാകുളത്തെ വല്ലാർപാടം, അടൂരിലെ പി.ബി.ബി (പേഴ്സനൽ ബാങ്കിങ് ബ്രാഞ്ച്), എം.സി റോഡ്, കൊല്ലം എടമൺ ഫെഡറൽ, പാലക്കാട് കാരാകുർശി കനറാ എന്നിവയാണ് അടച്ച ശാഖകൾ. ഇവിടങ്ങളിലെ ജീവനക്കാരെല്ലാം 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലാണ്.
സാമൂഹിക ക്ഷേമപെൻഷൻ, ശമ്പളം, പെൻഷൻ എന്നിവ വിതരണം തുടങ്ങിയതിന് പിന്നാലെ കേന്ദ്രസർക്കാറിെൻറ ക്ഷേമപദ്ധതി വിഹിതവും പ്രഖ്യാപിച്ചതോടെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ അനിയന്ത്രിത തിരക്കാണ്. സാമൂഹിക അകലം പാലിക്കുന്നതുപോയിട്ട് കൂടിനിൽക്കുന്നവരെ മാറ്റിനിർത്താൻപോലും ആകുന്നില്ല. പൊലീസിനെ വിന്യസിക്കുന്നതും നടന്നിട്ടില്ല.
ക്ലസ്റ്റർ സമ്പ്രദായം ഉന്നയിച്ചതിനിടെയാണ് എല്ലാ ശാഖകളും പൂർണസമയം പ്രവർത്തിപ്പിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടത്. കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അനുവദിച്ച 10 മുതൽ രണ്ടുവരെ എന്ന സമയം കഴിഞ്ഞ ദിവസം പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.