കാർഷിക മേഖലയുടെ നാശം: സംസ്ഥാന സമ്പദ്ഘടന തകർന്നെന്ന് റിപ്പോർട്ട്
text_fieldsകോട്ടയം: മഴക്കെടുതിയിൽ സംസ്ഥാനത്തെ കാർഷിക മേഖലക്കുണ്ടായത് കനത്ത നാശം. കാർഷിക വായ്പക്ക് മൊറേട്ടാറിയമടക്കം നിരവധി ആശ്വാസ പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും കെടുതി കേരളത്തിെൻറ സമ്പദ്ഘടനയുെട നെട്ടല്ല് തകർത്തെന്നാണ് കാർഷിക മേഖലയിൽനിന്നുള്ള റിപ്പോർട്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ മലയോര മേഖലകളിലാണ് നാശമേറെ. ഇവിടെ കാർഷികവിളകൾ മിക്കതും തകർന്നടിഞ്ഞു. കനത്ത പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കേരളത്തിെൻറ നെല്ലറകളായ പാലക്കാടിനെയും കുട്ടനാടിെനയും ഇല്ലാതാക്കി. കുറഞ്ഞത് അമ്പതിനായിരത്തോളം ഹെക്ടറിൽ കൃഷി നശിച്ചു. പതിനായിരത്തോളം ഹെക്ടറിലെ നെൽകൃഷി ഒലിച്ചുപോയി. തരിശുഭൂമിയിൽ നടത്തിയ കൃഷിയും വെള്ളത്തിലായി. വെള്ളം ഇറങ്ങാൻ ൈവകുന്തോറും ശേഷിക്കുന്നവ ചീഞ്ഞുനശിക്കും. മൂന്നുലക്ഷത്തോളം കർഷകർ സർവതും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് അടുത്ത ഏതാനും വർഷത്തേക്ക് അവശ്യസാധനങ്ങളുടെ ലഭ്യതക്കായി കോടികൾ മുടക്കേണ്ടിവരും. പൊതുവിപണയിൽ പൂർണ ഇടപെടൽ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇതിനെല്ലാം വെല്ലുവിളിയാണ്. നാശം നേരിട്ട മേഖലകളിൽ അടുത്ത ഏതാനും വർഷത്തേക്ക് കൃഷിനടത്താനുള്ള സാധ്യതകളും കാണുന്നില്ല. എല്ലാം ഒന്നിൽനിന്നും തുടങ്ങേണ്ട സാഹചര്യവുമുണ്ട്. ഉരുൾപൊട്ടൽ മാത്രം 5000 ഹെക്ടർ കൃഷിഭൂമി ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ. വിളനാശവും വ്യാപകമാണ്. റബർ, കുരുമളക്, ഏലം എന്നിവക്കുണ്ടായ നാശം തിട്ടപ്പെടുത്താവുന്നതിനും അപ്പുറമാണ്.
നിലവിൽ സർക്കാർ ഏജൻസികൾ കണക്കാക്കിയ നഷ്ടം പ്രാഥമിക കണക്കുകൾ മാത്രമാണ്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച കണക്കിൽ നഷ്ടം 13,000 കോടിയാണ്. പൂർണ കണക്ക് പുറത്തുവരുേമ്പാൾ ഇതിലുമേറെയായിരിക്കുമെന്ന് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മഴ മൂന്നാഴ്ച നീണ്ടപ്പോൾ പലയിനങ്ങൾക്കും വൻ വിലവർധനയുണ്ടായി. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും 50 ശതമാനം വരെ വിലവർധിച്ചു. ഇനി വരാനിരിക്കുന്നത് ഇതിലും കടുത്ത പ്രതിസന്ധിയാവുമെന്ന് സാമ്പത്തിക മേഖലയിലുള്ളവർ പറയുന്നു. വ്യാപകമായി റബർ മരങ്ങൾ കടപുഴകിയിട്ടുണ്ട്. റബർ ക്ഷാമം ചൂണ്ടിക്കാട്ടി ടയർ ലോബി റബർ ഇറക്കുമതി വ്യാപകമാക്കുമെന്ന ആശങ്കയും ശക്തമാണ്. നിലവിൽ റബർ ഉൽപാദനം 30-40 ശതമാനം വരെ കുറഞ്ഞു. പുതുകൃഷിയും ആവർത്തനകൃഷിയും നിലച്ചിരിക്കുകയാണ്. റബർ ബോർഡും പ്രതിസന്ധിയിലാണ്. ഇത് കർഷകരെ ആശങ്കപ്പെടുത്തുന്നു. പച്ചക്കറിക്കുണ്ടായ നാശം തിട്ടപ്പെടുത്താവുന്നതിലും അപ്പുറമാണെന്ന് കർഷകർ പറയുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ സുഗന്ധവ്യഞ്ജന വിളകളുടെ നഷ്ടം തിട്ടപ്പെടുത്തുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.